April 2010

whosonline
ഇപ്പോള്‍  രിസാല സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു

വായനക്കാരനെ 'ഹഡ്ഡടി'ക്കുമ്പോള്

ശാഹിദ്

'വര്‍ത്തമാനപത്രങ്ങള്‍ നമ്മുടെ ദേശീയനിധിയാണ്; സാഹിത്യമാണ്; ദേശീയ പൈതൃകമാണ്. സമീപകാല ചരിത്രമാണ്, പുരാവസ്തു ഗവേഷണകേന്ദ്രമാണ്; സര്‍വ്വകലാശാലയുമാണ്'- സ്റാലിനിസത്തിന്റെ പരാക്രമങ്ങള്‍ കടന്നുവരുന്നതിനു തൊട്ടുമുമ്പ് റഷ്യന്‍ മാധ്യമവിശാരദനായ ഉസ്മാന്‍ അക്രോപാക്കിയാണ് ഇങ്ങനെ കുറിച്ചിട്ടത്. മഹാനായ ടോള്‍സ്റോയ്, സാര്‍ചക്രവര്‍ത്തിമാരുടെ ക്രൂരതകളും കൊള്ളരുതായ്മകളും തന്റെ രചനകളിലൂടെ വരച്ചുകാട്ടുമ്പോഴെല്ലാം താന്‍ നിര്‍വ്വഹിക്കുന്നത് മഹത്തായ മാധ്യമ പ്രവര്‍ത്തനമാണെന്ന് സ്വകാര്യമായി അഭിമാനം കൊണ്ടിരുന്നുവത്രെ. ഭൂമുഖത്തെ ഏറ്റവും ഉത്കൃഷ്ട തൊഴിലായിരുന്നു സന്ദേശവാഹകരുടേത്.

   പാശ്ചാത്യനായ ഹിക്കിയുടെ ബംഗാള്‍ ഗസറ്റിലൂടെയാണ് ഇന്ത്യയിലെ പത്രപ്രവര്‍ത്തനചരിത്രം തുടങ്ങുന്നതെങ്കിലും പിറവി മഹനീയമായ തൊഴുത്തിലായിരുന്നു. ദേശീയ നവോത്ഥാനത്തെയും വിമോചന പ്രക്ഷോഭങ്ങളെയുമെല്ലാം അവയുടെ ഫലപ്രാപ്തിയില്‍ എത്തിച്ചത് ദേശീയമാധ്യമങ്ങള്‍ തന്നെ. ഇന്ത്യന്‍ സ്വാതന്ത്യ്രസമരങ്ങളുടെ ഉപോല്‍പന്നമായി പിറവിയെടുത്ത പത്രങ്ങള്‍ ഒരുവേള ദേശീയ വികാരം ആളിക്കത്തിക്കുന്നതിലും സാമൂഹിക പരിഷ്കരണോദ്യമങ്ങളെ പരിപോഷിപ്പിക്കുന്നതിലും പ്രതിബദ്ധതയോടെ  മുന്‍നിര പോരാളികളായി നിന്നു. ഉയര്‍ന്ന മൂല്യവിചാരത്തോടെ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുകയും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ അടരാടുകയും ചെയ്തു. പുതിയ സമൂഹസൃഷ്ടിയുടെ സന്ദേശവാഹകരായും മാറ്റത്തിന്റെ രാസത്വരകങ്ങളായും വര്‍ത്തിച്ചു. എന്നാല്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് സംഭവിച്ച ഒരപചയം അതിനോടൊപ്പം വളര്‍ന്ന പത്രപ്രവര്‍ത്തനത്തിനുമുണ്ടായിരുന്നു. ദേശീയതയോടുള്ള സൂക്ഷ്മമായ കാഴ്ചപ്പാടില്‍ ഭൂരിപക്ഷ സമൂഹത്തെ മാത്രമേ അവ പ്രതിനിധാനം ചെയ്തുള്ളൂ. കീഴാള, ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍ ഉള്‍പ്പെടുത്താന്‍ പരിശ്രമിച്ചില്ല എന്നു മാത്രമല്ല, മാറ്റിനിര്‍ത്തുന്നതില്‍ അപാകത കാണുകയുമുണ്ടായില്ല. അതോടെ സംഭവിച്ച ദുരന്തം ഇന്നും ജപാപമായി ഇത്തരം പത്രങ്ങളെ പിന്തുടരുന്നുണ്ടെന്ന യാഥാര്‍ഥ്യം ആരും തുറന്നുപറയാറില്ല. മുഖ്യധാരയുടെ ജിഹ്വയെക്കുറിച്ചുള്ള ഒരു വിശകലനവും മര്‍മ്മത്തു കൊള്ളാന്‍ പോകുന്നില്ല എന്ന വിചാരം കൊണ്ടാവണം ഇരകള്‍ പോലും വേദന സഹിക്കുകയല്ലാതെ, ഇവര്‍ ചെയ്യുന്ന ക്രൂരകൃത്യങ്ങളെ കുറിച്ച് പൊതുസമൂഹത്തിനു മുമ്പാകെ നാക്കെടുക്കാന്‍ പോലും തയാറാവാറില്ല. മലയാള മനോരമയുടെ 'വിഷവേരുകള്‍' തേടിയിറങ്ങിയ കമ്മ്യൂണിസ്റ് ജിഹ്വ പോലും അടുത്തിടെ ഇടതുമുന്നണിയില്‍നിന്ന് പുറത്താക്കപ്പെട്ട എം പി വീരേന്ദ്രകുമാര്‍ പിണറായി വിജയനെ കടിച്ചുകീറുന്നത് വരെ മാതൃഭൂമിയെ കുറിച്ച് കാര്യമായി വിമര്‍ശനമുയര്‍ത്തിയിരുന്നില്ലല്ലോ?

   മാതൃഭൂമിപത്രത്തിന്റെ ഇതപ്പര്യന്തമുള്ള ജീവിതത്തോട് ചേര്‍ത്തുവായിക്കേണ്ട പരാക്രമങ്ങള്‍ മുഴുവനും മുസ്ലിം മുഖ്യധാരയോടാണെന്ന് കാണാന്‍ സ്വാതന്ത്യ്രലബ്ധി തൊട്ടുള്ള അതിന്റെ താളുകള്‍ മറിച്ചുനോക്കിയാല്‍ മതി. ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ ജിഹ്വ എന്ന നിലയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സകല ഉദ്യമങ്ങള്‍ക്കും കൊള്ളരുതായ്മകള്‍ക്കും ചൂട്ടുപിടിച്ച കെ പി കേശവമേനോന്റെ മാതൃഭൂമി, മുസ്ലിംലീഗിനോട് പ്രദര്‍ശിപ്പിച്ച എതിര്‍പ്പ് പലപ്പോഴും മാപ്പിള സമൂഹത്തോടുള്ള ഒടുങ്ങാത്ത കെറുവായി മാറിയിരുന്നുവെന്നതാണ് പരമാര്‍ഥം. ദേശീയ പ്രസ്ഥാനം സവര്‍ണരുടെയും ആഢ്യാരുടെയും ഏര്‍പ്പാടാണെന്ന വിചാരഗതിയില്‍ മ്ളേച്ഛാരായ മാപ്പിളമാരെയും അവരുടെ രാഷ്ട്രീയ പ്രതിനിധാനമായ മുസ്ലിംലീഗിനെയും മാതൃഭൂമി അങ്ങേയറ്റം വേട്ടയാടി. ഒരു പക്ഷേ, ഇന്ന് സൂഫിയ മഅ്ദനിയെ വേട്ടയാടിയതിനേക്കാള്‍ ശക്തിയോടെ. സ്വാതന്ത്യ്ര പ്രാപ്തിയോടെ, കോഴിക്കോട്ടെ പ്രമാണിമാര്‍ ന്യൂനപക്ഷ രാഷ്ട്രീയ കൂട്ടായ്മയോട് സലാം ചൊല്ലിപ്പിരിയാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക് മുന്‍പേജ് പരിഗണനയും പ്രകീര്‍ത്തനങ്ങളും കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നതില്‍ മാതൃഭൂമി അന്ന് കാട്ടിയ ആവേശം സാമുദായിക ചേരിതിരിവിനു പോലും കാരണമായിരുന്നു എന്നത് അതിശയോക്തിയല്ല. കോണ്‍ഗ്രസിന് പുറത്തുള്ള മുസ്ലിംകളെല്ലാം വര്‍ഗീയവാദികളാണെന്ന പൊതുബോധം കേരളീയ സമൂഹത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനും കീഴാള ന്യൂനപക്ഷ കൂട്ടായ്മകള്‍ രാജ്യദ്രോഹ ഉപകരണങ്ങളാണെന്ന അബദ്ധ ധാരണ ഭൂരിപക്ഷ സമൂഹത്തില്‍ വേരൂന്നുന്നതിനും പത്രത്തിന്റെ അന്നത്തെ നിലപാട് വലിയ പങ്കാണ് വഹിച്ചത്. സാമുദായികമായ ഈ അന്യവത്കരണം രാഷ്ട്രീയ അയിത്തത്തിന് കാരണമായതാണ് 1967-വരെ മുസ്ലിംലീഗിന് ഗതികിട്ടാതെ വരാന്‍ കാരണം. തളിക്ഷേത്ര പ്രശ്നംപോലുള്ള വിവാദവിഷയങ്ങളില്‍ ഒരിക്കലും നിഷ്പക്ഷമായോ സഹിഷ്ണുതാ പൂര്‍വമായോ അല്ല പെരുമാറിയത്. പലപ്പോഴും ആര്‍ എസ് എസ് ജിഹ്വയായി രൂപാന്തരപ്പെട്ടു. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ കേരളമാണ് ആര്‍ എസ് എസിന് വളക്കൂറുള്ള മണ്ണെങ്കില്‍ അത് പാകപ്പെടുത്തിക്കൊടുക്കുന്നതില്‍ മാതൃഭൂമി അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ മീഡിയയുടെ പൊതുപൈതൃകത്തെ സൂചിപ്പിക്കുന്ന സൂത്രവാക്യമായ ങൌരവ(ങമഹല ഡുുലൃ ഇമലെേ ഒശിറൌ)കേരളീയ സമൂഹത്തില്‍ പ്രയോഗവത്കരിക്കപ്പെട്ടതും അതിന്റെ നിസര്‍ഗ സിദ്ധമായ ദൂഷ്യഫലങ്ങള്‍ പ്രസരിപ്പിച്ചതും മാതൃഭൂമിയില്‍കൂടിയാണ്. എഴുപതുകള്‍വരെ മലബാറില്‍ മലയാള മനോരമയുടെ സ്വാധീനവും റീഡര്‍ഷിപ്പും പരിമിതമായിരുന്ന സാഹചര്യം മുതലെടുത്തും ചന്ദ്രികയുടെ പരാധീനതകള്‍ ചൂഷണം ചെയ്തുമാണ് ഇപ്പത്രം തൃശൂര്‍  തൊട്ട് കാസര്‍ക്കോട് വരെ അടക്കിവാണത്. മലയാളിയുടെ വായനാശീലത്തിന് ഏകീകൃതരൂപം നല്‍കുകയും ഭാഷയുടെ വളര്‍ച്ചക്ക് സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തുകൊണ്ട് തന്നെയാണ് ഈ മുന്നേറ്റമെന്നതു വിസ്മരിക്കാവതല്ല.

   മലബാറിലെ മുസ്ലിംകളില്‍ പ്രമാണിമാരും വിദ്യാസമ്പന്നരും അഭിജാതകുലജാതരും മാത്രമേ ഒരുകാലത്ത് മാതൃഭൂമി വീട്ടില്‍ കയറ്റിയിരുന്നുള്ളൂ. ഒരുപക്ഷേ, മനോരമക്ക് പെട്ടെന്ന് മലബാറിലെ മുസ്ലിം സമൂഹത്തിനിടയില്‍ ഇടം കണ്ടെത്താന്‍ സാധിച്ചതു തന്നെ മാതൃഭൂമിയോടുള്ള ഈ ചതുര്‍ഥി കാരണമാണ്. ഇതിനര്‍ഥം ദേശീയ മുസ്ലിംകളോടും അഭ്യസ്ത വിദ്യരോടും പത്രം മമത കാണിച്ചിരുന്നുവെന്നല്ല. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്ന പശുമാര്‍ക്ക് ദേശീയ വാദിയോട് ഈ പത്രം കാണിച്ച ക്രൂരത ചെറുതായിരുന്നില്ല. കോഴിക്കോട്ടെ 'ചാലപ്പുറം ഗാങ്' എന്നറിയപ്പെടുന്ന കോണ്‍ഗ്രസ് ആര്‍ എസ് എസുകാര്‍ക്കു വേണ്ടി മാതൃഭൂമി നിലകൊണ്ടപ്പോള്‍ അബ്ദുറഹ്മാന്‍ സാഹിബും ഇ മൊയ്തു മൌലവിയുമൊക്കെ പൂര്‍ണമായും തഴയപ്പെട്ടു. ആ ഒറ്റപ്പെടല്‍ സൃഷ്ടിച്ച വ്യഥയില്‍ നിന്നാണ് 'അല്‍ അമീന്‍' പിറക്കുന്നത്. കോണ്‍ഗ്രസിലെ ചേരിപ്പോരുകള്‍ രൂക്ഷമായ ഘട്ടങ്ങളിലെല്ലാം അതിന് വര്‍ഗീയമാനം നല്‍കാനും സവര്‍ണരെ വിജയിപ്പിക്കാനും മാതൃഭൂമി അരങ്ങിലും അണിയറയിലും നടത്തിയ കളികള്‍ അക്കാലത്ത് സംസാരവിഷയമായിരുന്നുവത്രെ.

   തളിക്ഷേത്ര സംഘര്‍ഷം, മലപ്പുറം ജില്ലാ രൂപവത്കരണം, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപനം, ഗുരുവായൂര്‍ തീവെപ്പ്, നിലക്കല്‍ പ്രശ്നം തുടങ്ങിയ വിഷയങ്ങളിലെല്ലാം കടുത്ത പക്ഷപാതിത്വപരവും ന്യൂനപക്ഷ വിരുദ്ധവുമായ നിലപാട് സ്വീകരിച്ച് പത്രം സാമുദായിക സംഘര്‍ഷത്തിന്റെ എരിതീയില്‍ എണ്ണയൊഴിക്കാനും ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനും മടി കാണിച്ചിരുന്നില്ല. വിഭജനത്തിന് തൊട്ടുപിറകെയുള്ള കാലത്ത് സംഭ്രാന്തിയിലും കടുത്ത ആശങ്കയിലും കഴിഞ്ഞിരുന്ന മുസ്ലിം സമൂഹത്തിന് സാന്ത്വന സ്പര്‍ശം നല്‍കുന്നതിനു പകരം അവരെ വേട്ടയാടുന്ന സമീപനമാണ് പത്രം കൈക്കൊണ്ടത്.  മലപ്പുറത്തെ മാപ്പിളമാര്‍ 'മാപ്പിളസ്താനെ'ക്കുറിച്ചാണ് സ്വപ്നം കാണുന്നതെന്നും താനൂര്‍ കടപ്പുറത്തു നിന്ന് കറാച്ചിയിലേക്ക് കപ്പലോടുന്ന കാലം അതിവിദൂരമല്ലെന്നും പതിവായി എഴുതിപ്പിടിപ്പിച്ചു. മുസ്ലിം ലീഗിനെ കോണ്‍ഗ്രസുമായി അടുപ്പിക്കാന്‍ ഏതെങ്കിലും കോണില്‍ നീക്കം നടക്കുമ്പോഴേക്കും മതേതരത്വത്തിന്റെ കാവല്‍പട്ടിയായി മാതൃഭൂമി കുരച്ചു ചാടുമായിരുന്നു. പാര്‍ട്ടിയെ സഖ്യത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് അന്നത്തെ കോണ്‍ഗ്രസ് അഖിലേന്ത്യാ സാരഥി കാമരാജിനെ സമീപിച്ചപ്പോള്‍ തങ്ങളുടെ നിസ്സഹായത പ്രകടിപ്പിച്ചത് 'കേശവമേനോന്റെ പത്രത്തില്‍ നിന്ന് എതിര്‍പ്പ് ശക്തമാവും' എന്ന് പറഞ്ഞായിരുന്നുവെന്ന "പ്രൈസ് ഫോര്‍ ഫ്രീഡം'' എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഹൈദരാബാദ് പട്ടാള ഇടപെടല്‍ കാലത്ത് പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ അറസ്റ് ചെയ്തപ്പോള്‍ അതിനെ സ്വാഗതംചെയ്യുന്ന തരത്തിലാണ് മാതൃഭൂമി മുഖപ്രസംഗമെഴുതിയത്. മലപ്പുറം ജില്ല നിലവില്‍ വന്നാല്‍ അത് മറ്റൊരു പാക്കിസ്താനായി മാറുമെന്നുവരെ എഴുതിപ്പിടിപ്പിച്ചു. ആര്യാടന്‍ മുഹമ്മദിനെപ്പോലുള്ള ലീഗ് വിരുദ്ധര്‍ പുലയസ്ത്രീകളെ കാച്ചിയുടുപ്പിച്ച് മഞ്ചേരി നഗരത്തിലൂടെ ജാഥ നടത്തിച്ചപ്പോള്‍ വി എം കോറാത്തിന്റെ പത്രത്തിന് അത് മുന്‍പേജ് പടമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം മലപ്പുറം ജില്ലയിലാണെന്ന് കണ്ടെത്തി അതിനെതിരെ പ്രചണ്ഡമായ പ്രചരണം അഴിച്ചുവിട്ടപ്പോള്‍ സി എച്ച് മുഹമ്മദ്കോയക്ക് അദ്ദേഹത്തിന്റെ സ്വതസ്സിദ്ധമായ ഭാഷയില്‍ ചില മുന്നറിയിപ്പുകള്‍ നല്‍കേണ്ടിവന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്ന പേരില്‍ പോലും അപാകത കണ്ടെത്തി. എല്ലാറ്റിനുമൊടുവില്‍ തമിഴ്നാട്ടുകാരനായ ഡോ. ഘനിയെ വി സിയായി നിയമിക്കാന്‍ വിദ്യാഭ്യാസമന്ത്രി സി എച്ച് മുഹമ്മദ്കോയ നടപടി ആരംഭിച്ചപ്പോള്‍ അന്ന് പി വി സിയായിരുന്ന സുകുമാര്‍ അഴീക്കോട് ഫണം വിടര്‍ത്തി വിഷം വമിച്ചു. പ്രാപ്തനായ ഘനിയുടെ നിയമനം ശരിയായ തീരുമാനമായിരുന്നുവെന്ന് പിന്നീട് യശശ്ശരീരനായ സി അച്യുതമേനോന്‍ പോലും അംഗീകരിക്കുകയുണ്ടായി. അഴീക്കോട് ആവേശമുള്‍ക്കൊണ്ടത് മാതൃഭൂമി പകര്‍ന്ന പിന്തുണയില്‍ നിന്നായിരുന്നു.

   ഒരു സമൂഹം എന്ന നിലയില്‍ മാപ്പിളമാരുടെ സാമൂഹികവും സാംസ്കാരികവുമായ അഭ്യുന്നതി ഒരിക്കലും ദേശീയ ജിഹ്വയായ മാതൃഭൂമിയുടെ അജണ്ടയില്‍ കയറിവന്നിരുന്നില്ല. മാത്രമല്ല, ആ സംസ്കൃതിയെ നിന്ദിക്കാനും പ്രകോപിപ്പിക്കാനും തരംകിട്ടുമ്പോഴൊക്കെ പരമാവധി ശ്രമിക്കുകയും ചെയ്തു. അതിന്റെ ഏറ്റവും ക്രൂരമുഖം അനാവൃതമായത് ശരീഅത്ത് വിവാദ കാലത്താണ്. ശാബാനുബീഗം കേസിന്റെ പശ്ചാത്തലത്തില്‍ ശരീഅത്ത് സംരക്ഷണത്തിന് ഇന്ത്യയിലെ മുസ്ലിംനേതൃത്വം ഒന്നടങ്കം രംഗത്തുവന്ന 1984-85 കാലഘട്ടത്തില്‍ മാതൃഭൂമി ഏറ്റെടുത്ത് നടത്തിയ ദൌത്യം ഒരു നിഷ്പക്ഷ പത്രത്തിന്റേതായിരുന്നില്ല. പ്രത്യുത, കടുത്ത പക്ഷപാതിത്വത്തിന്റേതായിരുന്നു. ഇസ്ലാമിക നിയമവ്യവസ്ഥയുടെ 'ക്രൂരത' വിവരിക്കാനും 'നാടുനീളെ കെട്ടിനടക്കുന്ന മുസ്ലിംകളുടെ മ്ളേച്ഛസ്വഭാവം' പൊതുസമൂഹമധ്യേ തുറന്നു കാട്ടാനും കാണിച്ച ഔത്സുക്യം മുസ്ലിം നേതൃത്വത്തെയും ബുദ്ധിജീവികളെയും കടുത്ത പ്രതിരോധത്തില്‍ നിര്‍ത്തി. എം ഡി നാലപ്പാടായിരുന്നു അന്ന് പത്രാധിപര്‍. ഓരോ ദിവസവും ഒന്നാം പേജില്‍ മുസ്ലിം ചെറുപ്പക്കാര്‍ ത്വലാഖ് ചൊല്ലി പുറന്തള്ളുന്ന നിസ്സഹായരായ മുസ്ലിം യുവതികളുടെ പടവും അഭിമുഖവും കൊടുത്ത് ശരീഅത്തിന്റെ 'കരാളത' പൊതുധാരയെ തെര്യപ്പെടുത്തി. അക്കാലഘട്ടത്തില്‍ തിരുവനന്തപുരം ബീമാപള്ളി മഹല്ല്കമ്മിറ്റി ഒരു സ്ത്രീയെ ഹദ്ദടിക്കാന്‍ തീരുമാനിച്ചുവെന്നു പറഞ്ഞ് 'ഹഡ്ഡടി'യുടെ വാര്‍ത്ത ദിവസവും ഒന്നാം പുറത്ത് കുത്തിനിറച്ച് മുസ്ലിംകളെ നാണം കെടുത്തി. വ്രണപ്പെട്ട മുസ്ലിം മനസ്സിന് ആശ്വാസം പകരാനും വിവാഹമോചനം ചെയ്യപ്പെടുന്ന മുസ്ലിം സ്ത്രീകളുടെ സംരക്ഷണം നിയമാനുസൃതമാക്കാനും രാജീവ്ഗാന്ധി സര്‍ക്കാര്‍ 1986-ലെ വനിതാബില്‍ കൊണ്ടുവന്നപ്പോള്‍ ആകാശം ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന നീചകൃത്യമായി അതിനെ അവതരിപ്പിച്ചു. ബില്ലിനെ എതിര്‍ത്ത ആരിഫ് മുഹമ്മദ് ഖാനെ അഭിനവ സര്‍ സയ്യിദ് അഹമ്മദ്ഖാനായി കൊണ്ടുനടന്ന ആ പത്രത്തിന്റെ മേധാവികള്‍ ഇന്ന് ഖാന്‍ എവിടെയാണുള്ളത് എന്ന് അന്വേഷിച്ചാല്‍ ലജ്ജിച്ചു തലതാഴ്ത്തേണ്ടിവരും. രാജീവ് ഗാന്ധിക്ക് എല്ലാ പിന്തുണയും നല്‍കി മുസ്ലിം മനസ്സിനോടൊപ്പം നിന്ന മന്ത്രി അന്‍സാരിയെ എല്ലാറ്റിനുമൊടുവില്‍ സംഘ്പരിവാര്‍ ഒരു യുവതിയെ ഉപയോഗപ്പെടുത്തി നാണം കെടുത്തിയപ്പോള്‍ സത്യാവസ്ഥ അന്വേഷിക്കാതെ മാതൃഭൂമി അത് കൊണ്ടാടി. മുസ്ലിം ലീഗിന്റെ ജിഹ്വ എന്ന നിലയില്‍ ചന്ദ്രികയുടെ പരിമിതി വലുതാണെന്ന വിലയിരുത്തലില്‍ മറ്റു പ്രസിദ്ധീകരണങ്ങള്‍ അനിവാര്യമാണെന്ന് സമുദായനേതൃത്വം ഗൌരവപൂര്‍വ്വം ചിന്തിച്ചത് ശരീഅത്ത് വിവാദ കാലത്ത് നേരിടേണ്ടിവന്ന അവഹേളനത്തിന്റെയും നിന്ദയുടെയും കൂരമ്പുകളേറ്റ്, വേദനകൊണ്ട് പുളഞ്ഞപ്പോഴാണ്. അസ്തിത്വ ദു:ഖത്തിന്റെയും അന്യവത്കരണത്തിന്റെയും ഈ കാലസന്ധിയിലാണ് അന്തസ്സോടെ ഇവിടെ ജീവിക്കണമെങ്കില്‍ അക്ഷരത്തിന്റെ പുതിയ വരായുധങ്ങള്‍ കരുപ്പിടിപ്പിക്കേണ്ടതുണ്ടെന്ന്, ചിന്തിക്കുന്നവര്‍ മനസ്സിലാക്കിത്തുടങ്ങിയത്. ആ ചിന്തയുടെ ഫലം കാല്‍നൂറ്റാണ്ടു കൊണ്ട് എങ്ങും ദൃശ്യമാണ്. പുതിയ കുറെ നല്ല പത്രങ്ങള്‍ ഉടലെടുത്തു. പ്രതികരണക്ഷമമാണ് ഇന്ന് കേരളീയ മുസ്ലിം സമൂഹം. ആര്‍ക്കും അവരുടെ മര്‍മത്തില്‍ പ്രഹരിച്ച് ഈസിവാക്കോവര്‍ നടത്താന്‍ പറ്റില്ല. ധിഷണാപരമായി അവര്‍ സര്‍വായുധ വിഭൂഷിതരാണിന്ന്.

   അതു മനസ്സിലാക്കി മാതൃഭൂമി പ്രയോഗിക്കുന്ന കുനുട്ട് ബുദ്ധിയുടെ ഭാഗമാണ് മുസ്ലിം പ്രതിനിധാനങ്ങളായി ഹമീദ്ചേന്ദമംഗല്ലൂര്‍, എം എന്‍ കാരശ്ശേരി ആദിയായവരെ പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്നത്. 99.99 ശതമാനം വരുന്ന കേരളീയ മുസ്ലിംകളാല്‍ തിരസ്കരിക്കപ്പെട്ട ഈ വ്യക്തികളുടെ വികലവും വികൃതവുമായ കാഴ്ചപ്പാടുകള്‍ പുരോഗമനപരവും ഉത്പതിഷ്ണുത്വപരവുമെന്ന് മുദ്രയടിച്ച് മുസ്ലിം മുഖ്യധാരയെ എറിയാന്‍ ഇവരുടെ കൈയില്‍ കല്ല് കൊടുക്കുന്ന തരംതാഴ്ന്ന ഏര്‍പ്പാട്. സംവാദമെന്ന വ്യാജേന മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ആര്‍ എസ് എസിനെ അഭിഷിക്തമാക്കാന്‍ മാസങ്ങളോളം ഗാലണ്‍ കണക്കിന് മഷിയൊഴുക്കിയ തന്ത്രത്തിന്റെ മറുവശമെന്നോണം 'രാഷ്ട്രീയ ഇസ്ലാമി'നെയും 'ഭീകര ഇസ്ലാമി'നെയും 'യാഥാസ്ഥിതിക ഇസ്ലാമി'നെയും വരച്ചുകാട്ടാന്‍ ഇക്കൂട്ടരെ ശട്ടം കെട്ടിക്കുന്ന കാഴ്ച ഇപ്പോഴും കാണാം. ഇസ്ലാമുമായോ മുസ്ലിം സമൂഹവുമായോ ഇവര്‍ക്കു പുലബന്ധമുണ്ടോ എന്ന ചോദ്യം പത്രാധിപരുടെ മസ്തിഷ്കത്തില്‍ ഒരിക്കലും കയറിവരാറില്ല. അതേസമയം ഇത്തരം വിഷയങ്ങളില്‍ നിഷ്പക്ഷമായും ആധികാരികമായും പൊതുസമൂഹത്തെ പഠിപ്പിക്കാന്‍ ഭാഷയും ധിഷണയും നൈപുണിയും കൈമുതലായ എത്രയോ അനുഗ്രഹീതര്‍ കേരളത്തിലുണ്ടായിട്ടും അവരെ ഉപയോഗപ്പെടുത്താനുള്ള വിശാലമനസ്കതയോ സത്യസന്ധതയോ കാട്ടാറില്ല. പത്രത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത് ഇവിടെയാണ്. അതോടൊപ്പം കച്ചവടക്കണ്ണോടെ തന്ത്രങ്ങള്‍ പയറ്റാനും മുസ്ലിം വായനക്കാരിലേക്ക് സര്‍ക്കുലേഷന്‍ വ്യാപിപ്പിക്കാനും വിപണി തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതില്‍ മാതൃഭൂമി ഒരിക്കലും മറ്റു പത്രങ്ങള്‍ക്ക് പിന്നിലല്ലതാനും. വെള്ളിയാഴ്ചയുടെ 'പോരിശ' നിലനിര്‍ത്താന്‍ സയ്യിദ് ശഹാബുദ്ദീന്റെ വാരകോളം കുറെക്കാലം നിലനിര്‍ത്തി. എന്നാല്‍ അദ്ദേഹം എഴുതുന്ന വിഷയത്തോടുള്ള മനപ്പറ്റില്ലായ്മ പ്രകടമായത് ഏതോ സബ്(ജൂനിയര്‍) എഡിറ്റര്‍ പതിവായി അദ്ദേഹത്തിന്റെ ആശയങ്ങളെ പരിഭാഷപ്പെടുത്തി കോലംകെടുത്തുന്നുണ്ടെന്ന് ലേഖകന്‍ തന്നെ കണ്ടുപിടിച്ചതോടെയാണ്. കര്‍മശാസ്ത്ര ഇമാമുമാരായ ശാഫിയും അബൂഹനീഫയും ഹംബലുമൊക്കെ ദല്‍ഹിയില്‍ അടുത്ത മാസംചേരുന്ന മുസ്ലിംവ്യക്തി നിയമ ബോര്‍ഡിന്റെ യോഗത്തില്‍ പങ്കെടുക്കുമെന്ന് എഴുതുമ്പോള്‍ ഇവര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് മണ്‍മറഞ്ഞ മഹാരഥാരാണെന്ന് പാവം സബ്എഡിറ്റര്‍ക്ക് അറിവില്ലെങ്കിലും എഡിറ്റോറിയല്‍ പേജിന്റെ ചുമതലയുള്ള, സീനിയര്‍ എഡിറ്റര്‍ക്കെങ്കിലും ഉണ്ടാവണമായിരുന്നു. ഉത്പതിഷ്ണുത്വം ചേകന്നൂര്‍ മൌലവിയിലും മോഡേണ്‍ ഏജ് സൊസൈറ്റിയിലും ഖാദിയാനിസത്തിലുമാണെന്ന് കണ്ടെത്തിയ ബുദ്ധിവൈഭവം വിവരക്കേടിന്റേതല്ല, കുബുദ്ധിയുടേതാണെന്ന് കണ്ടുപിടിക്കാന്‍ വലിയ ഗവേഷണമൊന്നും വേണ്ട. സംഘ്പരിവാറിനെ അലോസരപ്പെടുത്തുന്നത് മാതൃഭൂമിക്ക് താല്‍പര്യമുള്ള കാര്യമല്ലെന്നും രാമന്റെ ദുഃഖത്തിലെ മതേതരവീര്യം ഉമ്മറപ്പടിയിലെ പ്ളാസ്റിക് പൂക്കള്‍ മാത്രമാണെന്നും മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കിയിട്ടുണ്ട്; ശാഹിദും