April 2010

whosonline
ഇപ്പോള്‍ 25 പേര്‍ രിസാല സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു

അമ്പിളി പിളര്‍ന്ന് കൂടുന്നു

ലേഖനം: കെ അബൂബക്കര്‍

"നിക്കും നാളില്‍ നബി ചൊക്കര്‍ ചന്ദിര

 നളയ്ത്തദ് ഇന്ദെ മലയാളമില്‍

നിണ്ടു കണ്ട് അജബിദെണ്ടു കൊണ്ട്

യെനവെ തേടിനാടി പദി ചേരമാന്‍

മക്കയില്‍ നബിയുദിത്ത് പെരു

മുഅ്ജിസാതും വാര്‍ത്ത പരമാര്‍ത്തമായ്

മന്നില്‍ ചോദി കദിര്‍ പോല്‍ പരന്ദക

മറിന്ദ് ബേന്ദരും ഒരുക്കമായ്''

ആകാശപ്പരപ്പില്‍ ഒടുങ്ങാത്ത കൌതുകമായി കടന്നുവരാറുള്ള അമ്പിളിയമ്മാവന്‍ ഒരുനാള്‍ ദൈവദൂതരുടെ ദൌത്യത്തിന്റെ സത്യസ്ഥിതി സാക്ഷ്യപ്പെടുത്താനുള്ള ഉപാധിയായിത്തീര്‍ന്നു. അതുവഴി അറബിക്കടലിന്റെ ഇങ്ങേക്കരയില്‍ ഉണ്ടായ അത്ഭുതകരങ്ങളായ സംഭവവികാസങ്ങള്‍ ചുരുക്കി അടക്കിയ വരികളാണ് മുകളിലുദ്ധരിച്ചത്. (മലപ്പുറം പടപ്പാട്ട്, ഇശല്‍ (8) ആദിതന്‍ പിരിശം).

'അക്കാലത്ത് മുത്ത്നബി ചന്ദ്രനെ പിളര്‍ത്തത് ഇവിടെ മലയാളക്കരയില്‍നിന്ന് കണ്ട്, അത്ഭുതപ്പെടുകയും അതെന്തുകൊണ്ടെന്ന് അന്വേഷിക്കുകയും ചെയ്തു, നാടുവാഴുന്ന ചേരമാന്‍ പെരുമാള്‍. മക്കയില്‍ നബിയുദിച്ചതും അമാനുഷികകൃത്യങ്ങള്‍ ഏറെ കാണിച്ചതുമായ വാര്‍ത്ത സൂര്യപ്രകാശംപോലെ നാട്ടില്‍ പരന്ന കാര്യം അറിഞ്ഞ് വാഴുന്നവരും ഒരുങ്ങി.' അക്കഥ ഇങ്ങനെയാണ് വൈദ്യര്‍ സംക്ഷേപിച്ചത്.

ചരിത്രാഖ്യാനത്തിലെ നിര്‍ണായകസംഭവമായ മുത്തുനബിയുടെ ഹിജ്റക്ക് അഞ്ചാണ്ടുമുമ്പാണ് അമ്പിളിപ്പിളര്‍പ്പുണ്ടാകുന്നത്. തിരുനബിയുടെ അനുചരസംഘത്തിലെ പ്രമുഖാംഗങ്ങളായ അലി, ഇബ്നു മസ്ഊദ്, അനസ്, ഇബ്നു ഉമര്‍, ഇബ്നു അബ്ബാസ്, ഹുദൈഫ, ജുറയ്റുബ്നു മുത്വ്ഇം തുടങ്ങിയവര്‍ അത് നിവേദനം ചെയ്തിട്ടുമുണ്ട്. തിരുനബിയുടെ കാലത്ത് ഒരു നാള്‍ രാത്രിയില്‍ ചന്ദ്രന്‍ രണ്ടു പിളര്‍പ്പാവുകയും മലയുടെ ഇരു ഭാഗത്തായി കാണപ്പെടുകയുമുണ്ടായി. ആ നിവേദനങ്ങളെ മൊത്തത്തില്‍ വായിച്ചെടുക്കാവുന്നതിങ്ങനെയാണ്.

അമ്പിളിപ്പിളര്‍പ്പിന്റെ മേല്‍ച്ചൊന്നതരം ചരിത്രാനുഭവ വിവരണങ്ങളെ വിശുദ്ധഖുര്‍ആന്റെ ആത്മീയരേഖ സാക്ഷ്യപ്പെടുത്തുന്നതു കാണാം. ഖുര്‍ആനിലെ അമ്പത്തിനാലാമതു സൂറത് അല്‍ഖ്വമര്‍ ആരംഭിക്കുന്നത് ചന്ദ്രന്‍ പിളര്‍ന്ന സംഭവത്തെ ദൃഷ്ടാന്തമായി ഉദ്ധരിച്ചുകൊണ്ടാണ്.  മുത്തുറസൂലിന്റെ ദൌത്യത്തെക്കുറിച്ച് സംശയിച്ചു നില്‍ക്കുന്നവരെ ബോധ്യപ്പെടുത്താന്‍ കാണിച്ച അത്ഭുതപ്രവൃത്തിയായാണ് ആദ്യകാലം മുതലേ മേല്‍പറഞ്ഞ ഖുര്‍ആന്‍ വാക്യം വ്യാഖ്യാനിക്കപ്പെട്ടുവന്നത്.

വൈദ്യര്‍ തന്റെ കാവ്യത്തില്‍ അത്തരം ഒരു രംഗം ആവിഷ്കരിക്കുന്നതിങ്ങനെയാണ് : നബിയെയും നബിമതത്തെയും നശിപ്പിക്കാനുള്ള നിശ്ചയത്തില്‍ അബൂജഹല്‍ നടത്തിയ നീക്കങ്ങള്‍ പലതും പരാജയപ്പെട്ടു. ഒടുക്കം ഗാഢമായ ആലോചനക്കൊടുവില്‍ മുസ്തഫാ നബിക്കെതിരെ സഹായം തേടിക്കൊണ്ട് ദിംശിക്വിലെ ഹബീബ് രാജാവിന്ന്  എഴുത്തയച്ചു അബൂ ജഹ്ല്‍. കത്തുവായിച്ച് സത്യസ്ഥിതി അറിയാനായി ഹബീബ് രാജാവ് തിരുനബിയുമായി നേരില്‍ സംസാരിച്ച് നേരറിഞ്ഞു. അങ്ങോര്‍ നബിതങ്ങളോട് ആവശ്യപ്പെട്ടത് അമ്പിളിയെ ഇരു പൊളിയാക്കി കാണിക്കാനായിരുന്നു.

"ബരികെ അമ്മദി രണ്ടു

പിളര്‍പ്പായി പിളര്‍ന്ദുങ്കള്‍

ബീരിദ ക്വമീസ്വുള്ളില്‍

കടന്ദ് കൈകള്‍-ചട്ടയ്

ബീളിയെളുവാന്‍ പടുവാനിലും

പോയു ശര്‍വായിടണം-

ബിലമായ് അദ് ഗര്‍ബിനില്‍ മറയണം

മുറികൂടി ഒരു മദിയായ്''.

(മലപ്പുറം പട. ഇശല്‍ 4 കൊമ്പ് നടുചാട്ട് മുറുക്കം പുനമടക്ക്)

ഹബീബ് രാജാവിന്റെ ആവശ്യം മാനിച്ച് അന്ത്യദൂതര്‍ കാണിച്ച അത്ഭുതക്കാഴ്ചയായാണ് അമ്പിളിപ്പിളര്‍പ്പു സംഭവം വൈദ്യര്‍ അവതരിപ്പിക്കുന്നത്.

'അന്നേദിവസം പിളര്‍ക്കപ്പെടാത്ത നിലയില്‍ ചന്ദ്രനെ കണ്ടതായി ഭൂമിയിലെ ഒരു ജനതയില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടില്ല' എന്ന് ഖാളി ഇയാള് വാദിക്കുന്നുണ്ട്. ക്വറ്റക്കാരനായ അദ്ദേഹം ഇതേ സംഭവത്തിന്റെ പേരില്‍ നമ്മുടെ നാട്ടിലുള്ള പാരമ്പര്യത്തെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ ഇടയില്ല. അഥവാ അതറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം ഏറെ ആഹ്ളാദിച്ചേനേ. ചന്ദ്രന്‍ പിളര്‍ന്നത് കാണുകയും വിശ്വസ്തകേന്ദ്രങ്ങളില്‍നിന്ന് മക്കയിലെ സംഭവവികാസങ്ങള്‍ മനസ്സിലാക്കുകയും  ചെയ്ത നാടുവാഴുന്ന പെരുമാള്‍ ഇസ്ലാം സ്വീകരിക്കുകയുണ്ടായി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ മുസ്ലിം സമൂഹത്തിന്റെ തുടക്കം ഈ അത്ഭുത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രൂപപ്പെട്ടത്. 'ക്വിസ്സതു ശക്റവര്‍ത്തി ഫര്‍മാള്'' എന്ന പേരിലുള്ള പില്കാല മധ്യകാലഘട്ടത്തിലെ ഒരു അറബി കൃതിയില്‍ ഇക്കഥ രേഖപ്പെടുത്തിയിട്ടുണ്ടത്രെ. കോട്ടയിലെ ഒരു (ഹിന്ദു) രജപുത്ര രാജാവിന്റെ കൊട്ടാരത്തിലെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പാതിയില്‍ ചെയ്ത ഒരു മിനിയേച്ചര്‍ പെയ്ന്റിംഗില്‍ സകലവിശദാംശങ്ങളോടെയും ചന്ദ്രന്റെ പിളര്‍പ്പ് ചിത്രീകരിക്കപ്പെട്ടിരുന്നുവെന്നത് എത്ര ആശ്ചര്യകരമാണ്. ഹൈദരാബാദിലെ ജഗദീഷ് ആന്റ് കമലാ മിത്തല്‍ മ്യൂസിയത്തില്‍ ഇതിന്റെ പകര്‍പ്പ് കാണാമത്രെ.

മുത്തുനബിയെ കവികുലം സൂര്യനായി വിശേഷിപ്പിച്ചിട്ടുണ്ട്. അല്ലെങ്കില്‍ പ്രഭാതപ്രകാശമായി. അതിനാല്‍ 'സൂര്യന്‍ ചന്ദ്രനെ രണ്ടായി പിളര്‍ത്തേ പറ്റൂ' എന്ന സാനായിയുടെ കാവ്യപ്രസ്താവന തികച്ചും സ്വാഭാവികമാണ്. (ദീവാന്‍ - പുറം 377) സിന്ധി, പഞ്ചാബി, സ്വാഹിലി തുടങ്ങിയ ഭാഷകളിലെ ജനകീയ കവിതകളിലും ചന്ദ്രന്‍ പിളര്‍ന്ന സംഭവം ആവേശത്തോട പുനരാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്.

യുക്തിബോധം മേല്‍ക്കൈ നേടിയ മനസ്സുകള്‍ക്ക് അമ്പിളിപ്പിളര്‍പ്പ് എളുപ്പത്തില്‍ ദഹിക്കുന്ന ഒന്നല്ല. അത് വിശദീകരിക്കാന്‍ അവര്‍ വല്ലാതെ പാടുപെടുന്നുണ്ട്. അതിനാല്‍ വഴിമാറി വ്യാഖ്യാനിക്കുകയായിരുന്നു അവരുടെ വഴി. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയില്‍ പ്രസിദ്ധനായ പരിഷ്കര്‍ത്താവ് ശാഹ്വലിയുല്ലാഹ് മികച്ച ഉദാഹരണമാണ്. 'പുകകാരണം തോന്നിയതാവാമത്. അല്ലെങ്കില്‍ ഒരു നക്ഷത്ര പതനം കാരണം; കാര്‍മേഘത്താല്‍ ചാന്ദ്രഗ്രഹണം  വഴി ചന്ദ്രന്‍ രണ്ടായി പിളര്‍ക്കപ്പെട്ടതായി തോന്നിയതാകാം.' ഇതൊക്കെയാണ് വിശകലന വേളയില്‍ ശാഹ്വലിയുല്ലാഹ് കണ്ടെത്തുന്ന സാധ്യതകള്‍. എന്നാല്‍ പ്രവാചകനെ പ്രകീര്‍ത്തിച്ചുകൊണ്ട് അറബിയില്‍ എഴുതിയ കവിതയില്‍ നൂറുകണക്കിന് ഭക്തകവികള്‍ മുമ്പേ ചെയ്തതിനോട് കൂറുപ്രഖ്യാപിക്കുക തന്നെയാണ് അദ്ദേഹവും ചെയ്യുന്നത്. മുത്ത് നബിയുടെ മഹത്വത്തിന്റെ തെളിവായി അമ്പിളിയെ പിളര്‍ന്ന കാര്യം ഉദ്ധരിക്കുന്നു.

റൂമി ചോദിക്കുന്നുണ്ട് :

"നിനക്കറിയുമോ

അമ്പിളിപിളര്‍ക്കപ്പെട്ടത്

എങ്ങനെയാണെന്ന്?

മുസ്വ്ത്വഫായുടെ

മുഖത്തോടുള്ള

കൊതികാരണം.

ചന്ദ്രന്‍

അവളുടെ കുപ്പായം

കീറിയപ്പോള്‍

തന്റെ

മാറും കീറിപ്പോയി.''

(ദീവാന്‍ ന.436)

പ്രവാചകന്റെ വിരലിനാല്‍ 'പിളര്‍ക്കപ്പെടുക തന്നെയായിരുന്നു', നിസ്സാരമായ അമ്പിളിക്ക് നേടാമായിരുന്ന പരമാനന്ദമെന്നും റൂമി പറയുന്നുണ്ട്. ഈ ആശയത്തെ അതി സങ്കീര്‍ണമായ രീതിയിലാണ് ജാമി വിപുലീകരിക്കുന്നത്. പതിവുപോലെ അറബി അക്ഷരങ്ങളുടെ രൂപവും അക്ഷരവിലയും ഉപയോഗിച്ചാണ് അദ്ദേഹം അത് നിര്‍വഹിക്കുന്നത്. പൂര്‍ണചന്ദ്രന്‍  വര്‍ത്തുളാകൃതിയിലുള്ള മീമിനെ ഓര്‍മിപ്പിക്കുന്നു.  അതിന്റെ അക്ഷരവില വെറും നാല്പതു മാത്രം. പൂര്‍ണ്ണചന്ദ്രനെ പ്രവാചകന്‍ പിളര്‍ന്നപ്പോള്‍ 'നൂന്‍' ആകൃതിയിലുള്ള രണ്ട് ബാലചന്ദ്രാരാണ് ഉണ്ടായത്. അവയിലോരോന്നിനും കല്പിക്കുന്ന അക്ഷരവിലയാകട്ടെ അമ്പതുവീതമാണ്. അങ്ങനെ അമ്പിളിയുടെ വില ഈ അത്ഭുതം വഴി ഏറെ ഏറിയിരിക്കുന്നു. (ഹഫ്തെ ഔറംഗീ-ലെ യൂസുഫൊ സുലൈഖ. പുറം 585)

റൂമിയെ തന്നെ ഉദ്ധരിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം :

"ഈ അത്ഭുതത്തില്‍ വിശ്വസിക്കുന്ന

ജ്യോതിശാസ്ത്രജ്ഞന്‍ ചിരിച്ചേക്കാം,

തന്റെ തൊഴിലിനെക്കുറിച്ചോര്‍ത്ത്,

സൂര്യചന്ദ്രാരെയോര്‍ത്തും.

നിരക്ഷരനായ അഹ്മദിന്റെ വിദ്യാലയത്തില്‍

അഭ്യസിച്ച ഏതൊരാളെയും പോല്‍

പരിഹസിച്ചേക്കാം അവര്‍ ജ്ഞാനകലകളെ.''

ചന്ദ്രനെ പിളര്‍ത്ത പ്രവാചകക്രിയയുടെ പശ്ചാത്തലത്തില്‍ പ്രപഞ്ചത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിലെ മണ്ടത്തരത്തെ ചൂണ്ടിക്കാട്ടുകയാണ് റൂമി; അക്ഷരം പഠിക്കാത്ത മുത്ത് മുസ്വ്ത്വഫായുടെ ജ്ഞാനമഹിമയെ വാഴ്ത്തുകയും.