April 2010

whosonline
ഇപ്പോള്‍ 9 പേര്‍ രിസാല സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു

അവര്‍ പണിക്കരുടെ മുമ്പില്‍ കുമ്പിടട്ടെ

കാണാപുറം: ശാഹിദ്

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലെ 'ഷോ ബോയികളായ' (അബ്ദുല്‍ കലാം ആസാദിനെക്കുറിച്ചുള്ള മുഹമ്മദലി ജിന്നയുടെ പ്രയോഗം കടമെടുക്കട്ടെ) മുസ്ലിംനേതാക്കളുടെ ജീവിതനിയോഗം എക്കാലത്തും ദാസ്യത്തിന്റെതായിരുന്നു. അബ്ദുന്നാസര്‍മഅ്ദനിയെക്കുറിച്ച് നാറിയ നാലു തെറിവാക്കുകള്‍ കേരളത്തിലെ കോണ്‍ഗ്രസിന് വച്ചുകാച്ചണമെങ്കില്‍ ആ ദൌത്യം ഏല്‍പിക്കുക എം എം ഹസനെയോ എം ഐ ഷാനവാസിനെയോ തലേക്കുന്നില്‍ ബഷീറിനെയോ ആയിരിക്കും. മുള്ളുകൊണ്ട് മുള്ളെടുക്കുന്ന തങ്ങളുടെ ചാണക്യസൂത്രം മണ്ടന്‍ മാപ്പിളമാര്‍ക്ക് മനസ്സിലാവൂല എന്നാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമൊക്കെ വിചാരിക്കുന്നുണ്ടാവുക. മുസ്ലിംസമുദായത്തിന് ഹിതകരമല്ലാത്തത് മുസ്ലിംകളെക്കൊണ്ടുതന്നെ പറയിപ്പിച്ച് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് ലവലേശം ഊനംതട്ടാതെ നോക്കുന്ന ആണത്തമില്ലാത്ത ഏര്‍പ്പാടാണിതെന്ന് ഇവരാരും മനസ്സിലാക്കാറില്ല. ഈ രാഷ്ട്രീയാശ്ളീലതയുടെ ഓക്കാനം വരുന്ന കാഴ്ച ഈയിടെ കണ്ടത് പെരുന്നയില്‍, നായര്‍ സര്‍വീസ് സൊസൈറ്റി ആസ്ഥാനത്ത്, മന്നം ജയന്തി സമ്മേളനത്തില്‍ നായാര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ സംവരണം നല്‍കണമെന്ന് പ്രമേയം പാസായതിന്റെ പിറ്റേന്നാളിലാണ്. എന്‍എസ്എസിന്റെ ഭരണഘടനാവിരുദ്ധവും സാമൂഹികനീതിക്ക് നിരക്കാത്തതും യുക്തിഹീനവുമായ ഡിമാന്റ് കേള്‍ക്കേണ്ട താമസം പിണറായി സഖാവ് പാലൊളി മുഹമ്മദ്കുട്ടിയുടെയും ചെന്നിത്തല രമേശന്‍ നായര്‍ എം എം ഹസന്റെയും ആത്മാക്കളെ പെരുന്നയിലേക്ക് പറപ്പിച്ചു. പുരോഗമന സഖാക്കള്‍ക്ക് പറയാനുണ്ടായിരുന്നത് ഇത്രമാത്രമാണ്. എന്‍എസ്എസ് വാദിക്കുന്ന സാമ്പത്തികസംവരണം ന്യായവും പരിഗണനാര്‍ഹവും ആര്‍ക്കും നിരാകരിക്കാന്‍ പറ്റാത്തതുമാണ്. നായാരായി ജനിച്ചുപോയതുകൊണ്ട് ഈഴവര്‍ക്കും മാപ്പിളമാര്‍ക്കും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ ഞങ്ങള്‍ വിടൂല. എം എം ഹസനാവട്ടെ ഒരു പടി മുന്നില്‍ കടന്ന്, തങ്ങളുടെ ഭരണക്കൂറു കച്ചവടക്കാരായ പി കെ കുഞ്ഞാലിക്കുട്ടിയെ കാലുകൊണ്ട് തൊഴിക്കുംപോലെ അഭിനയിച്ച് ഒരു മഹാവിളംബരം നടത്തി. മുസ്ലിംലീഗ് എന്തുപറഞ്ഞാലും ശരി നായാര്‍ ആവശ്യപ്പെടുന്നത് വകവച്ചുകൊടുക്കാതിരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. സാമ്പത്തികസംവരണം കട്ടായം! മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ കണ്ണീരൊപ്പിയേ ഇനി അധികാരക്കസേരയിലേക്കുള്ളൂ.

പെരുന്നയില്‍നിന്ന് നായാര്‍ തട്ടിയ ബോള്‍ ഇടതു-വലതു ഗോള്‍പോസ്റില്‍ ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുന്നതു കണ്ട ഡിവൈഎഫ്ഐ വിപ്ളവക്കുട്ടികളുണ്ടോ നോക്കിയിരിക്കുന്നു? പഞ്ചസാരയുടെ വിലക്കയറ്റവും മണലിന്റെ കൊടുംക്ഷാമവും സാമ്രാജ്യത്വത്തിന്റെ ഇരച്ചുകയറ്റവും മുതലാളിത്തത്തിന്റെ നീരാളിപ്പിടുത്തവുമൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടാഞ്ഞിട്ടും നായാരുടെ നെടുങ്കന്‍ഭീഷണിക്ക് ഉത്തരം നല്‍കി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസമേഖലകളില്‍ സംവരണം നല്‍കണമെന്ന് ഏകകണ്ഠമായി പ്രമേയം പാസ്സാക്കി. ഏതെങ്കിലും പഠനത്തിന്റെ അടിസ്ഥാനത്തിലാണോ മുന്നാക്കക്കാര്‍ക്ക് സംവരണം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന ചോദ്യത്തിന് ഉത്തരം റെഡി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആധികാരികപഠനം ഇതാവശ്യപ്പെടുന്നുണ്ട്. എല്ലാവരും കൂടി ഒരുമിച്ചിരുന്നെഴുതിയ തിരക്കഥക്കനുസരിച്ചുള്ള ആട്ടമാണ് അരങ്ങേറിയതെന്ന് സാരം. പാവം കുഞ്ഞാലിക്കുട്ടി. അടുത്തവര്‍ഷം ഉപമുഖ്യമന്ത്രിയായി സ്ഥാനാരോഹണം ചെയ്യേണ്ട നമ്മള്‍ ഇന്നലെ പറഞ്ഞത് നായാര്‍ക്ക് പിടിച്ചില്ലേ എന്ന ശങ്കയില്‍ നരേന്ദ്രന്‍കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന മുസീബത്തുമായി നടന്ന കാലത്ത് ആരോ പറഞ്ഞുകൊടുത്ത സംസ്കൃതപദം വീണ്ടും പൊടി തട്ടിയെടുത്തു; 'സമവായം' വേണമെന്നായി പിന്നീടുള്ള ഫത്വ. നായാരും മാര്‍ക്സിസ്റുകാരും കോണ്‍ഗ്രസുകാരും എന്നു വേണ്ട ഭൂമിമലയാളത്തിലെ മുസ്ലിംവിരോധികള്‍ എല്ലാം നമ്മക്കെതിരെ ഒന്നിച്ചിരിക്കുകയാണെന്ന് സ്വയം തീരുമാനിച്ച സമുദായമാവട്ടെ അതോടെ 'എസ് ഒ എസ്' വിളിച്ചു കോഴിക്കോട്ട് ഒരുമിച്ചു പരസ്പരം കെട്ടിപ്പിടിച്ചു. അങ്ങനെ ജാതീകൃത ഉച്ചനീചത്വങ്ങള്‍ക്ക് നിവാരണമായി രാഷ്ട്രശില്‍പികള്‍ വിഭാവനംചെയ്ത സംവരണം എന്ന സാമൂഹികസ്ഥാപനം കേരളത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള വടംവലിയുടെ ഉപാധിയായി അധഃപതിച്ചു. മുമ്പ് കെ കെ രാഘവന്‍ വക്കീലിന്റെയും രാഹുലന്റെയുമൊക്കെ നേതൃത്വത്തില്‍ ഈഴവരും ലത്തീന്‍ കത്തോലിക്കരും മറ്റനവധി അധഃസ്ഥിതവിഭാഗങ്ങളും ഒരുമിച്ചുയര്‍ത്തിയ ശബ്ദം നേര്‍ത്ത് നേര്‍ത്ത് മാപ്പിളകോലാഹലമായി മാറി. അങ്ങനെ, ഒന്നാംറൌണ്ടില്‍ നായാര്‍ വിജയിച്ചുവെന്ന് വിധിയെഴുതാം.

വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമാണ് സംവരണം. അത് സാമുദായികവിഷയമല്ല; മറിച്ച് അത് ഇന്ത്യന്‍ സാമൂഹികവ്യവസ്ഥയുമായി കൂട്ടുപിണഞ്ഞുകിടക്കുന്ന ഭരണഘടനാപരമായ സമസ്യയാണ്. അതില്‍ സാമ്പത്തികമാനം അടിച്ചേല്‍പിച്ചത് സാമൂഹികനീതിയുടെ ദുര്‍ബലമായ ഉപകരണമായെങ്കിലും പ്രയോജനപ്പെട്ട സംവരണത്തിന്റെ കടക്കു കത്തിവയ്ക്കാന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ സവര്‍ണ മേല്‍ക്കോയ്മയാണ്. സഹസ്രാബ്ദങ്ങളായി ജാതിക്കെടുതികള്‍ പേറുന്ന അധഃസ്ഥിതവിഭാഗങ്ങളെ മുഖ്യധാരയോടൊപ്പം കൈപിടിച്ചുയര്‍ത്താന്‍ ഭരണഘടനാശില്‍പികള്‍ രചനാത്മകവിവേചനത്തിന് വ്യവസ്ഥ വച്ചപ്പോള്‍ ഹൈന്ദവസമൂഹത്തിലെ ജാതീയ ഉച്ചനീചത്വങ്ങള്‍ മാത്രമേ മാനദണ്ഡമാക്കിയിരുന്നുള്ളൂ. മണ്ഡല്‍കമ്മീഷന്‍ ആ വിഷയം ഗഹനമായി പഠിക്കുകയും ജാതി എങ്ങനെ ഇന്ത്യന്‍സമൂഹത്തിന്റെ ഘടനാപരമായ വൈകൃതങ്ങളെ സ്വാധീനിച്ചുവെന്ന് കണക്കുകള്‍ നിരത്തി വിശദീകരിക്കുന്നുമുണ്ട്. 1992ല്‍ സുപ്രധാനമായ മണ്ഡല്‍കമ്മീഷന്‍ വിധിയില്‍ 13 അംഗ ഭരണഘടനാ ബെഞ്ച് സംവരണത്തിന് സാമ്പത്തികമല്ല മാനദണ്ഡമെന്ന് അടിവരയിടുകയും ചെയ്തിട്ടുണ്ട്. അതേസമയം, പിന്നാക്ക അധഃസ്ഥിതവിഭാഗങ്ങളില്‍നിന്ന് സാമൂഹികമായും വിദ്യാഭ്യാസപരമായും തൊഴില്‍പരമായും മേല്‍ഗതി പ്രാപിച്ച എണ്ണപ്പാടയെ (ക്രീമിലെയര്‍) മാറ്റിനിര്‍ത്തി വേണം സംവരണം നടപ്പാക്കാനെന്നും ഓര്‍മപ്പെടുത്തി. ക്രീമിലെയര്‍ മാനദണ്ഡംപോലും സംവരണത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരാണെന്ന് ഭരണഘടനാ ബെഞ്ചിലെ ഏതാനും ജഡ്ജിമാരും വിഷയത്തില്‍ അവഗാഹമുള്ള നിയമജ്ഞരും പലവുരു ചൂണ്ടിക്കാട്ടിയതാണ്.

ഭരണഘടനാശില്‍പികളോ പരമോന്നത നീതിപീഠമോ വിഷയം പഠിച്ച ഏതെങ്കിലും കമ്മീഷനോ മുന്നാക്കസമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി നീതി നടപ്പാക്കണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിനു പുറത്ത് സംവരണത്തെ എതിര്‍ക്കുകയും  ഏപ്പോഴെങ്കിലും പിന്നാക്കജാതിക്കാര്‍ക്ക് അനുകൂലമായ തീരുമാനം കോടതിയുടെയോ ഭരണകൂടത്തിന്റെയോ ഭാഗത്തുനിന്നുണ്ടാകുമ്പോള്‍ തെരുവിലിറങ്ങി ആത്മാഹുതിക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന സവര്‍ണകോമരങ്ങള്‍പോലും താഴ്ന്നവര്‍ക്ക് കൊടുക്കരുത് എന്നല്ലാതെ തങ്ങള്‍ക്കും സംവരണം വേണം എന്ന വിഡ്ഢിവാദം ഉയര്‍ത്താറില്ല. കാരണം ഏതെങ്കിലും ഗവണ്‍മെന്റോ പാര്‍ട്ടിയോ വിചാരിച്ചാല്‍ ഔദാര്യമായി നല്‍കാവുന്ന ചക്കാത്തായിരുന്നില്ല ഇതുവരെ സംവരണം എന്നത്. അന്ധ്രയില്‍ ഉദ്യോഗത്തില്‍ മുസ്ലിംകള്‍ക്ക് അഞ്ചുശതമാനം സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ എന്തെല്ലാം കാരണം പറഞ്ഞാണ് ന്യായാസനം അതിനെ അട്ടിമറിച്ചതെന്ന് നാം കണ്ടതല്ലേ? എന്നാല്‍ കേരളത്തില്‍ നീതിപീഠവും നായാരോടൊപ്പമാണെന്നാണ് ഏറ്റവുമൊടുവിലത്തെ വിധിയില്‍നിന്ന് അനുമാനിക്കേണ്ടത്. സര്‍ക്കാര്‍ കോളജുകളിലും സര്‍വകലാശാല വകുപ്പുകളിലും ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍നടപടിയെ സാധൂകരിച്ചുകൊണ്ട് ജസ്റിസുമാരായ എസ് ആര്‍ ബന്നൂര്‍മഠും എ കെ ബഷീറും നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധിച്ചുവോ? നായാരിലെ പാവങ്ങളിലേക്കുകൂടി സംവരണാനുകൂല്യം നീട്ടുന്നതിലപ്പുറം പിന്നാക്കക്കാരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നതിനു മുടന്തന്‍ന്യായം നിരത്തിയിരിക്കുകയാണ്. അമിതമായ ആനുകൂല്യം നല്‍കുന്നത് പിന്നാക്കസമുദായങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുമത്രെ. ആര്‍ക്കാണ് അമിതമായ ആനുകൂല്യം കിട്ടിയിരിക്കുന്നത്? ജസ്റിസ് നരേന്ദ്രന്റെ പഠനത്തിലൂടെ ഇവര്‍ കണ്ണോടിച്ചുനോക്കട്ടെ. ജസ്റിസ് സച്ചാറിന്റെ റിപ്പോര്‍ട്ട് ഒരാവര്‍ത്തി വായിക്കട്ടെ. സംവരണാനുകൂല്യത്തിലൂടെ ഇന്ത്യയിലെ മുസ്ലിംകള്‍ എവിടെയെങ്കിലും മേല്‍ഗതി പ്രാപിക്കാന്‍ മാത്രം നീതി നടപ്പായിട്ടുണ്ടോ? ഇല്ല, അതുകൊണ്ടാണ് വെള്ളാപള്ളി നടേശന്‍ മുതലാളി ഒരക്ഷരം മിണ്ടാത്തത്. ഈഴവര്‍ക്കും തിയ്യാര്‍ക്കും കിട്ടേണ്ടത് മുഴുവനും എന്നല്ല കൂടുതലാണ് കിട്ടിയിരിക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലൂടെ ഒന്നു കറങ്ങിയാല്‍ അത് ബോധ്യപ്പെടും. സെക്രട്ടറിമാരുടെയും ജോ.സെക്രട്ടറിമാരുടെയും എത്ര കസേരകളില്‍ 'ചോകാര്‍' ഇരിപ്പുണ്ട്. അയ്യര്‍, നായര്‍, മേനോന്‍, പണിക്കര്‍ ആദി അഭിജാതകുലജാതരുടെ ഇടയില്‍ ഒരു കമാല്‍കുട്ടിയോ മുഹമ്മദ് ഹനീഷോ ഷാജഹാനോ ഉണ്ടെങ്കില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന് കിട്ടേണ്ട ന്യായമായ പ്രാതിനിധ്യത്തിന്റെ പത്തിലൊരംശം പോലും അതുവരില്ല. പിന്നാക്ക ലേബല്‍ വെടിഞ്ഞ് മുഖ്യധാരയില്‍ മത്സരിക്കാന്‍ സമയമായെന്ന് സമുദായനേതാക്കള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണത്രെ. ഇങ്ങനെ സമയം അതിക്രമിച്ചുവെന്ന് തോന്നുന്നത് പെരുന്നയില്‍നിന്നുള്ള പെരുമ്പറ കേട്ടാണോ? അതല്ല ഏതെങ്കിലും ആധികാരികപഠനത്തിന്റെ പിന്‍ബലത്തിലോ? ചോദിച്ചുപോകരുത്. നൂറ്റാണ്ടുകളായി പുലയനെയും ചെറുമനെയും യാദവനെയും ചോകവരെയും അടിമകളാക്കി നിര്‍ത്തി അധികാരത്തിന്റെ അഗ്രിമസ്ഥാനങ്ങള്‍ കുത്തകയാക്കിവച്ചത്. ചോദ്യങ്ങള്‍ക്കുള്ള അവസരം ഇല്ലാതാക്കിയാണ് സ്റാറ്റസ്കോ നിലനിര്‍ത്തിപ്പോന്നത്. ഒരു പുനര്‍വിചിന്തനത്തിന് സമയം അതിക്രമിച്ചിട്ടുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും ബാധകമാണ്. അന്ത്യനാള്‍വരെ സംവരണം നിലനില്‍ക്കണം എന്നു വാദിക്കുന്നത് മൌഢ്യമാണ്. യശശ്ശരീരനായ സിഎച്ച് മുഹമ്മദ്കോയ യുവാക്കളെ എല്ലായ്പ്പോഴും ഉണര്‍ത്താറുള്ളത് പിന്നാക്കത്തിന്റെ കാവടിയും പേറി എക്കാലവും മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് വിചാരിക്കരുതെന്നായിരുന്നു.

മുസ്ലിംസമൂഹം കേരളത്തില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പോയ കാല്‍നൂറ്റാണ്ടിനിടയില്‍ പുരോഗതി പ്രാപിച്ചിട്ടുണ്ട്. അത് ഇടതു-വലതു സര്‍ക്കാറുകളുടെ അനുതാപപൂര്‍ണമായ തലോടല്‍ കൊണ്ടോ നീതിപീഠങ്ങളുടെ ജാഗ്രവത്തായ ഇടപെടല്‍കൊണ്ടോ സമുദായനേതൃത്വത്തിന്റെ പക്വവും ബുദ്ധിപൂര്‍വുമായ മാര്‍ഗദര്‍ശനംകൊണ്ടോ ഒന്നുമല്ല. പ്രത്യുത, അറേബ്യന്‍മരുഭൂമിയുടെ വന്യതയില്‍ ചോര നീരാക്കി സ്വരുക്കൂട്ടിയ ദീനാറുകളും ദിര്‍ഹമുകളും റിയാലുകളുംകൊണ്ട് മക്കളെ പഠിപ്പിച്ചും മല്‍സരപ്പരീക്ഷകളിലേക്ക് ആട്ടിത്തെളിയിച്ചും ജീവിതസമരത്തില്‍ പങ്കാളികളാവാന്‍ പുതിയ തലമുറയെ പ്രാപ്തരാക്കിയതുകൊണ്ടാണ്. ബഹുമാനപ്പെട്ട ന്യായാധിപാരുടെ ഉപദേശങ്ങള്‍ക്കു നന്ദി! ബിരുദാനന്തര ബിരുദ നിലവാരത്തിലെങ്കിലും മികവുള്ള വിദ്യാര്‍ത്ഥികളുമായി മല്‍സരിച്ചു സീറ്റ് നേടാന്‍ അവര്‍ ഇന്നു പ്രാപ്തരാണ്. പക്ഷേ വ്യവസ്ഥിതി അവന് അര്‍ഹമായ ഇടം നല്കുമെന്ന് ഉറപ്പുകൊടുക്കാന്‍ നീതിപീഠത്തിനു സാധിക്കുമോ? ശാക്തീകരണത്തിന്റെ വഴിയില്‍ അധഃസ്ഥിതന്റെ മുന്നില്‍ ഇപ്പോഴും കടമ്പകള്‍ വലിച്ചിടുന്നത് പഴയ സവര്‍ണമേധാവിത്വമാണെന്ന് കണ്ടെത്താന്‍ വലിയ ഗവേഷണമൊന്നും വേണ്ട. അനീതിയും അസമത്വവും തുടരാന്‍ വ്യവസ്ഥിതിയെ അനുവദിക്കുന്നത് മാന്യത. അതിനെ ചോദ്യം ചെയ്താലോ ജാതിക്കെറുമ്പും വര്‍ഗീയതയും. ഇപ്പോഴത്തെ സംവരണവിവാദത്തിന്റെ അടിയൊഴുക്ക് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍തന്നെ സാമൂഹികനീതിയുടെ പ്രശ്നമായല്ല മറിച്ച് സാമുദായികബലാബലത്തിന്റെ വൃത്തികെട്ട വിലപേശലായി അതിനു വികൃതനാമങ്ങള്‍ കൈവരുന്നതായി കാണാം. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ സങ്കുചിതസൂത്രവാക്യങ്ങളില്‍ ജാതികളും ഉപജാതികളും സമുദായങ്ങളും അവാന്തരവിഭാഗങ്ങളും സമ്മര്‍ദഗ്രൂപ്പുകളായി കച്ചവടമുറപ്പിക്കുമ്പോള്‍ നവഭാരതശില്‍പികള്‍ വിഭാവനംചെയ്ത വലിയ ആശയങ്ങള്‍ ചണ്ടിപണ്ടാരങ്ങളായി കുത്തിയൊലിച്ചു പോവുകയല്ലേ? നിതാന്തജാഗ്രവത്തായ നീതിന്യായവ്യവസ്ഥക്കു മാത്രമേ ഇത്തരം ഘട്ടത്തില്‍ മാനവീയതയുടെ ഉദാത്തതലത്തില്‍നിന്നുകൊണ്ട് സാമൂഹികസമസ്യകളോട് യഥോചിതം പ്രതികരിക്കാനാവൂ. സുപ്രീംകോടതിയുടെ ഇതഃപര്യന്തവിധികള്‍ സസൂക്ഷ്മം പഠിച്ചാണ് അഡ്വ. പൂക്കുഞ്ഞിയുടെ വക്കീല്‍ യുക്തിഭദ്രമായി വാദിച്ചിരുന്നതെങ്കില്‍ ഇപ്പോഴത്തെ വിധിക്ക് പഴുതുണ്ടാകുമായിരുന്നില്ല.

പണ്ട് ഒരു പിന്നാക്ക സംവരണ മുന്നണിയുണ്ടായിരുന്നു കേരളത്തില്‍. അത് ഒരു സെക്കുലര്‍ ബോഡിയാണ്. സംവരണത്തിന് അര്‍ഹതപ്പെട്ട എല്ലാ പിന്നാക്കസമുദായങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ആ സമിതി ഈഴവനേതൃത്വത്തെ മുന്നില്‍നിര്‍ത്തിയാണ് പ്രക്ഷോഭം നടത്തിയിരുന്നത്. എണ്‍പത്തഞ്ച് ശതമാനം വോട്ടര്‍മാരെ പ്രതിനിധാനംചെയ്യുന്ന കൂട്ടായ്മയാണത്. സംസ്ഥാനം ആരു ഭരിക്കണമെന്ന് തീരുമാനിക്കാന്‍ കെല്‍പുള്ള ആ കൂട്ടായ്മയുടെ ഏതെങ്കിലും നേതാവ് ജീവിച്ചിരിപ്പുണ്ടോ എന്ന് നാലകത്ത് സൂപ്പിക്ക് വശമുണ്ടാവും. അവരെ കണ്ടുപിടിച്ച് നായാര്‍ക്കും പിണറായിക്കും ചെന്നിത്തലക്കും എതിരെ പുതിയൊരു മുന്നണിയുണ്ടാകട്ടെ. കുഞ്ഞാലിക്കുട്ടി ഒരു കാര്യം മനസ്സിലാക്കേണ്ടത് സമവായത്തിന്റെ പേരു പറഞ്ഞാണ് നരേന്ദ്രന്‍കമ്മിറ്റി പാക്കേജിലൂടെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചതെന്ന് മുസ്ലിംസമുദായത്തിലെ വിവരമുള്ളവര്‍ മനസ്സിലാക്കിയിരുന്നു എന്നതാണ്. അതുകൊണ്ട് ഇനിയും സമവായം എന്ന അഴകൊഴമ്പന്‍ നയമെടുത്ത് സമയം പാഴാക്കേണ്ട. മതസംഘടനകളെ തങ്ങളുടെ ബാനറിന് പിന്നില്‍ അണിനിരത്താന്‍ കഴിഞ്ഞാല്‍ വോട്ടുറപ്പിക്കാന്‍ സാധിച്ചേക്കാം. പക്ഷേ സംവരണവിഷയത്തില്‍ സമുദായം ഒറ്റക്കുനീങ്ങുന്നത് ആത്മഹത്യാപരമാണ്. സാമുദായികധ്രുവീകരണമല്ല, സവര്‍ണ-അവര്‍ണ ചേരിതിരിവിലാണ് ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയശാക്തീകരണം പുലരേണ്ടത്. പെരുന്നവരെ ചെന്ന് പിണറായിയും ചെന്നിത്തലയുമൊക്കെ നാരായണപണിക്കരുടെ മുമ്പില്‍ കുമ്പിട്ടുകൊള്ളട്ടെ. എന്‍എസ്എസുകാരുടെ വോട്ടിന് കൂടുതല്‍ മൂല്യമൊന്നും ഇല്ലാത്ത സ്ഥിതിക്ക് പിന്നാക്കക്കാരുടെ വോട്ട് കൊണ്ട് യുഡിഎഫിന് അടുത്ത ഊഴം ജയിക്കാന്‍ കഴിയുമെന്ന് ഉറപ്പിച്ചുപറയുക.