April 2010

whosonline
ഇപ്പോള്‍ 5 പേര്‍ രിസാല സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു

രാമന്റെ ദുഃഖം, വായനക്കാരന്റെയും

മീഡിയ / എ ജെ ജയറാം

ഏറ്റവും കുറഞ്ഞത് കഴിഞ്ഞ 50 വര്‍ഷത്തെ കേരള മാധ്യമവ്യവസായ ചരിത്രം മലയാള മനോരമയും മാതൃഭൂമിയും തമ്മില്‍ നടന്ന മേധാവിത്വ മത്സരത്തിന്റെ ചരിത്രം കൂടിയാണ്. മേധാവിത്വം എന്നുപറയുമ്പോള്‍ അത് ഭാഗികമായി മാത്രമേ പത്രപ്രവര്‍ത്തനത്തിന്റെ ഗുണമേയുമായി ബന്ധപ്പെട്ടതാകുന്നുള്ളൂ. തങ്ങളുടെ വിശ്വസ്തരായ വായനാ സമൂഹത്തിന് ഏറ്റവും മികവുറ്റ വാര്‍ത്താ ഉത്പന്നം എത്തിക്കുന്നതിനുള്ള മത്സരം എന്നതിലുപരി അച്ചടിക്കുന്ന കോപ്പികളുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് എത്താനുള്ള, കച്ചവടപരമായ മുന്‍തൂക്കം നേടാനുള്ള മത്സരമായിരുന്നു അത്. ഈ മത്സരത്തില്‍ ഗുണപരമായ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പലപ്പോഴും ഒരു ബോണസ് ആയി മാത്രം കാണാവുന്ന ഒന്നാണ്. തീര്‍ച്ചയായും പ്രിന്റിംഗ് സാങ്കേതികവിദ്യയിലെ പുതുമകള്‍ കേരളത്തില്‍ എത്തിക്കുന്നതിനും അതുവഴി വ്യവസായക്ഷമത നിലനിര്‍ത്തുന്നതിനും രണ്ട് പത്രങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പത്രത്തെ പുതുമയാര്‍ന്ന രീതികളില്‍ പൊതിഞ്ഞ് അവതരിപ്പിക്കുവാന്‍, അതുവഴി കച്ചവടപരമായ മേന്‍മകള്‍ നിലനിര്‍ത്താന്‍ ഈ രണ്ട് പത്രങ്ങള്‍ക്കും കഴിഞ്ഞു. ഈ രണ്ട് മുഖ്യകളിക്കാരുടെയും വിദൂര പ്രതിയോഗികളായി നിലനില്‍ക്കുന്ന 5-6 പത്രങ്ങള്‍ വേറെയുമുണ്ട്. അവരുടെ നിലനില്‍പ്പ് പലപ്പോഴും അവയുടെ പിന്തുണക്കാരായ രാഷ്ട്രീയ/മത/സമുദായ സംഘടനകള്‍ ആണെന്ന് കാണാം. ഈ ഘടകങ്ങളുടെ പിന്തുണയില്ലായിരുന്നെങ്കില്‍ കേരളത്തിലെ പത്രമാധ്യമരംഗം പൂര്‍ണ്ണമായും മാതൃഭൂമിയുടെയും മനോരമയുടെയും പിടിയില്‍ അമര്‍ന്നേനേ. അതിലുപരിയായി ഒരുപിടി ചെറിയ പത്രങ്ങള്‍ ഈ മത്സരത്തിനിടയില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇല്ലാതായിട്ടുണ്ട്. എല്ലാ മുക്കിലും മൂലയിലും തങ്ങളുടെ പത്രം എത്തിക്കാനുള്ള വാശിയില്‍ പ്രാദേശികമായി പുറത്തിറങ്ങിയിരുന്ന ധാരാളം ചെറിയ പത്രങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു. പത്ര മുതലാളിത്തത്തിന്റെ സ്വാഭാവിക യുക്തി അവര്‍ക്കുവേണ്ടി കരയാന്‍ കണ്ണുനീരൊന്നും ബാക്കിവച്ചില്ല. കമ്പോളം മത്സരമാണ്. അതിജീവിക്കാനുള്ള മത്സരശേഷിയുള്ളവര്‍ പിടിച്ചുനില്‍ക്കും എന്നതത്രെ ഇവിടത്തെ ന്യായം. വായനാ സമൂഹത്തെ സംബന്ധിച്ചിടത്തോളം ചെറുകിട പത്രങ്ങളുടെ മരണം ദുരന്തമായിരുന്നു.  പ്രാദേശികമായി നിര്‍മ്മിക്കപ്പെട്ട വാര്‍ത്തകള്‍ക്കുള്ള ഇടം നഷ്ടമായി എന്നതുമാത്രമല്ല ഇതിന്നു കാരണം, തന്റെ പരിസരത്ത് സംഭവിക്കുന്ന ഒരു സംഭവത്തിന്റെ എഴുതപ്പെടലില്‍ സാമൂഹികമായി ഉണ്ടാകാവുന്ന ഇടപെടലുകളുടെ സാധ്യത ഇല്ലാതായി എന്നതു കൂടിയാണ്. അതുകൊണ്ടുതന്നെ പിന്നീട് തനിക്ക് നേരിട്ടറിയാവുന്ന ഒരു സംഭവത്തിന്റെ തികച്ചും വ്യത്യസ്തമായ ഭാഷ്യം വായിച്ച് 'നേരോ' എന്ന് അമ്പരക്കേണ്ടിവരുന്നു.

ഇന്ന് മലയാളിയെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞത് പത്രം മറിച്ചുനോക്കുന്ന ശീലമുള്ളവര്‍ക്ക് വാര്‍ത്ത എന്നത് മിക്കവാറും മനോരമയും മാതൃഭൂമിയും നല്‍കുന്നതാണ്. ഇതെങ്ങനെ സംഭവിച്ചു? ഉദാഹരണത്തിന് രാഷ്ട്രീയമായി, 'നിഷ്പക്ഷത' ഭാവിക്കുന്ന ഒരാളുടെ ദേശാഭിമാനിയില്‍ വരുന്ന ഒരു വാര്‍ത്തയോടുള്ള പ്രതികരണം എടുക്കാം: വാര്‍ത്തയേതുമാകട്ടെ അത് ദേശാഭിമാനിയില്‍ വന്നതായതിനാല്‍ ഒന്നുകില്‍ പച്ചനുണയോ അല്ലെങ്കില്‍ അര്‍ധസത്യം മാത്രമോ ആയിരിക്കുമെന്ന് ആ വായനക്കാരന് മുന്‍ധാരണയുണ്ട്. ചന്ദ്രിക, മാധ്യമം, കേരളകൌമുദി തുടങ്ങിയ പത്രങ്ങളും ഈ മുന്‍വിധിയുടെ ഇരകളാണ്. ഈ പത്രങ്ങളുടെയൊക്കെ വായനക്കാര്‍ ആരായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഈ പത്രങ്ങളിലെ വാര്‍ത്തകളെല്ലാം തന്നെ ഓരോ പ്രത്യേക വിഭാഗങ്ങള്‍ക്കായി പരുവപ്പെടുത്തിയതായിരിക്കുമെന്നുമുള്ള മുന്‍വിധി നിലനില്‍ക്കുന്നുണ്ട്. ഈയൊരു കാഴ്ചപ്പാട് വളരെ നാളത്തെ പരിശ്രമം കൊണ്ട് കേരളത്തില്‍ രൂപപ്പെടുത്തിയെടുത്ത പൊതുബോധത്തിന്റെ ഉപോല്‍പ്പന്നമാണ്. ഇത്തരമൊരു നിര്‍മിതി നടന്നു കഴിഞ്ഞതിനാല്‍ അതിന്റെ തണലില്‍ ഒരുപാട് അസംബന്ധങ്ങള്‍ നാം വായിക്കേണ്ടിവരുന്നു. മനോരമയിലോ മാതൃഭൂമിയിലോ വരുന്ന ഒരു വാര്‍ത്തയുടെ നിജസ്ഥിതി പൊളിച്ചു പരിശോധിക്കാന്‍ ഇന്ന് വായനക്കാരന് അവസരങ്ങളുണ്ടോ? സുഖിപ്പിക്കല്‍ ലൈനിലുള്ള കത്തുകള്‍ മാത്രമേ മനോരമയുടെയും മാതൃഭൂമിയുടെയും വായനക്കാരുടേതായി പ്രസിദ്ധീകരിക്കപ്പെടാറുള്ളൂ. മൂന്നാമതൊരു പത്രം നടത്തുന്ന ചികഞ്ഞുനോക്കലുകളെ മേല്‍പറഞ്ഞ മുന്‍വിധികളുടെ തണലില്‍ തള്ളിക്കളയാന്‍ എളുപ്പമാണ്. അതുകൊണ്ടുതന്നെ ഒരുതരം 'തന്‍വലിപ്പക്കെറുവ്', ധാര്‍ഷ്ട്യം ഈ പത്രങ്ങളുടെ മുഖമുദ്രയാണ്. തങ്ങള്‍ക്കെതിരെ ഉയരുന്ന ഏത് വിമര്‍ശനത്തെയും പത്രസ്വാതന്ത്യ്രത്തിനു നേരെയുള്ള കടന്നുകയറ്റമായി ഇവര്‍ ചിത്രീകരിച്ചു കളയും. അല്ലെങ്കില്‍ തങ്ങളുടെ പേറോളിലുള്ള സാംസ്കാരികനായകരെ അഴിച്ചുവിട്ട് കടിപ്പിക്കും. കേരളത്തിലെ വായനക്കാര്‍, വാര്‍ത്തകളിലെ വ്യക്തികള്‍ ഇന്ന് ഒരര്‍ത്ഥത്തില്‍ പീഡിതരാണ്. വായനക്കാര്‍ അവര്‍ വായനക്കാരായിരിക്കുന്നതിലൂടെ, പണം കൊടുത്ത് പത്രം വാങ്ങുന്നതിലൂടെ ലഭിയ്ക്കേണ്ട   അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. വാര്‍ത്തകളിലെ വ്യക്തികള്‍ക്ക് എന്തു സംഭവിക്കുന്നു എന്നറിയാന്‍ ചില പേരുകള്‍ ഓര്‍ത്താല്‍ മാത്രം മതി. അത് മറിയം റഷീദയോ നമ്പി നാരായണനോ ആവാം. കുഞ്ഞാലിക്കുട്ടിയോ ഫാരിസ് അബൂബക്കറോ ആകാം. അതുമല്ലെങ്കില്‍ പിണറായി വിജയനോ അബ്ദുല്‍ നാസര്‍ മഅ്ദനിയോ ആകാം. മുത്തങ്ങസമരത്തിന്റെ നാളുകളില്‍ പലപ്പോഴും വാര്‍ത്തകള്‍ വംശീയ വെറിയുടെ സ്വഭാവം കൈക്കൊണ്ടു. ആദിവാസികള്‍ തെരുവില്‍ അക്രമിക്കപ്പെടുന്ന അവസ്ഥ പോലും ഉണ്ടായി. ഇനിയും എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റും. വാര്‍ത്തകളിലെ വ്യക്തികള്‍ക്ക് അവരുടെ ഭാഗം പറയാന്‍, അത് രേഖപ്പെടുത്താന്‍ കേരള മാധ്യമങ്ങളില്‍ സ്ഥലമില്ല എന്നുതന്നെ പറയേണ്ടിവരും. ഈ വ്യക്തികളുടെ ഭാഷ്യങ്ങള്‍ മുഴുവന്‍ റദ്ദുചെയ്തുകൊണ്ട് ലേഖകന്റേതായൊരു വിവരണം ഏതു വാര്‍ത്തയുടെയും ഭാഗമാണിന്ന്. അങ്ങനെ മലയാളപത്രങ്ങള്‍ കൂടുതല്‍ കോപ്പികള്‍ അടിച്ചുകൂട്ടാന്‍ തുടങ്ങിയതോടെ വാര്‍ത്തകളുടെ തിരഞ്ഞെടുപ്പിലും വിന്യാസത്തിലും ജനാധിപത്യത്തിന്റേതായ പരിഗണനകള്‍ കൂടുതല്‍ കൂടുതല്‍ ഇല്ലാതാകാന്‍ തുടങ്ങി.

മനോരമയും മാതൃഭൂമിയും പ്രത്യേകമായി എടുത്തു പരിശോധിച്ചാല്‍ നാമിവയ്ക്ക് രണ്ടിനും വ്യത്യസ്തമായ തരം പരിഗണനകളാണ് അനുവദിച്ചിട്ടുള്ളതെന്ന് കാണാവുന്നതാണ്. മനോരമയെപ്പറ്റിയുള്ള ഒരു ശരാശരി വിമര്‍ശനം ഇങ്ങനെയാകാം: മനോരമ കോര്‍പ്പറേറ്റ് മുതലാളിത്ത സ്വഭാവമുള്ള പത്രമാണ്. അതിന് പ്രത്യേകമായ വരേണ്യസാമ്രാജ്യത്വ പക്ഷപാതിത്വമുണ്ട്. വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ  സ്പോണ്‍സര്‍, അമേരിക്കന്‍ വിധേയത്വം, ആളെണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജാതി/മത വിഭാഗങ്ങളെ സുഖിപ്പിക്കല്‍; തികച്ചും വിരുദ്ധമായ രണ്ട് നിലപാടുകളെ ഒരേസമയം ന്യായീകരിച്ച് രണ്ട് വിഭാഗങ്ങളുടെയും കയ്യടിനേടല്‍, ഒരുതരം ക്രിസ്ത്യന്‍ ധാര്‍മിക രാഷ്ട്രീയ സാംസ്കാരിക കാഴ്ചപ്പാട് എന്നിങ്ങനെ അത് നീട്ടിക്കൊണ്ടുപോകാം. ഇതെല്ലാം വലിയൊരു പരിധിവരെ മനോരമയെ സംബന്ധിച്ച് ശരിയാണ് താനും. പത്തു കോപ്പി കൂടുതല്‍ വില്‍ക്കാന്‍ ഇതും ഇതില്‍പരവും ചെയ്യുമെന്നതാണ് പത്രത്തിന്റെ ആപ്തവാക്യം. അത് പുറത്തു പറയാന്‍ മടിയുമില്ല. ആത്യന്തികമായി തങ്ങളുടെ കച്ചവടയുക്തി എല്ലാ വൈരുദ്ധ്യങ്ങളെയും മറികടക്കും എന്ന് മനോരമ തീരുമാനിച്ചിട്ടുണ്ട്.

മാതൃഭൂമിയുടെ കഥയും കാഴ്ചപ്പാടും ഇതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ് എന്ന് വിശ്വസിക്കപ്പെടുന്നു. മനോരമയുടെയും മാതൃഭൂമിയുടെയും തുടക്കം വ്യത്യസ്തമായ പ്രചോദനങ്ങളില്‍ നിന്നാണെന്ന് വിവക്ഷ. മനോരമ ശുദ്ധമായ മുതലാളിത്ത താത്പര്യങ്ങളില്‍, സ്വന്തമായി മൂലധന സമാഹരണം നടത്തി ലാഭം മാത്രം ലക്ഷ്യമാക്കി ആരംഭിച്ച ഒന്നായി കണക്കാക്കപ്പെടുന്നു. മനോരമയുടെ സ്ഥാപകര്‍ക്ക് പോലും അതിനെ വലിയൊരു ചരിത്ര സാംസ്കാരിക ദൌത്യത്തിന്റെ ഭാഗമായ ഒന്നായി വിശ്വസനീയമായി ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.(നടത്തിയ ശ്രമങ്ങള്‍'മോതിരങ്ങളുടെ എണ്ണത്തില്‍ വന്ന വ്യത്യാസം' പോലുള്ള കോമഡികളില്‍ കലാശിക്കുകയും ചെയ്തു.) മനോരമ പുറത്തിറക്കിയ ജീവചരിത്രങ്ങളാവട്ടെ സ്തുതിപാഠകരുടെ നിര്‍ലജ്ജങ്ങളായ വാഴ്ത്തുപാട്ടുകളായി മാത്രം പൊതുജന ശ്രദ്ധനേടി. അതേസമയം മാതൃഭൂമിക്ക് വ്യത്യസ്തമായ ഒരു മനോചിത്രം, വ്യത്യസ്തതയാര്‍ന്ന ഒരു സാംസ്കാരിക ഇടം കേരളീയ പൊതുബോധത്തില്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതു വിധത്തിലാണ് ഇത് രൂപംകൊണ്ടത്? ദേശീയ സ്വാതന്ത്യ്രസമരം, മാതൃഭൂമിയുടെ സ്ഥാപകര്‍ക്ക് അതിലുണ്ടായിരുന്ന പങ്കാളിത്തം, കോണ്‍ഗ്രസ് പ്രസ്ഥാനവുമായുണ്ടായിരുന്ന ചരിത്രബന്ധം ഇങ്ങനെ ചരിത്രപരമായ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ പൊതുസമ്മതി രൂപപ്പെടുത്തിയെടുക്കുകയും ആ പ്രഭാവലയത്തില്‍ മുങ്ങിനില്‍ക്കുകയുമാണ് മാതൃഭൂമി ചെയ്തിരുന്നത്. രാഷ്ട്രീയവും സാമൂഹികവുമായി സക്രിയമായ, സമുദായങ്ങള്‍ക്ക് യോജിച്ചുപോകാവുന്ന നിലപാടുകള്‍ പത്രം സ്വീകരിച്ചുപോന്നു. അതുകൊണ്ടുതന്നെ ഈ സമുദായങ്ങളില്‍ നിന്ന് ഉയര്‍ന്നുവരാവുന്ന ബുദ്ധിജീവികളുടെ പിന്തുണ സ്വാഭാവികമായും മാതൃഭൂമിക്കായി. ഈ വിധത്തില്‍ മനോരമക്ക് സാധ്യമാകാതിരുന്ന സ്വീകാര്യത മാതൃഭൂമിക്ക് രൂപീകരിച്ചെടുക്കാനായി. ഇത്തരത്തില്‍ രൂപപ്പെട്ട പ്രതിച്ഛായയാണ് മാതൃഭൂമിയുടെ സാംസ്കാരിക മൂലധനം. പത്രത്തിന്റെ നിലപാടുകളും കേരളത്തിന്റെ ഉന്നതമായ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ നിലപാടുകളും ഒന്നാണെന്ന രീതി സംജാതമായി. അതുകൊണ്ടുതന്നെ മുഖ്യധാരാ മലയാളികളെ സംബന്ധിച്ചിടത്തോളം അവരുടെ നിലപാടുകള്‍ ഉരച്ചുണ്ടാക്കാനുള്ള ഉരവുകോല്‍ മാതൃഭൂമിയില്‍ ലഭ്യമായി. മുഖ്യധാരാ മലയാളി നിലപാടുകളുടെ ധാര്‍മിക മധ്യസ്ഥ സ്ഥാനം, ഒരു തറവാട്ടുകാരണവരെപ്പോലെ എല്ലാ ഫ്യൂഡല്‍ നകളോടും കൂടി മാതൃഭൂമിയില്‍ സുരക്ഷിതമായിരുന്നു. ഈയൊരു സാംസ്കാരികനിര്‍മിതി മലയാള മനോരമക്ക് പോലും സാധ്യമായിരുന്നില്ല. വമ്പിച്ച മൂലധന സന്നാഹങ്ങളും മാതൃഭൂമിയെ വെല്ലുന്ന കോര്‍പ്പറേറ്റ് മാനേജ്മെന്റും ശൈലിയും കരഗതമായിരുന്നിട്ടും മാതൃഭൂമി കയ്യടക്കിവച്ചിരിക്കുന്ന സാംസ്കാരിക ഇടം മനോരമക്ക് അപ്രാപ്യമായി. വമ്പിച്ച സാമ്പത്തിക സാമൂഹിക മേധാവിത്വം പുലര്‍ത്തുമ്പോള്‍ തന്നെ കേരളത്തിലെ ക്രൈസ്തവര്‍ അപരവത്കരണത്തിന്റെ ഭാഗമാണ് എന്നതിന്റെ സൂചനയാണിത്. അതുകൊണ്ടുതന്നെ സാംസ്കാരികമായി എന്തൊക്കെ ഇടപെടല്‍ നടത്തിയാലും മനോരമ ആത്യന്തികമായി ഒരു നസ്രാണി പത്രമായി കരുതപ്പെട്ടു. അത്തരമൊരു തരംതിരിക്കല്‍ മാതൃഭൂമിക്ക് ഒരു കാരണവശാലും നേരിടേണ്ടി വന്നിരുന്നില്ല. മാതൃഭൂമി 'കേരളീയത' എന്നതിന്റെ സര്‍വ്വംതികഞ്ഞ ഒരു പ്രതിരൂപമായി, ചോദ്യംചെയ്യപ്പെടാതെ നിലകൊണ്ടു. അതുകൊണ്ടുതന്നെ മാതൃഭൂമിക്കെതിരെ ഉയരുന്ന ഏത് വിമര്‍ശനങ്ങളോടും കൌതുകകരമായ രീതിയിലാണ് അതിന്റെ ആരാധകര്‍ പ്രതികരിച്ചത്. ഒരു ആരാധകന്‍ പറഞ്ഞത് 'നല്ല കുലീനതയും ആഢ്യത്വവുമുള്ള പത്രമാണ് മാതൃഭൂമി' എന്നാണ്. അദ്ദേഹം ഉദ്ദേശിച്ചത് വളരെ വ്യക്തമാണ്. ഇത്രയും സവിശേഷമായ ജനിതക ഘടനയുള്ള, പാരമ്പര്യമുള്ള ഒരു പത്രത്തിനു നേരെ വിരല്‍ ചൂണ്ടാന്‍ പോലും നിങ്ങള്‍ക്കെങ്ങനെ സാധിക്കുന്നു എന്ന വ്യസനം. മാതൃഭൂമി മാനേജിംഗ് ഡയറക്ടറുടെ താരപദവി കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു. പത്രമുടമ, ഗ്രന്ഥകര്‍ത്താവ്, ഭൂസ്വാമി, രാഷ്ട്രീയ നേതാവ് എന്നിങ്ങനെ വിവിധ വര്‍ണ്ണങ്ങളില്‍ വിളങ്ങി നില്‍ക്കുകയാണ് ശ്രീ വീരേന്ദ്രകുമാര്‍. ഈ വേഷങ്ങളെല്ലാം തന്നെ നിരന്തരം പൊതുജനദൃഷ്ടിയില്‍ നില്‍ക്കുന്ന ഒന്നായതിനാല്‍ പ്രതികൂലമായ വിമര്‍ശനങ്ങള്‍ ഏല്‍ക്കുവാന്‍ സാധ്യത കൂടുതലുള്ളവയാണ്. പത്രമുതലാളിയെന്ന നിലയിലോ മേല്‍പ്പറഞ്ഞ അധികാര സ്ഥാനങ്ങളിലിരിയിക്കുന്ന വ്യക്തി എന്ന നിലയിലോ അദ്ദേഹം എടുക്കുന്ന നിലപാടുകള്‍ വിമര്‍ശനരഹിതമായി അംഗീകരിക്കാവുന്ന ഒന്നല്ല. ഈ അധികാര രൂപത്തിന് കീഴ്പെട്ട് നില്‍ക്കാത്തവരെ മയപ്പെടുത്താന്‍, വരുതിക്കു കൊണ്ടുവരാന്‍ പത്മപ്രഭാ പുരസ്കാരം മുതല്‍ നിരവധി വഴികള്‍ ഒരുക്കിവച്ചിട്ടുണ്ട്. പത്രമുതലാളിയുടെ ഈയോരോ പദവികളും മാതൃഭൂമിയെ സംബന്ധിച്ചിടത്തോളം അതിനുള്ളതായി സങ്കല്‍പ്പിക്കപ്പെട്ട പുരോഗമനപരമായ ഉള്ളടക്കത്തെ കൂടുതല്‍ ചുരുക്കിക്കൊണ്ടുവരികയാണ്.

അടിയന്തരാവസ്ഥക്ക് ശേഷമുള്ള തലമുറയെ രാഷ്ട്രീയമായി ആഴത്തില്‍ സ്വാധീനിച്ച രണ്ട് സംഭവങ്ങള്‍ ബാബറിമസ്ജിദിന്റെ തകര്‍ച്ചയും ഗുജറാത്ത് കലാപവുമാണ്. ഇന്ദിരാഗാന്ധിയുടെ മരണാനന്തരം നടന്ന സിഖ് കൂട്ടക്കൊലയും ഇതേ മാനങ്ങളുള്ള സംഭവമാണെങ്കിലും അതില്‍ ഇരയാക്കപ്പെട്ട സമൂഹം ഒരു ശരാശരി മലയാളിയുടെ ദൈനംദിന പരിഗണനകളില്‍ വന്നിട്ടില്ല. (അക്കാലത്ത് മൊബൈല്‍ ഫോണുകളില്ലായിരുന്നല്ലോ. മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കില്‍ അതില്‍ എസ്എംഎസ് ആയി വരുന്ന സര്‍ദാര്‍ജി ഫലിതങ്ങള്‍ ഒരുപക്ഷേ, മലയാളിയെ കൂടുതല്‍ വിഷമിപ്പിച്ചേനേ.) ബാബറി മസ്ജിദിന്റെ തകര്‍ച്ച ഒരിക്കലും തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ചയായി അടയാളപ്പെടുത്തിക്കൂടാ. എന്‍എസ് മാധവന്റെ 'തിരുത്ത്' എന്ന കഥയില്‍ പത്രാധിപര്‍ ചുല്യാറ്റ് തന്റെ നീലപ്പെന്‍സില്‍ ഉപയോഗിച്ച് സുഹറ എഴുതിയ വാര്‍ത്ത വെട്ടി എഴുതുന്നുണ്ട്. ആ വാര്‍ത്തയില്‍ സുഹറക്ക് തര്‍ക്കമന്ദിരമെന്നേ എഴുതാന്‍ കഴിയുമായിരുന്നുള്ളൂ. അതുപോലെ തന്നെ ചുല്യാറ്റിന് മാത്രമേ അത് ബാബറി മസ്ജിദ് എന്ന് വെട്ടിയെഴുതാന്‍ കഴിയുമായിരുന്നുള്ളൂ. ഇത് നമ്മുടെ മതേതരത്വത്തിന്റെ ഒരു പ്രതിസന്ധിയാണ് എന്നിരിക്കില്‍ പോലും പിറ്റേ ദിവസം വായനക്കാരന്റെ മുന്നിലെത്തുന്ന ചുല്യാറ്റിന്റെ പത്രം 'ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു' എന്ന തലക്കെട്ടോടെ തന്നെയായിരിക്കും എത്തിയിരിക്കുക. 2009-ല്‍ മാതൃഭൂമി തര്‍ക്കമന്ദിരം, തര്‍ക്കമന്ദിരം എന്ന് ആവര്‍ത്തിച്ചെഴുതുമ്പോള്‍ അതു വെട്ടിയെഴുതാന്‍ നീലപ്പെന്‍സിലുമായി ആരും വരുന്നില്ല. പൊതുജനത്തിന് ദൃശ്യമായ തലത്തില്‍, സ്ഥൂലമായ അര്‍ത്ഥത്തില്‍ വീരേന്ദ്രകുമാര്‍ പറയുന്ന രാഷ്ട്രീയവും പത്രത്തിലൂടെ വിക്ഷേപിക്കപ്പെടുന്ന രാഷ്ട്രീയവും തമ്മില്‍ വലിയ വൈരുദ്ധ്യം നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളില്‍, എഴുത്തില്‍ ഒക്കെ തികഞ്ഞ ജാഗ്രതയോടെ തന്റെ സെക്യുലര്‍ നിലപാടുകള്‍ വിശദീകരിക്കുന്നത് കാണാം. തന്റെ രാഷ്ട്രീയ താവഴികളും ആ രീതിയില്‍ തന്നെയാണ് അദ്ദേഹം വിവരിക്കുന്നത്. ഇന്ത്യന്‍കമ്മ്യൂണിസ്റ് പ്രസ്ഥാനത്തില്‍ നിന്ന് വ്യതിരിക്തമായി ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഒരു സോഷ്യലിസ്റ് രാഷ്ട്രീയം രൂപപ്പെടുത്തുക എന്നതായിരുന്നു ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും ഒക്കെ നിലപാട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ വേരുകളുണ്ടായിരുന്ന ഒരു രാഷ്ട്രീയ നിലപാടു തന്നെയാണത്. ഇന്ന് മുലായം സിംഗിന്റെയും ലാലുവിന്റെയും അകം ശൂന്യമായ രാഷ്ട്രീയം അതിനെ എത്രതന്നെ അവഹേളനപാത്രമാക്കിയിരിക്കുന്നു എന്നു വരികിലും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അതി നിര്‍ണ്ണായകമായ ഒരു വിച്ഛേദനം സാധ്യമാക്കിയത് സോഷ്യലിസ്റ് ലെഗസിയുടെ നേര്‍ അവകാശികളായ ജനതാദള്‍ തന്നെയാണ്. ഇന്ന് കേരളത്തില്‍ അതിന്റെ ഏകാവകാശി താനാണെന്ന് വീരേന്ദ്രകുമാര്‍ അവകാശപ്പെടുന്നുണ്ട്. തന്റെ പത്രസാമ്രാജ്യമുപയോഗപ്പെടുത്തി കേരളത്തിലെ സോഷ്യലിസ്റ് പ്രസ്ഥാനത്തിന്റെ വ്യത്യസ്തങ്ങളായ ആഖ്യാനങ്ങളെയെല്ലാം തമസ്കരിക്കുക വഴിയാണ് അത് സാധ്യമായത് എന്ന് വാദിക്കാവുന്നതാണ്. അതെന്തുതന്നെയായാലും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയ വിപി സിംഗിന്റെ ഗവണ്‍മെന്റ് അട്ടിമറിക്കപ്പെട്ടത് എങ്ങനെയെന്ന് ആരു മറന്നാലും വീരേന്ദ്രകുമാര്‍ മറക്കാന്‍ പാടില്ലാത്തതാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെടാതിരിക്കാന്‍ വിപി സിംഗ് കൊടുത്ത വിലയായിരുന്നു അദ്ദേഹത്തിന്റെ ഗവണ്‍മെന്റിന്റെ തകര്‍ച്ച. (മുംബൈയില്‍ ഭീകരാക്രമണം നടക്കുന്ന നാളുകളിലായിരുന്നു വിപി സിംഗിന്റെ മരണം. മാതൃഭൂമി ആ വാര്‍ത്തക്ക് എത്ര സ്ഥലം നീക്കിവച്ചു?) ഈ രാഷ്ട്രീയ കാലാവസ്ഥ പ്രതിഫലിപ്പിക്കുന്ന(തലക്കെട്ടിലെങ്കിലും) പുസ്തകങ്ങള്‍ (ബുദ്ധന്റെ ചിരി, രാമന്റെ ദു:ഖം) വീരേന്ദ്രകുമാര്‍ എഴുതുകയും ചെയ്തു. ഈ എഴുത്തുകള്‍ എന്തെങ്കിലും ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നെങ്കില്‍ എങ്ങനെയാണ് 'തര്‍ക്കമന്ദിരം' പോലുള്ള തികച്ചും സംഘപരിവാര്‍ നിര്‍മിതികള്‍ മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നത്? സ്വാതന്ത്യ്രത്തിന് മുമ്പുള്ള നാളുകളിലൊന്നില്‍ തോട്ടപ്പണിക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന് സൂചിപ്പിക്കുന്ന മുഖപ്രസംഗം മാതൃഭൂമി എഴുതിയതായി കേട്ടിട്ടുണ്ട്. (അത്യന്തം മനുഷ്യത്വവിരുദ്ധമായ തൊഴിലുകള്‍ ചെയ്യുന്നവര്‍ മനുഷ്യരല്ലാത്തതു കൊണ്ടുതന്നെ മനുഷ്യാവകാശങ്ങള്‍ ഇല്ല എന്നതായിരിക്കുമോ അന്നു പറഞ്ഞിരിക്കാന്‍ ഇടയുള്ള കാരണം?) ഏതായാലും അറുപതോ എഴുപതോ കൊല്ലം മുമ്പ് എഴുതിയ ഒരുകാര്യം സൂചിപ്പിച്ചുകൊണ്ട് ഇന്നത്തെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് വിമര്‍ശനമുന്നയിക്കുന്നത് ശരിയല്ല എന്ന് വാദത്തിനു വേണ്ടി സമ്മതിക്കാമെങ്കിലും സംഘപരിവാര്‍ നിഘണ്ടുവില്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ള പദങ്ങള്‍ അതിന്റെ രാഷ്ട്രീയ വിവക്ഷകള്‍ വ്യക്തമാക്കപ്പെട്ടതിന് ശേഷമുള്ള കാലത്തും അനുസ്യൂതമായി വിന്യസിക്കപ്പെടുന്നത് തികച്ചും യാദൃശ്ചികമെന്നോ അറിവില്ലായ്മയെന്നോ കരുതാനാവില്ല.

ബാബറി മസ്ജിദ് തകര്‍ത്തുവെന്ന് സുഹറ എഴുതിയിരുന്നെങ്കില്‍ എന്ന് നമുക്ക് ആശിക്കാനേ പറ്റൂ. പക്ഷേ, നീലപ്പെന്‍സിലുമായി നടക്കേണ്ട ചുല്യാറ്റുമാര്‍ക്ക് നിര്‍ണ്ണായക ഘട്ടങ്ങളില്‍ പനി പിടിച്ചാലോ?