കറാമതിന്റെ പ്രമാണങ്ങള്‍
ആരാധനകള്‍ വര്‍ധിപ്പിച്ച് അല്ലാഹുവിലേക്കടുക്കുന്ന വലിയ്യുകള്‍ക്ക്, അവന്‍ ആദരിച്ചു നല്‍കുന്ന ബഹുമാനമാണ് കറാമത്ത്. സാധാരണവും അസാധാരണവുമായ പലവിധ വിശേഷണങ്ങള്‍ക്ക് അവര്‍ അതുവഴി യോഗ്യരായി തീരും. അദൃശ്യങ്ങള്‍ അറിയുക, ദൂരെയുള്ളതു കാണുക തുടങ്ങി പല അദ്ഭുതങ്ങള്‍ക്കും വലിയ്യുകള്‍ക്ക് സാധിക്കുന്നത് സ്രഷ്ടാവ് നല്‍കുന്നു കറാമത്ത് മുഖേനയാണ്.
ഊഹാധിഷ്ഠിത വരട്ടുന്യായങ്ങള്‍ ഉന്നയിച്ച് പൂര്‍വകാലപുത്തന്‍വാദികളായ മുഅ്തസിലികള്‍ കറാമത്ത് പാടേ നിഷേധിച്ചിരുന്നു. അവരുടെ നവാവതാരങ്ങളായ ബിദ്അത്തുകാരും ആദ്യകാലത്ത് കറാമത്ത് വിരുദ്ധരായിരുന്നു. പിന്നീട്, പ്രമാണങ്ങളുടെ തുടര്‍പ്രവാഹത്തിനെതിരെ പിടിച്ചു നില്‍ക്കാനാവാതെ വന്നപ്പോള്‍ ഒരുപരിധി വരെ അംഗീകരിച്ചു തുടങ്ങി. എന്തായാലും വലിയ്യുകള്‍ക്കുള്ള മാര്‍ഗരേഖയായ അദ്കിയയില്‍ കറാമത്തിനെക്കുറിച്ചുള്ള ലളിതചര്‍ച്ചക്ക് പ്രസക്തിയുണ്ട്. പ്രമുഖ പണ്ഡിതന്‍ ഇമാം റാസി(റ) സൂറതുല്‍കഹ്ഫിന്റെ വ്യാഖ്യാനത്തിനിടെ സുദീര്‍ഘമായി തന്നെ കറാമത്ത് സമര്‍ത്ഥിച്ചതുകാണാം. അതിന്റെ വിവര്‍ത്തനസംഗ്രഹം ഇവിടെ നല്‍കുന്നു. ആധികാരികത ഉറപ്പുവരുത്താന്‍ അതായിരിക്കും കൂടുതല്‍ ഗുണപ്രദം. അദ്ദേഹം എഴുതി: "ഖുര്‍ആന്‍, ഹദീസ്, ചരിത്രപാരമ്പര്യം, ബുദ്ധിപരമായ വിശകലനം എന്നിവയൊക്കെയും അല്ലാഹുവിന്റെ ഇഷ്ടക്കാരായ വലിയ്യുകള്‍ക്ക് കറാമത്ത് ഉണ്ടാവുമെന്നതിനു പ്രമാണങ്ങളായി നിലകൊള്ളുന്നു. ഖുര്‍ആന്‍ തെളിവുകളില്‍ പ്രധാനപ്പെട്ടതാണ് മറിയം(റ)യുടെ ചരിത്രം. ഉണങ്ങിയ ഈന്തപ്പനത്തണ്ടില്‍ നിന്ന് പഴം ലഭിച്ചതടക്കമുള്ള മഹതിയുടെ കറാമതുകള്‍ സൂറതുല്‍ മര്‍യമിലും മറ്റും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റൊന്ന് ഗുഹാവാസികളുടെ സംഭവം. മൂന്നൂറ്റിഒമ്പതു വര്‍ഷം യാതൊരു പ്രയാസവുമേല്‍ക്കാതെ അവര്‍ ഉറങ്ങി. ശത്രുക്കള്‍ക്ക് ഭീതിസൃഷ്ടിച്ചും പ്രകൃതിപ്രതിഭാസങ്ങളില്‍നിന്ന് സംരക്ഷണം നല്‍കിയും അല്ലാഹു അവരെ ആദരിച്ചു. ഇത് അവര്‍ക്ക് ഉണ്ടായ കറാമത്ത് കൊണ്ടു മാത്രമായിരുന്നു.
വലിയ്യുകളുടെ അദ്ഭുതങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ ധാരാളമുണ്ട്. ചിലതുമാത്രം ചുരുക്കി എഴുതാം. വ്യഭിചാരാരോപണ വിധേയനായ ബനൂഇസ്റായേല്‍സാത്വികന്‍ ജുറൈജിനെ പ്രകോപിതരായ ജനങ്ങളില്‍നിന്നു രക്ഷപ്പെടുത്താന്‍ തന്റെ യഥാര്‍ത്ഥ പിതാവിനെക്കുറിച്ച് ചോരപ്പൈതല്‍ നടത്തിയ പ്രഖ്യാപനം ജുറൈജിന്റെ കറാമത്തായിരുന്നു.(ബുഖാരി, മുസ്ലിം) ഗുഹാമുഖം പാറ വന്നടഞ്ഞ് ഉള്ളില്‍പെട്ട മൂന്നു പഥികര്‍ പ്രാര്‍ത്ഥന നടത്തി രക്ഷപ്പെട്ടത് മറ്റൊന്ന്. കറാമത്ത് ലഭിക്കുന്ന ചിലരെക്കുറിച്ചു റസൂല്‍ (സ) യുടെ വചനങ്ങളില്‍ കാണാം. പൊടിപുരണ്ട് ജഢപിടിച്ച് ജീവിക്കുന്നവരെങ്കിലും അവര്‍ ആവശ്യപ്പെടുന്നത് അല്ലാഹു നിവര്‍ത്തിപ്പിക്കും. ആത്മവിശുദ്ധി പുലര്‍ത്തി വരുമാനത്തിന്റെ നല്ലൊരു പങ്ക് ദാനം ചെയ്യാറുള്ള ഒരു ശുദ്ധമനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ ജലസേചനം നിര്‍വഹിക്കാന്‍ ആകാശത്തു നിന്ന് അശരീരി കേട്ടത് അബൂഹുറൈറ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഇതും കറാമത്തിന്റെ സ്ഥിരീകരണത്തിനു സഹായിക്കുന്ന നബി(സ) വചനമാണ്.
ചരിത്രപാരമ്പര്യത്തില്‍ വിവരണാതീതമാം വിധം കറാമത്ത് സംഭവങ്ങള്‍ നിറഞ്ഞുകിടക്കുന്നു. ക്രമപ്രകാരം ഖുലഫാക്കളുടെതും പിന്നെ മറ്റു ചില സ്വഹാബികളുടെതും പരിചയപ്പെടാം. അബൂബക്കര്‍(റ) മരണപ്പെട്ടപ്പോള്‍ ജനാസയുമായി റൌളക്കു സമീപം വിശ്വാസികളെത്തി. അവര്‍ നബി(സ)യോട് ഇങ്ങനെ സമ്മതം ചോദിച്ചു: 'അബൂബക്കര്‍ വാതില്‍ക്കലെത്തിയിരിക്കുന്നു; എന്തു ചെയ്യണം?' തല്‍സമയം റൌളയുടെ വാതില്‍ തനിയെ തുറക്കുകയും 'കൂട്ടുകാരനെ കൂട്ടുകാരന്റെ സമീപത്തേക്ക് പ്രവേശിപ്പിക്കുക' എന്നൊരു വിളിയാളം കേള്‍ക്കുകയും ചെയ്തു. സിദ്ദീഖ്(റ)ന്റെ മരണാനന്തര കറാമത്തായിരുന്നു ഇത്. കണക്കില്ലാത്ത അദ്ഭുതങ്ങള്‍ ഉമര്‍(റ)വിന്റേതായി ചരിത്രത്തിലുണ്ട്. നഹാവന്ദില്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന മുസ്ലിം സൈന്യത്തിന്റെ നായകന്‍ സാരിയ(റ)ക്ക് നിരവധി കാതം അകലെയുള്ള മദീനയില്‍ ഖുതുബ നിര്‍വഹിക്കുന്നതിനിടെ നല്‍കിയ യുദ്ധ നിര്‍ദ്ദേശം പ്രസിദ്ധമാണല്ലോ. നൈല്‍നദി വര്‍ഷത്തിലൊരിക്കല്‍ നിശ്ചലമാവുന്ന സ്വഭാവമുണ്ടായിരുന്നു. ഒരു സുന്ദരിയായ അടിമയെ അതിലെറിഞ്ഞാല്‍ മാത്രം തുടര്‍ന്നൊ ഴുകും. ഇസ്ലാം വ്യാപിച്ച് ഈജിപ്തിന്റെ നിയന്ത്രണമേറ്റപ്പോള്‍ അവിടെ ഗവര്‍ണറായിരുന്ന അംറുബ്നുല്‍ ആസ്വ്(റ) പ്രശ്നം വിശദീകരിച്ച് ഖലീഫക്ക് എഴുതി. ഉമര്‍(റ) ഇങ്ങനെയൊരു കുറിപ്പ് ഉണ്ടാക്കി: "നൈല്‍, നീ ചലിക്കുന്നത് അല്ലാഹുവിന്റെ തീരുമാനപ്രകാരമാണെങ്കില്‍ ഇനിയുമത് തുടരുക. അല്ല, നിന്റെ തീരുമാനം പോലെയാണെങ്കില്‍ ഞങ്ങള്‍ക്ക് നിന്നെ ആവശ്യമില്ല.'' അദ്ദേഹത്തിന്റെ കല്‍പനപ്രപകാരം ഇത് നദിയില്‍ നിക്ഷേപിക്കേണ്ട താമസം നൈല്‍ വീണ്ടുമൊഴുകി. പിന്നീടൊരിക്കലും ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായില്ല. മദീനയില്‍ ഭൂകമ്പുണ്ടായപ്പോഴും അഗ്നി പ്രത്യക്ഷപ്പെട്ടപ്പോഴുമൊക്കെ ഉമര്‍(റ)ന്റെ ഇടപെടല്‍ മുഖേന രക്ഷ ലഭിക്കുകയുണ്ടായിട്ടുണ്ട്. റോമന്‍ ചാരന്‍മാരിലൊരാള്‍ അദ്ദേഹത്തെ വധിക്കാന്‍ സമീപത്തെത്തി. യാതൊരു സുരക്ഷാമാര്‍ഗവുമില്ലാതെ മണലില്‍ മലര്‍ന്നുകിടന്നുറങ്ങുന്ന ഖലീഫയെ ഒറ്റ വെട്ടിന് കൊന്നുകളയാമെന്ന സന്തോഷത്തോടെ അയാള്‍ വാളുയര്‍ത്തിയ മാത്രയില്‍ ഭൂമിയില്‍നിന്ന് രണ്ടു സിംഹങ്ങള്‍ കുതിച്ചുചാടി! ഞെട്ടിവിറച്ച ശത്രുവിന്റെ ആയുധം താഴെ വീണുപോയി. ശബ്ദം കേട്ട് പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റ ഖലീഫയുടെ സ്വഭാവവൈശിഷ്ട്യത്തിനു മുമ്പില്‍ തരിച്ചുപോയ ശത്രു വിശ്വാസിയായാണ് റോമിലേക്കു തിരിച്ചത്. തീര്‍ത്തും വിരുദ്ധസാഹചര്യത്തില്‍ സര്‍വ്വസന്നാഹങ്ങളുമുള്ള ലോകശക്തികള്‍ക്കെതിരെ നിരായുധരും ദുര്‍ബലരും ദരിദ്രരുമായൊരു ജനക്കൂട്ടത്തെ നയിക്കുകയും ഇസ്ലാമിന്റെ വിജയം പിടിച്ചുവാങ്ങുകയും ചെയ്ത ഖത്താബിന്റെ പുത്രന്‍. ലോകചരിത്രത്തില്‍ ഈ മഹാവിപ്ളവത്തിന് സമാനതകളില്ല. അദ്ദേഹത്തിന്റെ അനിഷേധ്യമായ, സര്‍വാംഗീകൃതമായ ഒരു കറാമത്താണിത്. വഴി മധ്യേ ഒരു സ്ത്രീയെ കണ്ടുപോയ അനസ്(റ)വിനോടു നിന്നില്‍ വ്യഭിചാരലക്ഷണം കാണുന്നല്ലോ എന്ന് ഖലീഫ ഉസ്മാന്‍(റ) ചോദിച്ചുവത്രെ. 'പ്രവാചകനുശേഷം പിന്നെയും വഹ്യ് വരുന്നുവോ' എന്നായിരുന്നു ആശ്ചര്യപ്പെട്ട അനസി(റ)ന്റെ പ്രതിവചനം. ഇത് ഉസ്മാന്‍(റ)ന്റെ കറാമത്തുകളിലൊന്നാണ്.
കളവുനടത്തിയ ഒരാളുടെ കരം അലി(റ) ഛേദിക്കുകയുണ്ടായി. ശിക്ഷ ഏറ്റുവാങ്ങി മടങ്ങുന്ന പ്രതിയെ സല്‍മാന്‍(റ), ഇബ്നുല്‍കിറ(റ) എന്നിവര്‍ കാണാനിടയായി. 'ആരാണിദു ചെയ്തത് എന്ന് ഇബ്നുല്‍കിറാ ചോദിച്ചു. സേതാഭജനകമായിരുന്നു മറുപടി: 'മുസ്ലിംകളുടെ നായകന്‍, സര്‍വസൈന്യാധിപന്‍, മുത്തുനബിയുടെ ജാമാതാവ്, വിശുദ്ധയാം ഫാത്വിമയുടെ മണവാളന്‍, എന്ത്യേ? കൈമുറിച്ചയാളെ പുകഴ്ത്തിപ്പറയുന്നുവോ എന്നന്വേഷിച്ച ചോദ്യകര്‍ത്താവിനോട് അദ്ദേഹം പ്രതികരിച്ചതിങ്ങനെ: 'അര്‍ഹമായ ശിക്ഷയായി എന്റെ കൈമുറിക്കുക വഴി നരകത്തില്‍നിന്ന് രക്ഷപ്പെടുത്തിയ ആളെ വാഴത്താതിരിക്കണോ? ഈ സംഭവം സല്‍മാന്‍(റ) ഖലീഫയെ അറിയിച്ചു. അനുകമ്പ തോന്നിയ അദ്ദേഹം കുറ്റവാളിയുടെ മുറിഞ്ഞ കൈപ്പത്തി യഥാസ്ഥാനത്തു ചേര്‍ത്തുവച്ച് ഒരു തുണികൊണ്ട് മൂടി എന്തോ പ്രാര്‍ത്ഥിച്ചു. തല്‍സമയം ആകാശത്തു നിന്നൊരു ശബ്ദം കേട്ടു. 'തുണി എടുക്കുക!' അപ്പോഴേക്കും കൈ പഴയതു പോലെ ശരിയായിരുന്നു. ഈ മുറിവ് കൂട്ടല്‍ അലി(റ)വിന്റെ കറാമത്തായിരുന്നു.
അക്രമിക്കാന്‍ വന്ന സിംഹം സഫീന(റ)ക്ക് സഹായിയും വഴികാട്ടിയുമായതും ഉസൈദ്(റ)ന്റെയും കൂട്ടുകാരന്റെയും വടികള്‍ പ്രകാശം പരത്തിയതും ഖാലിദ്ബ്നുല്‍വലീദ്(റ)ന്റെ പ്രാര്‍ത്ഥന കാരണം മദ്യം സുര്‍ക്കയായി മാറിയതുമൊക്കെ സ്വഹാബികളില്‍ നിന്നുണ്ടായ കറാമത്താണ്. പ്രസിദ്ധങ്ങളായ രണ്ടു സംഭവങ്ങള്‍ കൂടി പറയാം: ശത്രുക്കളുടെ വെല്ലുവിളി സ്വീകരിച്ച് കഠിനവിഷം ഖാലിദ്(റ)ഭക്ഷിച്ചതാണ് അതിലൊന്ന്. പക്ഷേ, അദ്ദേഹത്തിനൊന്നും പറ്റിയില്ല. അലാഉബ്നുല്‍ഹള്റമി(റ)യുടെ മാര്‍ഗ മധ്യേ തടസ്സംസൃഷ്ടിച്ച കടലിനുമുകളിലൂടെ ഇസ്മുല്‍ അഅ്ളം ചൊല്ലി അദ്ദേഹം നടന്നുപോയതാണ് മറ്റൊന്ന്. സ്വൂഫിഗ്രന്ഥങ്ങള്‍ തത്തുല്യമായ നിരവധി അത്ഭുതങ്ങള്‍ വേറെയും രേഖപ്പെടുത്തിയതു കാണാം.'' (തഫ്സീറുല്‍ കബീര്‍ 21/72-76) തുടര്‍ന്ന് ഏഴു ബൌദ്ധിക ന്യായങ്ങളും പ്രമാണങ്ങളും നിരത്തി ഇമാം റാസി(റ) കറാമത്തിന്റെ സാധുത സമര്‍ത്ഥിക്കുന്നു. രിയാളു സ്വാലിഹീന്‍ പോലുള്ള പല ഗ്രന്ഥങ്ങളിലും ഇതു സംബന്ധമായ സുദീര്‍ഘ അധ്യായങ്ങളുണ്ട്.
തര്‍ക്കത്തിന്റെ മര്‍മം
പ്രവാചകന്‍മാരുടെ അമാനുഷിക ദൃഷ്ടാന്തങ്ങളാകുന്ന മുഅ്ജിസത്തോ, വലിയ്യുകളുടെ കറാമത്തുകളോ സ്വയം ഉണ്ടാവുന്നതാണെന്ന് അനുകൂലികള്‍ക്കു വാദമില്ല. അവ മാത്രമല്ല സൃഷ്ടികളുടെ ചെറുചലനമടക്കം എല്ലാം അല്ലാഹു നല്‍കുന്നതാണ്. അല്ലാഹു കഴിവു നല്‍കിയാലും ആര്‍ക്കും അദ്ഭുതങ്ങള്‍ പ്രകടിപ്പിക്കാനാവില്ലെന്ന് വിമര്‍ശകര്‍ക്കും അഭിപ്രായമുണ്ടാവാനിടയില്ല. സര്‍വശക്തനായ ദൈവം ദുര്‍ബലനാവുന്നുവെന്നാണല്ലോ പ്രസ്തുതവിശ്വാസത്തിന്റെ പൊരുള്‍. ഇതോടെ തര്‍ക്കത്തിന്റെ മര്‍മം മഹാ•ാരുടെ ഇഷ്ടത്തിനും താല്‍പര്യത്തിനുമൊത്ത് അദ്ഭുതങ്ങള്‍ ഉണ്ടാവുമോ' എന്നതില്‍ പരിമിതപ്പെടുന്നു. അഥവാ ആവശ്യമുണ്ടാവുമ്പോള്‍ അല്ലാഹു നല്‍കുമോ അതോ കേവലം യാദൃഛികമായി ഒത്തുകിട്ടുകയാണോ എന്നതില്‍. വാഹകര്‍ക്ക് ഒരു സ്വാധീനവുമില്ലെന്ന് പുത്തന്‍വാദികള്‍ പറയുന്നു; ഉണ്ടാവാമെന്ന് മത്രപ്രമാണങ്ങളും.
റാസി(റ)വിന്റെ ഉദ്ധരണയിലെ കൂടുതല്‍ സംഭവങ്ങളും ആവശ്യാനുസരണം ഉണ്ടായ കറാമതുകളാണെന്നു കാണാം. നൈല്‍ ഒഴുക്കിയതും തീ അണച്ചതും ഉദാഹരണം. തീര്‍ത്തും ആവശ്യമായ ഒരു ഘട്ടത്തിലാണ് ഉമര്‍(റ) സാരിയയെ വിളിച്ച് നിര്‍ദ്ദേശം നല്‍കുന്നത്. കൈമുറിഞ്ഞ വ്യക്തിയെ വിളിച്ചുവരുത്തി ബോധപൂര്‍വം തന്നെ മുറിവു കൂട്ടിക്കൊടുക്കുകയാണ് അലി(റ) ചെയ്തത്. ഒരു തീരുമാനവും സ്വാധീനവുമില്ലാതെയുള്ള ഒത്തുകിട്ടലുകളായിരുന്നില്ല ഇതൊന്നും. അല്ലാഹുകാര്യങ്ങളേറ്റ, അവന്റെ തൃപ്തിക്കൊത്തു ചലിക്കുന്നു സുന്നത്തുകള്‍ കൊണ്ട് സ്രഷ്ടാവിന്റെ സാമീപ്യം നേടിയ നിഷ്കളങ്കസാത്വികര്‍ ആവശ്യപ്പെടു#്നനത് അല്ലാഹു തിരസ്കരിക്കുമെന്ന് വിശ്വസിക്കാനാവുമോ? അല്ലാഹുവിനെ സത്യംചെയ്തു പറഞ്ഞാല്‍ എല്ലാം അവന്‍ നിറവേറ്റിക്കൊടുക്കുന്ന വലിയ്യുകളെക്കുറിച്ച് പുണ്യറസൂല്‍(സ) നിരവധി തവണ ഉണര്‍ത്തിയിട്ടുണ്ട്. ഏതെങ്കിലും പ്രാര്‍ത്ഥനകള്‍ അബദ്ധത്തില്‍ സ്വീകരിച്ചു കിട്ടുക എന്നത് അവരുടെ പ്രത്യേകതയല്ല. അത് നബി(സ) വലിയ്യുകളുടെ വിശേഷണമായി എടുത്തുപറയുന്നതിലര്‍ത്ഥവുമില്ല. ഏതു വിശ്വാസിക്കും അങ്ങനെയുണ്ടാവാമല്ലോ. ഇതുകൊണ്ടൊക്കെ മഹാന്‍മാരുടെ താല്‍പര്യപ്രകാരവും അദ്ഭുതങ്ങളുണ്ടാവുമെന്നു മനസ്സിലാക്കാം. ഇമാം നവവി(റ), അസ്ഖലാനി(റ) തുടങ്ങിയ ജ്ഞാനശ്രേഷ്ഠര്‍ക്കുപുറമെ മുജാഹിദ്, ജമാഅത്തുകാര്‍ക്ക് പ്രിയപ്പെട്ട പണ്ഡിതന്‍ ഇബ്നുതൈമിയ്യയും ഇക്കാര്യം സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. ആശയവ്യക്തതയോടെ അദ്ദേഹം എഴുതി: "മഹാ•ാമാരുടെ ആവശ്യമനുസരിച്ചു കറാമത്തുകളുണ്ടാവുമെന്ന് അറിയേണ്ടതുണ്ട്. വിശ്വാസ ദൌര്‍ബല്യം വരുമ്പോള്‍ അതു പരിഹരിക്കാന്‍ കറാമത്ത് കൂടുതലാവശ്യമായിവരും. അങ്ങനെയാണ് സ്വഹാബികളെക്കാള്‍ താബിഉകള്‍ക്ക് കറാമത്ത് വര്‍ധിച്ചത്. എങ്ങനെ നോക്കിയാലും സ്വാലിഹുകള്‍ക്ക് വ്യാപകമായുണ്ടായ കറാമത്തുകള്‍ പ്രാമാണികമാണ്. പിടിവാശിക്കാരായ വിഡ്ഢികളല്ലാതെ അത് നിഷേധിക്കുകയില്ല.'' (ഉദ്ധരണം: അല്‍കലാം ഫീ ശര്‍ഹില്‍ അഖാഇദ്-പു 223)
ആരാധനകള്‍കൊണ്ട് സ്രഷ്ടാവിന്റെ പ്രീതി നേടിയ വലിയ്യുകള്‍ക്ക് ലഭിക്കുന്ന കറാമത്തുകള്‍ക്ക് കൂടുല്‍ തെളിവുകള്‍ ആവശ്യം വരുന്നില്ല. അത് അവരുടെ താല്‍പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായും ഉണ്ടാവുന്നതാണ്. വിശുദ്ധമതത്തിന്റെ അകക്കാമ്പായ ആത്മീയതയെ നിരാകരിക്കുന്നവര്‍ക്ക് ഇതിനെതിരെയും കുരച്ചുകൊണ്ടിരുന്നേ തീരൂ



