വീക്ഷണത്തിലെ വിടവുകള്
ജീവിതത്തിലെത്തിച്ചേരേണ്ട ആത്യന്തികമായ ലക്ഷ്യത്തിലേക്കുള്ള കൃത്യമായ ദിശയെയാണ് യഥാര്‍ഥത്തില്‍ വികസനം എന്ന സാങ്കേതിക ശബ്ദം പ്രതിനിധാനം ചെയ്യുന്നത്. ആ ലക്ഷ്യം ഇനിയും അവ്യക്തവും അതിലേക്കുള്ള ദിശ അനിര്‍ണിതവുമാണെങ്കില്‍ പിന്നെ പുരോഗതിക്കെന്തര്‍ഥമാണുള്ളത്? കൃത്യമായ ലക്ഷ്യബോധമില്ലാതെ ഇരുട്ടില്‍ തപ്പുന്നതിന് പുരോഗതി എന്നു പറയാനാവില്ല. അതിനെ പുരോഗതിയായിക്കാണുന്നവര്‍ വികസനത്തിന്റെ ഉദ്ദേശ്യത്തെ മാത്രമല്ല, സ്വന്തം ആത്മാവിനെക്കൂടി കളവാക്കുകയാണ്.
അവരെ ഉപമിക്കാവുന്നത് തീ കത്തിച്ച ഒരാളോടാകുന്നു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍(തപ്പാന്‍)അവരെ വിടുകയും ചെയ്തു. ബധിരരും ഊമകളും അന്ധ•ാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്) തിരിച്ചുവരികയില്ല അല്ലെങ്കില്‍(അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്ന് ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട് ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കയാണ്. മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ നടന്നു പോകും. ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നു പോവുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ പാടെ നശിപ്പിച്ചു കളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം, അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
രണ്ടു തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെങ്കിലും ഇസ്ലാമിക ലോകവീക്ഷണത്തെ ഒരു ദ്വന്ദ്വമായി ഒതുക്കാനാവില്ല. ഒന്ന് സ്വതന്ത്രവും മറ്റേത് അതിനെ ഉപജീവിച്ചു നില്‍ക്കുന്നതുമാണ്. ഒന്ന് പരമവും മറ്റേത് ആപേക്ഷികവുമാണ്. ഒന്ന് യഥാര്‍ഥവും മറ്റേത് പ്രസ്തുത യാഥാര്‍ഥ്യത്തിന്റെ ആവിഷ്കാരവുമാണ്. ഈയര്‍ഥത്തില്‍ സത്യവും യാഥാര്‍ഥ്യവും ഒന്നേയുള്ളൂ. എല്ലാ ഇസ്ലാമിക മൂല്യങ്ങളും ആത്യന്തികമായി പ്രസ്തുത യാഥാര്‍ഥ്യവുമായി മാത്രമാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ, വ്യക്തിയാവട്ടെ, സമൂഹമാവട്ടെ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം പരിവര്‍ത്തനത്തിലേക്കും പുരോഗതിയിലേക്കും വികസനത്തിലേക്കും പരിപൂര്‍ണതയിലേക്കുമുള്ള ഏതൊരു ശ്രമവും പൂര്‍ണമായും നിര്‍ണയിക്കപ്പെടുന്നത് ഏക യാഥാര്‍ഥ്യത്തിലൂന്നിയ ലോകവീക്ഷണത്താലാണ്. അതിനാല്‍ പ്രായോഗികജീവിതത്തില്‍ തന്നെ സത്യവും ഇസ്ലാമും തമ്മിലുള്ള താളൈക്യത്തിന് വിള്ളലേല്‍പിക്കുന്ന യാതൊരു പരിവര്‍ത്തനത്തിനും വിധേയപ്പെടാതെ, കാലത്തിന്റെ കുത്തൊഴുക്കില്‍ സ്വയം നഷ്ടമാവാതെ, ലൌകിക ജീവിതപരിസരങ്ങളില്‍ നിന്നുമഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് വിധേയപ്പെടാതെതന്നെ സ്വന്തം വിശ്വാസ പ്രമാണത്തിനനുസൃതമായി ജീവിക്കാന്‍ മുസ്ലിമിന് സാധ്യമാവുന്നു.
ഇസ്ലാമില്‍ മനുഷ്യന്, യാതൊരു മാറ്റത്തിരുത്തലിനും വിധേയപ്പെടാത്ത ഖുര്‍ആനുണ്ട് കൂടെ. അന്ത്യദൂതനായ മുഹമ്മദ് മുസ്തഫ(സ)യിലൂടെ അല്ലാഹു വെളിപ്പെടുത്തിയ, അന്തിമവും പരിപൂര്‍ണവുമായ ദൈവിക വചനമാണത്. മുസ്ലിം സദാ കൂടെ കൊണ്ടുനടക്കുന്ന സുവ്യക്തമായ മാര്‍ഗദര്‍ശിയാണ് ഖുര്‍ആന്‍. അക്ഷരങ്ങളില്‍ മാത്രമല്ല, നാവിലും മനസ്സിലും ഹൃദയത്തിലും സദാവര്‍ഷിക്കപ്പെടുന്ന ഖുര്‍ആന്‍ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം തന്റെ സ്വത്വഘടനയെതന്നെ ചലനാത്മകമാക്കുന്ന ശക്തിയാണ്. സ്വത്വലോകത്ത് അന്ധകാരത്താലാവൃതമായ നിലയില്ലാ കടലിനു നടുവിലൊറ്റപ്പെട്ട ദ്വീപുപോലെയാണ് ഇന്ന് ഓരോ മനുഷ്യനും. അവന്ന് സ്വന്തം സ്വത്വം പൂര്‍ണമായും വായിച്ചെടുക്കാനാവില്ല. എന്നാല്‍ ഞാന്‍ ആരാണ്? എന്റെ നിയോഗമെന്താണ്? തുടങ്ങിയ യുഗാന്തരങ്ങളായി മനുഷ്യന്‍ ഉയര്‍ത്തിപ്പോരുന്ന മൌലികമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അപ്രാപ്തിയാണ് ഇത്തരമൊരു അവസ്ഥയില്‍ അവനെ എത്തിക്കുന്നത്. അതിനാല്‍ അത്തരമൊരു ഏകാന്തതയുടെ ആക്രമണത്തിനു വിധേയമാവുന്നത് അല്ലാഹുവിനെ നിഷേധിക്കുകയോ സംശയിക്കുകയോ അവനുമായി തന്റെ ആത്മാവുണ്ടാക്കിയ കരാറിനെ അവമതിക്കുകയോ ചെയ്യുന്നവര്‍ മാത്രമാണ്. കാരണം പ്രസ്തുത കരാര്‍ സംബന്ധിച്ച തിരിച്ചറിവാണ് ഉണ്മയുടെയും അസ്തിത്വത്തിന്റെയും കാര്യത്തില്‍ മനുഷ്യന് അവന്റെ സ്വത്വം നിര്‍ണയിച്ചുകൊടുക്കുന്നത്. അല്ലാഹുവുമായി ചെയ്ത കരാര്‍ തന്റെ സ്വത്വത്തില്‍ ദൃഢീകരിക്കുന്ന മുസ്ലിം ഒരിക്കലും ഏകാകിയല്ല. ധ്യാനസന്ദര്‍ഭത്തില്‍ പോലും സഹജാവബോധത്തിലൂടെയും ആന്തരിക ജ്ഞാനത്തിലൂടെയും തന്റെ സ്വത്വം അതിന്റെ സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിനോട് എത്രമാത്രം അടുത്തിരിക്കുന്നുവെന്ന് അവന്‍ തിരിച്ചറിയുന്നുണ്ട്. മുസ്ലിം സദാ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിലും അവനുമായുള്ള ആത്മഭാഷണത്തിലുമാണ്. അതിനാലവന്‍ തന്റെ സ്വത്വവും നിയോഗവും കൃത്യമായി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് അവന്‍ തന്റെ സ്വത്വത്തില്‍തന്നെ സുരക്ഷിതനും കടുത്ത ഏകാന്തതയുടെ ഭീതിപ്പെടുത്തുന്ന പ്രതിധ്വനികളില്‍ നിന്നും മൂകഭയത്തിന്റെ പിടുത്തത്തില്‍ നിന്നും മോചിതനുമാണ്. ഇസ്ലാമിന്റെ ഉറവിടവും ഇസ്ലാമിക പ്രപഞ്ചവീക്ഷണത്തിന്റെ ആവിഷ്കാര കേന്ദ്രവുമായ ഖുര്‍ആന്‍ ഉണ്മയുടെ പരിപൂര്‍ണതയുടെയും തീര്‍പ്പിന്റെയും പ്രകാശനമാണ്. ഇസ്ലാമാണ് ഉണ്മയുടെ പ്രാതിഭാസികമായ ദൃഢീകരണം എന്ന പോലെ ആ പരിശുദ്ധഖുര്‍ആന്‍ മനുഷ്യരാശിക്കു പകര്‍ന്നു നല്‍കിയ പ്രവാചകതിരുമേനി(സ) മനുഷ്യാസ്തിത്വത്തിന്റെ പരിപൂര്‍ണതയെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു.
മാനവരാശിയിലേക്കുള്ള അല്ലാഹുവിന്റെ അന്തിമ ദൂതര്‍ നമ്മെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കു നയിക്കുന്നവരും സ്വയം പ്രകാശം പരത്തുന്ന ഒരു വിളക്കും സകല സൃഷ്ടിജാലങ്ങള്‍ക്കുമുള്ള അല്ലാഹുവിന്റെ കാരുണ്യവുമാണ്. മാനവരാശിക്കാകമാനം മാതൃകയായി അല്ലാഹു സൃഷ്ടിച്ച അത്യുദാത്ത വ്യക്തിത്വം. അഥവാ ലോകത്തിന്നാകമാനം ഉത്തമമാതൃകയായ പൂര്‍ണമനുഷ്യന്‍. അല്ലാഹുവും അവന്റെ മലക്കുകളും പോലും അവിടുത്തെ ആദരിച്ചനുഗ്രഹിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ആജ്ഞയും മലക്കുകളുടെ മാതൃകയുമനുസരിച്ച് എക്കാലത്തെയും സത്യവിശ്വാസികളും അവിടുത്തെ ആദരിച്ചുപോന്നിട്ടുണ്ട്. അതിനിയും അപ്രകാരം തന്നെ തുടരുകയും ചെയ്യും. പരലോകത്ത് അല്ലാഹു സ്തുത്യര്‍ഹമായ സ്ഥാനം കനിഞ്ഞു നല്‍കുന്നതും അവിടുത്തേക്കു മാത്രമാണ്. മുഹമ്മദ്(സ)യുടെ നാമം തന്നെ സാക്ഷാത്കാരത്തിന്റെ അത്ഭുതമാണ്. കാരണം വഫാത്തിനു ശേഷവും ലോകത്താകമാനം യുഗങ്ങളുടെയോ തലമുറകളുടെയോ വ്യത്യാസമില്ലാതെ സ്തുതിക്കപ്പെടുന്നത് അവിടുന്ന് മാത്രമാണ്. അവിടുത്തെ പൂര്‍വതലമുറകളെ പരിശോധിച്ചാലും ഇത്തരത്തില്‍ വാഴ്ത്തപ്പെട്ട ഒരാളെ കണ്ടെത്താനാവില്ല. ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് നയിച്ചതിലുള്ള നന്ദിയും ആദരവും ആത്മാര്‍ഥമായ സ്നേഹവും കാരണമാണ് നാം അവിടുത്തെ സദാ വാഴ്ത്തുന്നത്. നമ്മുടെ ആത്മാവിനെക്കാളധികം പ്രാവചകതിരുമേനിയെ നാം സ്നേഹിക്കുന്നുണ്ട്. കാലത്തിനോ മറവിക്കോ മങ്ങലേല്‍പിക്കാന്‍ കഴിയാത്തവിധം ശക്തമാണ് അവിടുത്തോട് നമുക്കുള്ള സ്നേഹവും ആദരവും. ഓരോ യുഗങ്ങളിലും തലമുറകളിലും അവിടുന്ന് നമ്മോടൊപ്പമുണ്ട്. അല്ല, അവിടുന്ന് നമ്മുടെ സ്വത്വത്തേക്കാള്‍ നമ്മോടടുത്താണ്. അവിടുത്തെ വാക്കുകളെയും കര്‍മങ്ങളെയും മൌനസമ്മതങ്ങളെയും നാം കൃത്യമായി അനുകരിക്കുന്നു. അപ്രകാരം ഖുര്‍ആന്‍ കഴിഞ്ഞാല്‍ അവിടുന്നാണ് നമ്മുടെ ഉദാത്തമാതൃകയും വഴികാട്ടിയും. പ്രായലിംഗഭേദമെന്യേ സകല മുസ്ലിംകള്‍ക്കും മാതൃകയായി അവിടുന്ന് ഉള്ളതിനാല്‍ ഒരൊറ്റ മുസ്ലിമും സ്വത്വപ്രതിസന്ധിയോ പാശ്ചാത്യരെപ്പോലെ ജനറേഷന്‍ഗ്യാപിന്റെ പ്രശ്നമോ അഭിമുഖീകരിക്കുന്നില്ല. പാശ്ചാത്യ സമൂഹം ഒരിക്കലും ഉണ്മയുടെ തലത്തിലേക്കെത്താനാവാതെ നിരന്തര മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കയാണ്. അവന്റെ ഉണ്മ തന്നെ കേവലം 'ആയിത്തീരല്‍' ആയി മാറിയിരിക്കുന്നു. സുസ്ഥാപിതമായ ഒരു ഏകയാഥാര്‍ഥ്യത്തെ സ്വന്തം ദാര്‍ശനിക ഭൂമികയായി പടിഞ്ഞാറ് അംഗീകരിക്കുന്നില്ല. വാക്കുകള്‍കൊണ്ടും കര്‍മങ്ങള്‍കൊണ്ടും മനുഷ്യജീവിതത്തിന്റെ സകലതലങ്ങള്‍ക്കും മാതൃകയും പ്രചോദനവുമായി മനുഷ്യനായ ഒരു മാര്‍ഗദര്‍ശിയെയും അവരംഗീകരിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം സ്വന്തം അസ്തിത്വവും ലക്ഷ്യവും നിയോഗവുമെല്ലാം ഓരോരുത്തരും അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്. അസ്തിത്വത്തിന്റെ ഭൌതികവും പദാര്‍ഥപരവും മതേതരവുമായ യാഥാര്‍ഥ്യങ്ങളില്‍ നിന്നു മാത്രമാണ് പാശ്ചാത്യന്റെ മൂല്യങ്ങള്‍ പരുവപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ പാശ്ചാത്യസമൂഹം യുവാക്കള്‍, മധ്യവയസ്കര്‍, വൃദ്ധര്‍ എന്നിങ്ങനെ മൂന്നു തലമുറകള്‍ തമ്മിലുള്ള വിടവുകളാല്‍ വിഘടിതമായിരിക്കുന്നു. ഞാന്‍ ആരാണ്? എന്റെ ജീവിതലക്ഷ്യമെന്താണ്? തുടങ്ങിയ മൌലികമായ ചോദ്യങ്ങള്‍ക്ക് അവരവരുടേതായ പരിധിയിലൊതുങ്ങിക്കൊണ്ട് ഉത്തരം കണ്ടെത്തുകയും അതുവഴി സ്വന്തം അസ്തിത്വത്തിന്റെയും ജീവിതത്തിന്റെയും അര്‍ഥം സ്വയം നിര്‍ണയിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളിലാണ് ഓരോ തലമുറയും വ്യാപൃതമായിരിക്കുന്നത്. ഇസ്ലാമിക സമൂഹം ഒരിക്കലും അത്തരമൊരു പ്രതിസന്ധിയിലകപ്പെടുന്നില്ല. അവിടെ വിഭിന്ന തലമുറക്കാരായ ഓരോ വിഭാഗവും ആദ്യമേ തന്നെ സ്വന്തം അസ്തിത്വം നിര്‍വചിക്കുകയും നിയോഗം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. സ്വത്വം തിരിച്ചറിയുന്നത് അല്ലാഹുവുമായുണ്ടാക്കിയ ഉടമ്പടി തിരിച്ചറിയുകയും അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നതിലൂടെയാണെങ്കില്‍ നിയോഗം തിരിച്ചറിയുന്നത് അല്ലാഹുവിന്റെ ഇച്ഛയ്ക്ക് പൂര്‍ണമായും കീഴൊതുങ്ങുകയും അവന്റെ നിയമങ്ങളനുസരിക്കുകയും ചെയ്യുക വഴി ആ കരാറിനെ സാക്ഷാത്കരിച്ചുകൊണ്ടാണ്.
പരിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നും തനിക്കവതീര്‍ണമായ അതേ രൂപത്തില്‍ നമ്മിലേക്കെത്തിക്കുകയും അതുവഴി സ്വന്തം അസ്തിത്വത്തെയും ജീവിതലക്ഷ്യത്തെയും കുറിച്ചുള്ള ജ്ഞാനം നമുക്ക് പകരുകയും ചെയ്തത് പ്രവാചകതിരുമേനി(സ)യാണ്. അവിടുത്തെ ജീവിതം ഖുര്‍ആന്റെ പരിപൂര്‍ണവും ഉദാത്തവുമായ വ്യാഖ്യാനമാണ്. അതിനാല്‍ ആ തിരുജീവിതം മാത്രമാണ് നമുക്ക് മാര്‍ഗദര്‍ശകവും പ്രചോദകവുമായിട്ടുള്ളത്. അതാവട്ടെ പരിപൂര്‍ണവും കാലാതീതവുമാണു താനും. പരിപൂര്‍ണ മാതൃക എന്ന് ഒരാളെക്കുറിച്ചു പറയുമ്പോള്‍ അത് അന്വര്‍ഥമാവണമെങ്കില്‍ മനുഷ്യജീവിതത്തിന് മാര്‍ഗദര്‍ശനം നല്‍കാന്‍ അത്യന്താപേക്ഷിതമായ ശാശ്വത മാനവിക ആത്മീയമൂല്യങ്ങളുടെയെല്ലാം മൂര്‍ത്തരൂപമായിരിക്കണം അയാള്‍. സ്വന്തം ജീവിതകാലത്ത് മാത്രമല്ല, ഭൂമുഖത്ത് മനുഷ്യനുണ്ടാകുന്നു. കാലമത്രയും അവര്‍ക്ക് വെളിച്ചമേകാന്‍ പര്യാപ്തമായിരിക്കണം അയാളിലുള്ള മൂല്യങ്ങള്‍. അത്തരമൊരു മാതൃകയായി മുഹമ്മദ്നബി(സ) യെയല്ലാതെ മറ്റൊരാളെ കണ്ടെത്താനാവില്ല. മുസ്ലിംകളുടെ ഓരോ തലമുറയും അവിടുത്തെ ജീവിതമാതൃക സ്വന്തം ജീവിതത്തിലൂടെ അടുത്ത തലമുറക്ക് പകരുന്നതിനാല്‍ തലമുറകളുടെ വിടവ് എന്നൊരു പ്രതിസന്ധിയേ മുസ്ലിംകള്‍ അനുഭവിക്കുന്നില്ല. മറിച്ച് വിശുദ്ധ പ്രവാചകന്റെ ഉദാത്ത മാതൃക സ്വന്തം ജീവിതത്തിലാവിഷ്കരിക്കുക വഴി ഓരോ തലമുറയും വരും തലമുറക്ക് വെളിച്ചം പകരുകയാണ് ചെയ്യുന്നത്.
വിവ: വി ബഷീര്‍



