April 2010

whosonline
ഇപ്പോള്‍ 25 പേര്‍ രിസാല സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു

കൂച്ചുവിലങ്ങ്: ഇസ്രായേലിലെ മീഡിയ സെന്‍സര്‍ഷിപ്പിനെക്കുറിച്ച്

കവര്‍: കെ സി ശൈജല്‍

ആരാന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും വീട്ടുകാരെ ആട്ടിപ്പുറത്താക്കി അവിടെ താമസമുറപ്പിക്കുകയും പുറമ്പോക്കില്‍ കിടന്ന് നിലവിളിക്കുന്ന വീടിന്റെ അവകാശികള്‍ക്ക് നേരെ കരിങ്കല്ലെടുത്തെറിയുകയും ചെയ്യുന്ന തോന്ന്യാസത്തിന് ആധുനിക ജനാധിപത്യ ചരിത്രത്തില്‍ പറയുന്ന അന്തസ്സാരശൂന്യമായ പേരാണ് ഇസ്രയേല്‍ എന്നത്. ജനാധിപത്യബോധമുള്ള ഏതൊരു മനുഷ്യനെയും അലോസരപ്പെടുത്തിക്കൊണ്ട് ഈ നാഗരികതോന്ന്യാസം അറുപതാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു.

അഡോള്‍ഫ് ഹിറ്റ്ലറുടെ വംശീയഭ്രാന്തിന്റെ ചെന്തീയില്‍ ഏറ്റവുമധികം കത്തിയെരിഞ്ഞവരാണ് ജൂതസമൂഹം. എന്നാല്‍ സ്വന്തം ചിതയില്‍നിന്ന് അവര്‍ കൊളുത്തിയെടുത്ത തീനാളത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്ന സയണിസം എന്ന കൊടും വംശീയവിഷം, ചരിത്രത്തിലെ ഏറ്റവും വലിയ മര്‍ദ്ദിതസമൂഹങ്ങളിലൊന്നിനെ ഏറ്റവും ഭീഷണമായ മര്‍ദ്ദകസമൂഹമാക്കി പരിണമിപ്പിക്കുന്നതിന്റെ രാസത്വരകമായി വര്‍ത്തിക്കുകയാണുണ്ടായത്. ജംകൊണ്ട നാള്‍ മുതല്‍ കഴിഞ്ഞ അറുപത്തിരണ്ടു വര്‍ഷവും തങ്ങള്‍ക്കഭയംതന്ന ഫലസ്തീനികളുടെ മണ്ണും  മുതലും മാത്രമല്ല, പ്രാഥമിക മനുഷ്യാവകാശങ്ങള്‍പോലും നഗ്നമായി അപഹരിക്കുന്നതിന്റെയും അയല്‍രാജ്യങ്ങളുടെ പരമാധികാരത്തിലേക്ക് സ്വന്തം നീരാളിക്കൈ വികസിപ്പിക്കാന്‍ നോക്കുന്നതിന്റെയും ജനാധിപത്യവിരുദ്ധമായ കഥകള്‍ മാത്രമാണ് ജൂതരാഷ്ട്രത്തിന് പറയാനുള്ളത്. ആഗോള ഭരണകൂടങ്ങളിലും ശാസ്ത്ര സാംസ്കാരികസ്ഥാപനങ്ങളിലും മാധ്യമങ്ങളിലും സയണിസ്റ്ലോബിയുടെ സ്വാധീനം ശക്തമായിരുന്നുകൂടി ഗാസയിലും റഫയിലും മറ്റും ഇസ്രായേല്‍ നടത്തുന്ന നരഹത്യകളുടെ നടുക്കുന്ന അധ്യായങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിനു ലഭിക്കാതിരുന്നില്ല. എന്നാല്‍ മധ്യപൂര്‍വേഷ്യയിലെ ഒരേയൊരു സ്വയം പ്രഖ്യാപിത 'ജനാധിപത്യ രാഷ്ട്ര'മായ ഇസ്രയേല്‍, സ്വന്തം നാട്ടിലേക്ക് ഇത്തരം വാര്‍ത്തകളൊന്നും തന്നെ ലഭിക്കുന്നില്ല എന്നുറപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ലോകത്തിലെ ഏറ്റവുംവലിയ മീഡിയ സെന്‍സര്‍ഷിപ്പിന്റെ ഇരുണ്ട ചിത്രമാണ് വെളിപ്പെടുത്തുന്നത്. ഞെട്ടുക; കഴിഞ്ഞവര്‍ഷാരംഭത്തില്‍ ഗാസമുനമ്പില്‍ റോക്കറ്റ് വര്‍ഷിച്ച് 1400ലേറെ നിരപരാധികളെ ഇസ്രയേല്‍ കൊന്നൊടുക്കുമ്പോഴും അഭയാര്‍ത്ഥികേന്ദ്രങ്ങളും സ്കൂളുകളും ബോംബ്വീണ് കത്തിയമരുമ്പോഴും സാധാരണ ഇസ്രയേലികള്‍ അക്കാര്യങ്ങളൊന്നും തന്നെ അറിഞ്ഞിരുന്നില്ല. വിദേശ - ഇംഗ്ളീഷ് വാര്‍ത്താ ചാനലുകളും ഇന്റര്‍നെറ്റും സര്‍ഫ് ചെയ്യുന്ന ചെറിയൊരു ന്യൂനപക്ഷത്തിലേക്ക് മാത്രമേ സ്വന്തം ഭരണകൂടത്തിന്റെ കാട്ടാളത്തത്തിന്റെ വാര്‍ത്തകള്‍ ചെന്നെത്തിയിരുന്നുള്ളൂ.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് നമ്മള്‍ വമ്പ് പറയുന്നതു പോലെ 'പാശ്ചാത്യന്‍സ്വഭാവമുള്ള ഒരേയൊരു മധ്യേഷ്യന്‍ ജനാധിപത്യവ്യവസ്ഥ'യെന്നാണ് ഇസ്രയേല്‍ ആത്മപ്രശംസ നടത്താറുള്ളത്. എന്നാല്‍ സ്വതന്ത്രമായ ആവിഷ്കാരത്തിന് തുറന്ന അനുവാദംനല്‍കുന്ന പാശ്ചാത്യജനാധിപത്യമെവിടെ? 'യുദ്ധകുറ്റകൃത്യം', 'മനുഷ്യരാശിക്കെതിരായ യുദ്ധം' എന്നിങ്ങനെ ഐക്യരാഷ്ട്രസഭാ അന്വേഷണകമ്മിറ്റി തലവന്‍ ജസ്റിസ് റിച്ചാര്‍ഡ് ഗോള്‍ഡ് സ്റോണ്‍ വിലയിരുത്തിയ 'ഗാസാ കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയ ഇസ്രയേലിജനാധിപത്യമെവിടെ?

രാജ്യം ചെറുതാണെങ്കിലും ഇന്ത്യയെ അതിശയിപ്പിക്കുന്ന കക്ഷിരാഷ്ട്രീയ സംവിധാനമാണ് ഇസ്രയേലിലുള്ളത്. മുപ്പതോളം രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരവിരുദ്ധമായ ആശയങ്ങളുയര്‍ത്തിപ്പിടിച്ചുകൊണ്ട്, ജനപ്രാതിനിധ്യവും സഖ്യകക്ഷിഭരണവും സാധ്യമാക്കുന്നതിന്റെ അത്ഭുതം ഇസ്രയേലില്‍ കാണാം. ഈ കൂട്ടുകക്ഷി സര്‍ക്കാറുകളുടെ ഓരോ പൊള്ളത്തരവും നിശിതമായി തുറന്നുകാട്ടാനുള്ള സ്വാതന്ത്യ്രം അവിടുത്തെ മാധ്യമ ലോകത്തിനുണ്ടെന്ന് മറക്കരുത്. എന്തിനേറെ, 1967 മുതല്‍ക്കുള്ള അധിനിവേശയുദ്ധങ്ങള്‍ വരെ ഇസ്രയേലി പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. പക്ഷേ, അന്തര്‍ദേശീയ മാധ്യമങ്ങളിലെ സ്തോഭജനകങ്ങളായ തലവാചങ്ങളാണെങ്കില്‍പോലും ഫലസ്തീനില്‍ തങ്ങള്‍ നടത്തുന്ന കിരാതമായ അതിക്രമങ്ങളിലേക്ക് കണ്ണോ കാതോ പായിക്കുവാന്‍ സ്വന്തം മാധ്യമങ്ങള്‍ക്ക് ഇസ്രയേല്‍ അനുവാദം നല്‍കുന്നേയില്ല. കൂട്ടക്കുരുതികളുടെ വസ്തുതാപൂര്‍ണമായ വാര്‍ത്തകളോ കണക്കുകളോ ഇസ്രയേലികള്‍ ഒരിക്കലും അറിയുന്നുമില്ല.

2006ല്‍ ഇസ്രയേല്‍ ലബനോണിലേക്ക് നടത്തിയ അധിനിവേശയുദ്ധത്തിന്റെ ഭയാനകതയുടെയും ഹിസ്ബുല്ലാപോരാളികള്‍ നടത്തിയ വിജയകരമായ ചെറുത്തുനില്‍പ്പിന്റെയും ധീരോദാത്തസ്മരണകള്‍ ഇപ്പോഴും ലോകത്തിന്റെ മനസ്സിലുണ്ട്. ഇസ്രയേലിലെ ഏറ്റവും പ്രമുഖ പത്രങ്ങളിലൊന്നായ 'ഹാരെറ്റ്സിലെ' കോളമിസ്റായ ഗിഡിയോണ്‍ ലെവി അഭിപ്രായപ്പെട്ടത് പ്രസ്തുത യുദ്ധകാലത്ത് 'ലബനോണില്‍ നാം കൊയ്തെടുക്കുന്ന വിനാശത്തിന്റെ വിളകളെക്കുറിച്ച് നമ്മുടെ നാട്ടുകാര്‍ക്ക് ഒന്നുമറിയില്ല, അവരെയത് സ്പര്‍ശിച്ചിട്ടുമില്ല. ലബനോണ്‍തെരുവീഥികളില്‍നിന്നുള്ള കരള്‍ പിളര്‍ത്തുന്ന കാഴ്ചകള്‍ കാണണമെങ്കില്‍ നിങ്ങള്‍ ബിബിസി ചാനല്‍ തുറന്നുനോക്കുക' എന്നായിരുന്നു. 2008 ഡിസംബര്‍, 09 ജനുവരി മാസങ്ങളില്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ കൂട്ടക്കുരുതികള്‍ റിപ്പോര്‍ട്ട്ചെയ്യുന്നതില്‍നിന്നും സമാനമായ സെന്‍സര്‍ഷിപ്പ് ഇസ്രയേലി മാധ്യമങ്ങളെ വിലക്കുകയുണ്ടായി.

ഇസ്രയേലിഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഔദ്യോഗികസെന്‍സര്‍ഷിപ്പ് സംവിധാനത്തിന് പരിപൂര്‍ണ്ണമായും വിധേയമാണ് അവിടുത്തെ മീഡിയ. 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് സെന്‍സര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്കിലും ആഭ്യന്തരസുരക്ഷയുടെ പേരിലാണ് പത്രങ്ങളുടെ വായ് ഏറ്റവുമേറെ മൂടിക്കെട്ടാറുള്ളത്. ഈയിടെ ഇസ്രയേലില്‍ സന്ദര്‍ശനം നടത്തിയ പ്രശസ്ത പത്രപ്രവര്‍ത്തക നീനവ്യാസ് സാധാരണക്കാരും നയതന്ത്രങ്ങളും എഴുത്തുകാരും ചലച്ചിത്രകാരാരും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെ ഇസ്രയേലി പൊതുസമൂഹത്തിന്റെ ഒരു പരിച്ഛേദം രൂപപ്പെടുത്തിയെടുത്ത്, അവരോരോരുത്തരോടും മേഖലയിലെ സംഘര്‍ഷത്തെക്കുറിച്ച് അഭിപ്രായമാരായുകയുണ്ടായി. "ഫലസ്തീനികള്‍ക്ക് അവരര്‍ഹിക്കുന്നത് തന്നെയാണ് കിട്ടുന്നത്. അവര്‍ തമ്മില്‍തമ്മില്‍ തന്നെ തല്ലിച്ചാകുന്നവരാണ്. ഇസ്രയേല്‍ സമാധാനമാഗ്രഹിക്കുന്നു. പക്ഷേ, ഹമാസ് നിരന്തരം റോക്കറ്റുകളുപയോഗിച്ച് ഇന്നാടിനെ അക്രമിക്കുമ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് കയ്യുംകെട്ടി നോക്കി നില്‍ക്കേണ്ടണ്ടതില്ലല്ലോ. അക്രമമല്ല, അതിജീവനപ്പോരാട്ടമാണ് ഇസ്രയേല്‍ നടത്തുന്നത്.''

-ഇതായിരുന്നു ഇസ്രയേലി പൌരസമൂഹത്തിന്റെ പൊതുവായ പ്രതികരണം. ഗാസയില്‍ ഹമാസിന്റെ അക്രമത്തില്‍ പതിമൂന്ന് ഇസ്രയേലി ഭടാര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചേ അവരറിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ.1400 ഫലസ്തീനികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതിന്റെ വാര്‍ത്തകള്‍ അവരിലേക്കെത്തിയിരുന്നില്ല. ഗിലാദ് ശാലിത്ത് എന്ന ഇസ്രയേലി സൈനികനെ തട്ടിക്കൊണ്ടുപോയ ഹമാസ്, ഭീകരസംഘമാണെന്ന് അവര്‍ വിളിച്ചു പറയുന്നു. പക്ഷേ, അതിന് പകരമായി ഗാസാമുനമ്പില്‍ 127 ഫലസ്തീനികളെയാണ് ഇസ്രയേല്‍സേന കൊന്നൊടുക്കിയതെന്ന വിവരം അവരറിഞ്ഞിട്ടേയില്ലായിരുന്നു.

1975-77 കാലത്ത് ഇന്ത്യയനുഭവിച്ച അടിയന്തിരാവസ്ഥയോടനുബന്ധിച്ചുണ്ടായ മാധ്യമ സെന്‍സര്‍ഷിപ്പിനെ കറുത്തകാലമായാണ് കാല്‍നൂറ്റാണ്ടിനു ശേഷവും നാം കാണുന്നത്. ഭരണകൂടങ്ങള്‍ക്കുവേണ്ടി വായ്ക്കുരവയിടുന്ന  മാധ്യമപ്രവര്‍ത്തനം നമുക്ക് അപരിചിതമല്ലെങ്കിലും ഏറ്റവുമൊടുവിലത്തെ ഷോപ്പിയാന്‍ സംഭവമടക്കമുള്ള ഭരണകൂടഭീകരതകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുവാനുള്ള സ്വാതന്ത്യ്രം ഇന്ത്യന്‍ മീഡിയക്കുണ്ട്. പക്ഷേ, ഇത്തരത്തിലുള്ള ഒരു ഭരണകൂട വിമര്‍ശനം, മനുഷ്യാവകാശലംഘനങ്ങളുടെ വെളിപ്പെടുത്തലുകള്‍, ഇസ്രയേലി മീഡിയയെ സംബന്ധിച്ചിടത്തോളം വിദൂരസ്വപ്നം മാത്രമാണ്. നിഷ്ഠൂരമായ ഈ സെന്‍സര്‍ഷിപ്പ് നിയമങ്ങളോട് നിരുപാധികം പൊരുത്തപ്പെട്ടുകൊണ്ടാണ് മധ്യ-പൂര്‍വ ദേശത്തെ വിദേശപത്രപ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നത്. ഇസ്രയേല്‍ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങിക്കൊണ്ടേ തങ്ങളുടെ ജേര്‍ണലിസ്റുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ എന്നൊരു കരാറുതന്നെ ലോകപ്രസിദ്ധ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് (എപി) ഇസ്രയേലുമായി ഒപ്പിടുകയുണ്ടായി. ഇസ്രയേലിന്റെ ആണവപദ്ധതികളെക്കുറിച്ച് ആദ്യമായി ലോകത്തോട് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ നീണ്ട പതിനെട്ടു വര്‍ഷക്കാലം തടവുശിക്ഷയനുഭവിച്ച് പുറത്തുവന്ന മോര്‍ദേചായ് വനൂനുവുമായി  നടത്തിയ അഭിമുഖത്തിന്റെ ടേപ്പ് ഇസ്രയേലി സൈനികസെന്‍സര്‍ക്ക് നല്‍കാന്‍ വിസമ്മതിച്ച ബിബിസി ലേഖകന്‍ പീറ്റര്‍ ഹൂനാമിന് ഇസ്രയേലിനോട് മാപ്പ് പറഞ്ഞ ശേഷം മാത്രമാണ് തുടര്‍ന്നവിടെ ജോലി ചെയ്യുവാന്‍ അനുവാദം ലഭിച്ചതെന്നറിയുക. സെന്‍സെര്‍ഷിപ്പിന് വിധേയരാകാന്‍ തയാറാകാത്ത പത്രപ്രവര്‍ത്തകരെ ജയിലിലടക്കുവാനും പത്രം കണ്ടുകെട്ടുവാനും വരെ അവിടെ നിയമമുണ്ട്. സ്വന്തം ഭരണകൂടം നടത്തുന്ന ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് തങ്ങളെ തടയരുതെന്നഭ്യര്‍ത്ഥിച്ച് ഒരു ഇസ്രയേലിമാധ്യമപ്രവര്‍ത്തകന് ഇസ്രയേല്‍ സുപ്രീംകോടതി പ്രസിഡന്റ് നല്‍കിയ റൂളിംഗ് ഇപ്രകാരമായിരുന്നു : "സംഘര്‍ഷവേളയില്‍  ജീവിക്കുവാനുള്ള അവകാശം സ്വതന്ത്രമായ ആശയാവിഷ്കാരത്തിനുള്ള അവകാശത്തെ അതിവര്‍ത്തിക്കുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ക്ക് മേലെ മറ്റൊന്നിനും നിലനില്‍പ്പില്ല.''

നൂറുക്കണക്കിന് ആണവ പോര്‍മുനകള്‍ സ്വന്തം അറപ്പുരകളില്‍ സൂക്ഷിക്കുമ്പോഴും ഇസ്രയേലിന്റെ അകത്തളങ്ങളില്‍ കടന്നുചെന്നാല്‍ ഭീതിയുടെയും ഉത്കണ്ഠയുടെയും ഉപരോധിത മനസ്സാണ് ഒരു സന്ദര്‍ശകന് കാണാന്‍ കഴിയുകയെന്ന് നീനാവ്യാസ് ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലിലെ ഏറ്റവും പ്രചാരമുള്ള പത്രമായ 'യെദിയത് അഹറോനോതി'ന്റെ ഏറ്റവും പ്രായം ചെന്ന ലേഖകനും ഹിറ്റ്ലറുടെ ഹോളോകാസ്റ് അതിജീവിച്ച യഹൂദനുമായ നോഹക്ളീഗര്‍ മുന്നോട്ടുവയ്ക്കുന്ന ജുഗുപ്സാവഹമായ രാഷ്ട്രീയനിലപാടുകള്‍ ഇസ്രയേലിപൌരസമൂഹത്തിന്റെ ജനാധിപത്യബോധവും അവിടുത്തെ മാധ്യമകാലാവസ്ഥയും എത്രമേല്‍ പ്രതിലോമപരമാണെന്ന് അടിവരയിട്ടു വ്യക്തമാക്കുന്നതാണ്. ക്ളീഗര്‍ പറയുന്നു : "ഞങ്ങള്‍ അങ്ങനെ ആഗ്രഹിക്കുകയാണെങ്കില്‍ ഇവിടെ ഒരു ഫലസ്തീനുമുണ്ടാവില്ല, ഒരു ഗാസയും ശേഷിക്കില്ല. ഓരു മണിക്കൂറുകൊണ്ട് ഫലസ്തീനും ഗാസയും തവിടുപൊടിയാക്കി മാറ്റാന്‍ ഞങ്ങള്‍ക്ക് കഴിയും. ഇറാന്റെ സ്ഥിതിയും മറ്റൊന്നല്ല. കഴിഞ്ഞ ഡിസംബര്‍ ആക്രമണകാലത്ത് ഗാസയിലെ ജീവനുള്ള എന്തിനെയും ഞങ്ങള്‍ക്ക് നിശ്ശേഷം തുടച്ചുനീക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അപ്രകാരം ചെയ്തില്ല എന്നത് ഇസ്രയേലിന്റെ വിശാലമാനവികതയാണ് വ്യക്തമാക്കുന്നത്. മീഡിയാ സെന്‍സര്‍ഷിപ്പിനോട് എനിക്കു യാതൊരു വിരോധവുമില്ല. ഞങ്ങള്‍ ഇസ്രയേലികളാണ്. ഞങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒന്നുംതന്നെ ഞങ്ങള്‍ പറയുകയോ എഴുതുകയോ ചെയ്യില്ല.  ഇസ്രയേലിന്റെ കൈയില്‍ അണുബോംബുണ്ടെന്ന് ഒരു വിദേശപത്രം വേണമെങ്കില്‍ എഴുതിക്കൊള്ളട്ടെ. പക്ഷേ, ഞാനത് ചെയ്യില്ല. എനിക്കത് ചെയ്യാന്‍ കഴിയില്ല.''

ക്ളീഗറുടെ വാക്കുകള്‍ ഒരു സയണിസ്റ് ഭ്രാന്തന്റെ ജല്പനങ്ങളായി അവഗണിക്കുവാന്‍  സാധിക്കുകയില്ല. യാതൊരു രാഷ്ട്രീയ പക്ഷപാതിത്വവും പുലര്‍ത്താതെ, അറബ്അനുകൂലവും പ്രതികൂലവുമായ വാര്‍ത്തകള്‍ക്ക് ഒരേപോലെ ഇടം നല്‍കുന്ന, സ്വതന്ത്ര ദിനപത്രമാണ് അദ്ദേഹത്തിന്റേത്. ഇസ്രയേലി ജനസംഖ്യയുടെ മുന്നില്‍ രണ്ടുപേരും ആ ഹിബ്രു പത്രത്തിന്റെ വരിക്കാരാണ്.

കാലങ്ങള്‍ പിന്നിടുമ്പോള്‍ അടിമയ്ക്ക് ചങ്ങല സ്വന്തം ശരീരത്തിലെ ഒരവയമാണെന്ന തോന്നലുണ്ടാകുമെന്ന് സഹോദരന്‍ അയ്യപ്പന്‍.