നാര്‍ക്കോ ടെസ്റ്
1971ന്റെ അവസാനത്തിലാണ് ഹസന്‍മുസ്ലിയാര്‍ ദര്‍സ് ആരംഭിക്കുന്നത്. നാടുനീളെ സഞ്ചരിച്ച് വഅള് പറഞ്ഞ് പള്ളിയും മദ്രസയും ഉണ്ടാക്കുകയും അവിടങ്ങളില്‍ ദര്‍സ് ആരംഭിക്കുകയും ചെയ്യുന്നത് ജീവിതവ്രതമാക്കിയ എസിഎസ് ബീരാന്‍ മുസ്ലിയാരാണ് പ്രഥമദര്‍സിന് വഴിയൊരുക്കിയത്. വയനാട് ജില്ലയിലെ കണിയാമ്പറ്റയിലാണ് തുടക്കം. മൂന്ന് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് അന്ന് ദര്‍സിലുണ്ടായിരുന്നത്. പിന്നീട് അമ്പതും അറുപതും വരെയെത്തി.
ദര്‍സ് തുടങ്ങാന്‍ ലഭിച്ച ഭാഗ്യം ജീവിതത്തിലെ വലിയൊരനുഗ്രഹമായാണ് ഹസന്‍ മുസ്ലിയാര്‍ കരുതുന്നത്. ഒരിക്കലും ദര്‍സ് നടത്താന്‍ കഴിയില്ലെന്നാണ് കരുതിയിരുന്നത്. കാരണം നേരത്തെ പറഞ്ഞ അസുഖംതന്നെ. മുദര്‍രിസായി സ്ഥാനമേല്‍ക്കുമ്പോള്‍ നാട്ടിലെ പതിവസനുസരിച്ച് ഇമാമത്തിന്റെ ഉത്തരവാദിത്വവുമുണ്ടാവും. തന്റെ അസുഖത്തിനിടയില്‍ ഇത് നടപ്പില്ല. ഈ ആശങ്ക കലശലായിരുന്നു.
ബാഖിയാത്തില്‍നിന്ന് കോഴ്സ് പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ കലങ്ങിയ മനസ്സുമായി 'ബാനീ ഹസ്രത്തി'ന്റെ മഖ്ബറയില്‍ചെന്ന് പ്രാര്‍ത്ഥിച്ചത് ഈയൊരു കാര്യം മാത്രമായിരുന്നു. അസുഖത്തോടിണങ്ങുന്ന ഒരു പള്ളിയും പഠിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളും. അതായിരുന്നു പ്രാര്‍ത്ഥനയില്‍ നാഥനു മുന്നില്‍ വച്ച അപേക്ഷകള്‍.
ആ പ്രാര്‍ത്ഥനയുടെ സാക്ഷാല്‍ക്കാരമായിരുന്നു അധ്യാപകജീവിതം. കണിയാമ്പറ്റയിലെ പള്ളിത്താഴം പള്ളി സാധാരണഗതിയില്‍ ആരും നിസ്കരിക്കാനെത്താത്ത പള്ളിയാണ്. ജമാഅത്തിന് കാത്തിരുന്നു മുഷിയുന്ന തദ്ദേശവാസികളുടെ അസംതൃപ്തമനസ്സ് അതുകൊണ്ടുതന്നെ അദ്ദേഹത്തിനു നേരിടേണ്ടി വന്നില്ല. തുടര്‍ച്ചയായി ഏഴുവര്‍ഷം കണിയാമ്പറ്റയില്‍ ദര്‍സ്നടത്തി. തുടര്‍ന്ന് ഒരു വര്‍ഷം എളേറ്റില്‍. പിന്നീട് തിരിച്ച് കണിയാമ്പറ്റയില്‍തന്നെ വന്നു. അങ്ങനെ നാലുവര്‍ഷം വീണ്ടും തുടര്‍ന്നു. അതിനു ശേഷമാണ് നാടകീയസംഭവവികാസങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചത്.
ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാരെക്കുറിച്ച് 'മാപ്പിളനാടി'ല്‍ വന്ന പരാമര്‍ശങ്ങളാണ് എല്ലാറ്റിന്റെയും തുടക്കം. 'അണ്ടന്‍, അടകോടന്‍' പരാമര്‍ശങ്ങളും 'മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാവും, മൃഗം അധഃപതിച്ചാല്‍...'' തുടങ്ങിയ വരികളും വായിച്ചു ഹസന്‍ മുസ്ലിയാരുടെ മനസ്സു നൊന്തു. ആരോടും ഒരു പരിഭവവും കാണിക്കാത്ത അദ്ദേഹം ജുമുഅക്ക് ശേഷം എഴുന്നേറ്റുനിന്നു. "ആരും പോവരുത്, പ്രത്യേകിച്ച് ലീഗുകാര്‍ പോവരുത്'' എന്നു പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. 'പണ്ഡിത•ാരെ ചീത്തപറയുന്നവരോട് ഐക്യപ്പെടരുത്. അതിനെ ചോദ്യംചെയ്യണം. സംഘടനാവേദിയില്‍ പ്രശ്നം ഉന്നയിച്ച് ചെറുക്കണം' തുടങ്ങിയ കാര്യങ്ങള്‍ പ്രസംഗത്തില്‍ ഉന്നയിച്ചു. ഹസന്‍ മുസ്ലിയാര്‍ക്ക് ഭക്ഷണം നല്‍കുന്ന വീട്ടുകാരനും ലീഗ് നേതാവുമായ നാട്ടിലെ പൌരപ്രമാണി പ്രസംഗത്തിനിടയില്‍ എഴുന്നേറ്റുനിന്ന് 'ഉസ്താദ് കളവ് പറയുകയാണ്' എന്ന് ശബ്ദം ഉയര്‍ത്തിപ്പറഞ്ഞു.
ആ രംഗങ്ങള്‍ നാട്ടില്‍ വലിയ ചര്‍ച്ചകളുണ്ടാക്കി. ജംഇയ്യത്തുല്‍ ഉലമയുടെ മീറ്റിംഗില്‍ ഹസന്‍മുസ്ലിയാരോട് വിശദീകരണം തേടി. അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനിന്നു. അവസാനം മുറുമുറുപ്പുകളവസാനിപ്പിക്കാന്‍ കണിയാമ്പറ്റ വിടാന്‍തന്നെ തീരുമാനിച്ചു. അങ്ങനെ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാരെ വിമര്‍ശിച്ചവരെ ചോദ്യം ചെയ്ത കാരണത്താല്‍ ഹസന്‍മുസ്ലിയാര്‍ക്ക് പതിനൊന്നു വര്‍ഷം സേവനംചെയ്ത നാടു വിടേണ്ടിവന്നു.
ശേഷം ഓമശ്ശേരിക്കടുത്ത് വെളിമണ്ണയിലാണ് ദര്‍സ് നടത്തിയത്. മര്‍ഹൂം എംകെഎം കോയ മുസ്ലിയാരാണ് നിര്‍ബന്ധപൂര്‍വം അവിടെ എത്തിച്ചത്. അഞ്ചുവര്‍ഷം അവിടെ സേവനം ചെയ്തു. ഇക്കാലയളവിലാണ് ഹസന്‍മുസ്ലിയാരിലെ ധീരത പുറത്തുവന്ന പ്രസിദ്ധമായ സംഭവമുണ്ടായത്. സമസ്തയില്‍ പിളര്‍പ്പിന്റെ പ്രാരംഭമാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സമ്മേളന പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച ജാഥ വെളിമണ്ണഅങ്ങാടിയില്‍ തകര്‍ത്താടുകയാണ്. കാന്തപുരത്തിനെതിരെയുള്ള തെറിപ്പൂരമാണ് പ്രസംഗങ്ങള്‍. ഹസന്‍ മുസ്ലിയാര്‍ പള്ളിയില്‍നിന്നിറങ്ങി നേരെ വാഹനത്തിന്റെ പരിസരത്തേക്ക്ചെന്നു. പക്ഷംചേരാതെ നില്‍ക്കുന്ന കാലമായതിനാല്‍ സ്വീകരിച്ചിരുത്താന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. മൈക്ക് വാങ്ങി അദ്ദേഹം ഉജ്ജ്വലമായി പ്രസംഗിച്ചു.
"ശംസുല്‍ ഉലമയെ അണ്ടനും അടകോടനുമാക്കിയവര്‍ക്ക് ഇപ്പോള്‍ കാര്യം മനസ്സിലായതില്‍ സന്തോഷമുണ്ട്. ആ വിധം കാന്തപുരത്തെയും തിരിച്ചറിയണം. പണ്ഡിതരെ തെറിപറയുന്നത് അവസാനിപ്പിക്കണം...''
പ്രസംഗം കഴിഞ്ഞ് ഹസന്‍ മുസ്ലിയാര്‍ പള്ളിയിലേക്ക് കയറിപ്പോയി. ശ്രോതാക്കളും ജാഥക്കാരും അന്തംവിട്ടു നിന്നു. അവസാനം പത്തുമിനുട്ട് ഹസന്‍മുസ്ലിയാരെയും തെറിപറഞ്ഞ് അവര്‍ പിരിഞ്ഞുപോയി.
1988ല്‍ വെള്ളമുണ്ടയിലെത്തി. രണ്ടു പതിറ്റാണ്ടിലേറെ കാലമായി സര്‍വാദരണീയനായി, നാടിന്റെ മേല്‍വിലാസമായി അവിടെ തുടരുന്നു. ഹസന്‍മുസ്ലിയാരെക്കുറിച്ച് പറയാന്‍ വെള്ളമുണ്ടക്കാര്‍ക്ക് നൂറു നാവാണ്. ഹസന്‍ മുസ്ലിയാരെ പിന്തുടര്‍ന്നു പോവുന്നവര്‍ ഉസ്താദ് പോയവഴി തിരിച്ചറിയാന്‍ കല്ലും മുള്ളുമില്ലാത്ത വഴി തിരയുമത്രെ. കാരണം നടക്കുന്ന വഴിയില്‍ ഒരു മുള്ളുപോലും ശേഷിക്കാതെ എടുത്തുമാറ്റിയാണ് ആ യാത്ര. നേരത്തെ പറഞ്ഞ അസുഖം കാരണം ഭക്ഷണത്തില്‍ ചില പഥ്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. മാംസങ്ങളില്‍ ആട്ടിറച്ചി മാത്രമേ കഴിക്കൂ. അത് ഒരു അസൌകര്യമായി കാണാതെ നാട്ടുകാര്‍ അദ്ദേഹത്തിന് ഭക്ഷണമൊരുക്കുന്നു. വീടുകളിലെ വിശേഷ ചടങ്ങുകളില്‍ ഹസന്‍മുസ്ലിയാരുടെ സാന്നിധ്യം അവര്‍ക്ക് നിര്‍ബന്ധമാണ്.
ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം സമസ്തകേരള സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ജില്ലാപ്രസിഡന്റായ ഹസന്‍ മുസ്ലിയാരുടെ മഹല്ലിലെ നല്ലൊരു ശതമാനം ആളുകളും സമസ്തയെ അംഗീകരിക്കാത്തവരാണ് എന്നതാണ്. ചേരിയേതുമാവട്ടെ ഹസന്‍ മുസ്ലിയാര്‍ അവരുടെ ആദരണീയനായ ഉസ്താദും നേതാവുമാണ്.
വെള്ളമുണ്ട മഹല്ല്കമ്മിറ്റി വൈസ്.പ്രസിഡന്റും മുസ്ലിംലീഗിന്റെ പ്രതിനിധിയായി ഗ്രാമപഞ്ചായത്തില്‍ മെമ്പറുമായിരുന്ന എം സി ഇബ്റാഹിം ഹാജി ഉസ്താദിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. "ഉസ്താദ് ഈ നാട്ടിലെല്ലാവര്‍ക്കും ഒരു കുടുംബാംഗത്തെ പോലെയാണ്. പരസ്പരം വിവരങ്ങള്‍ അറിയുകയും അന്വേഷിക്കുകയും ചെയ്യുന്ന സ്നേഹസമ്പന്നനായ കുടുംബാംഗം. പ്രാര്‍ത്ഥിക്കാനും നൂലുമന്ത്രിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും സാമ്പത്തികപ്രയാസങ്ങള്‍ക്കിടയില്‍ പണം കടം കിട്ടാനും തുടങ്ങി എല്ലാ കാര്യത്തിനും എല്ലാവര്‍ക്കും ഉസ്താദിനെ വേണം. പലര്‍ക്കും പണം കടംകൊടുത്ത് സ്വന്തം ആവശ്യത്തിന് കടം വാങ്ങേണ്ടി വന്ന സാഹചര്യം അദ്ദേഹത്തിനുണ്ടായിട്ടുണ്ട്.''
'നിങ്ങളുടെ പണ്ഡിതസഭക്ക് പുറത്തുനില്‍ക്കുന്ന ഒരാള്‍' എന്ന ചോദ്യത്തോട് വളരെ വൈകാരികമായിരുന്നു ഇബ്റാഹിം ഹാജിയുടെ പ്രതികരണം. "അതൊന്നും ഉസ്താദിന്റെ കാര്യത്തിലില്ല. അദ്ദേഹത്തിന്റെ സംഘടനയും പരിപാടിയുമെല്ലാമായി മുന്നോട്ടു പോവാം. ഞങ്ങള്‍ക്ക് അദ്ദേഹം എല്ലാമെല്ലാമായ ഉസ്താദാണ്.''
ഉസ്താദിനെക്കുറിച്ച് ഫീച്ചര്‍ ചെയ്യാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ "അത് നല്ലകാര്യമാണ്. ഉസ്താദിനെപ്പോലെ വിനയാന്വിതരെ പരിചയപ്പെടുത്തല്‍ അത്യാവശ്യമാണ്. എന്നാല്‍ എഴുതി ഉസ്താദിനെ നിങ്ങളുടെ സ്വന്തം ആളാക്കിക്കളയരുത്'' എന്നായിരുന്നു എംസിയുടെ പ്രതികരണം.
പ്രാസ്ഥാനികം
കണിയാമ്പറ്റയില്‍ ദര്‍സ്നടത്തുന്ന കാലത്ത് സമസ്തയുടെ വൈത്തിരി താലൂക്ക് പ്രസിഡണ്ടായി. പിന്നീട് വയനാട് ജില്ലാ പ്രസിഡണ്ടായി. സമസ്തയില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ ഒരു പക്ഷത്തും ചേരാനില്ല എന്നതായിരുന്നു വ്യക്തിപരമായ തീരുമാനം. എന്നാല്‍ ഹസന്‍മുസ്ലിയാര്‍ സ്ഥലത്തില്ലാത്ത ഒരവസരത്തില്‍ തരുവണ അബ്ദുല്ല മുസ്ലിയാരും മറ്റും മുന്‍കയ്യെടുത്ത് വിളിച്ചുചേര്‍ത്ത ജനറല്‍ ബോഡി അദ്ദേഹത്തെ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ന• ചെയ്യാനുള്ള സാഹചര്യം എന്നു കരുതി അത് ഏറ്റെടുക്കുകയായിരുന്നു. ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയുടെയും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെയും നേതൃത്വത്തില്‍ സമസ്ത പുനഃസംഘടിപ്പിച്ചത് മുതല്‍ കേന്ദ്രമുശാവറയിലും അംഗമാണ്. പിന്നീട് വയനാട് ജില്ലാ സംയുക്ത മഹല്ല്ജമാഅത്തിന്റെ ഖാളിയായി നിയമിതനായി. കല്‍പ്പറ്റ ദാറുല്‍ഫലാഹിന്റെ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു.
തുവ്വൂര്‍ വിലങ്ങംപൊയില്‍ മുതുവല്ലൂര്‍ മുഹമ്മദ്ഹാജിയുടെ മകള്‍ ഫാത്തിമയാണ് ഭാര്യ. മുഹമ്മദ് അബ്ദുല്ല നഈമി (കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ മരുമകന്‍), മുസ്തഫഉബൈദുല്ല സഖാഫി എന്നീ രണ്ടു മക്കളാണ് ഹസന്‍ മുസ്ലിയാര്‍ക്കുള്ളത്. ഒന്നര വയസ്സ് പ്രായമായ ഒരു മകന്‍ മരണപ്പെട്ടിട്ടുണ്ട്.



