April 2010

whosonline
ഇപ്പോള്‍ 29 പേര്‍ രിസാല സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു

ചരിത്രത്തില് നിന്നും ചീന്തിയെറിയപ്പെടുന്ന മുസ്ലിംപാതി

മീഡിയ / ബഹ്സാദ്

കോഴിക്കോടിന്  ലോക ചരിത്രത്തില്‍ ഒരു വിശേഷ സ്ഥാനമുണ്ട് എന്ന് ചരിത്രകാരനായ ഡോ. എംജിഎസ് നാരായണന്‍ പറയുന്നു. അത് നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന മതേതരത്വം ലോകത്തിന് സമ്മാനിച്ചുവെന്നതാണ്. കേരളത്തില്‍ ഇസ്ലാം വേരുപിടിച്ചകാലം മുതല്‍ രൂപപ്പെട്ടുവന്നതാണ് അത്. ബിംബാരാധകരും ബഹുദൈവവിശ്വാസികളുമായ ഹിന്ദുക്കളും അവയൊക്കെ ആമൂലാഗ്രം തള്ളിക്കളയുന്ന മുസ്ലിംകളും തമ്മിലാണ് മതേതരത്വത്തിന്റെ മഹനീയ പുലര്‍ച്ച സാധ്യമായത് എന്നത് ഒരു അത്ഭുതം തന്നെയാണ്. ഇത്രമേല്‍ വൈരുദ്ധ്യമുള്ളതോ ഇത്രകാലം നീണ്ടുനിന്നതോ ആയ മതേതരത്വ പുലര്‍ച്ച ലോകത്ത് വേറെ കാണില്ല എന്ന് അദ്ദേഹം അനുമാനിക്കുന്നു.

മുഹ്യിദ്ദീന്‍ മാലയുടെ രചയിതാവെന്ന നിലയില്‍ വിശ്രുതനായ ഖാളി മുഹമ്മദ് എഴുതിയ 'ഫത്ഹുല്‍ മുബീന്‍' എന്ന അറബികാവ്യത്തിലൂടെ കടന്നുപോയാല്‍ വിട്ടുവീഴ്ചചെയ്യാത്ത മതബോധത്തിന്റെയും തകര്‍ക്കാനാവാത്ത മതേതര ബോധത്തിന്റെയും കൊതിപ്പിക്കുന്ന ആവിഷ്കാരം കാണാം. ഹിന്ദുമത വിശ്വാസിയും വിശ്വാസകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തവനുമായ സാമൂതിരി രാജാവിന്നുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കല്‍ ഓരോ മുസ്ലിമിന്നും വാജിബ് (നിര്‍ബന്ധം) ആണെന്ന് കോഴിക്കോട്ടെ ഖാളിയായിരുന്ന കവി കാര്യഗൌരവത്തോടെ എഴുതുന്നുണ്ട്. ഇത്രമേല്‍ ഉജ്ജ്വലമായ ഒരു പാരമ്പര്യം മലയാളിക്കു സമ്മാനിക്കുന്നതില്‍ സാമൂതിരിമാര്‍ക്കും മുസ്ലിംകള്‍ക്കും തുല്യപങ്കാണുള്ളത്.

ഇതേ പൈതൃകം പുലരുന്ന കോഴിക്കോട്ടാണ്, മതേതരത്വം ഏറ്റവും അനിവാര്യമായിരുന്ന കാലത്ത് മാതൃഭൂമി പത്രം പിറന്നു വീഴുന്നത്. ദേശീയതയായിരുന്നു അതിന്റെ പ്രേരകം. കോഴിക്കോട്ടെ പൌരപ്രമുഖരായ പല മുസ്ലിംകളും  ഓഹരിയെടുത്ത് സഹായിക്കുകയും ചെയ്തിരുന്നു. പല മേഖലകളിലും വിദഗ്ധരായ കുറച്ചുപേര്‍ ഇപ്പോഴും ഓഹരി ഉടമകളായുണ്ട്. നായാരും ബ്രാഹ്മണരും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വരിക്കാരും മുസ്ലിംകളായിരുന്നുവെന്ന് മനസ്സിലാക്കുന്നു. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും എണ്‍പത്തേഴു വര്‍ഷക്കാലത്തെ മാതൃഭൂമി കമ്പനിയുടെ ചരിത്രത്തില്‍ മാനേജ്മെന്റ് തലത്തില്‍ ഏതെങ്കിലുമൊരു മുസ്ലിം ഉത്തരവാദപ്പെട്ട ഒരു പദവിയില്‍ നിയമിക്കപ്പെട്ടതായി കാണുന്നില്ല.  അനുയോജ്യരായവര്‍ ഓഹരിയുടമകള്‍ക്കിടയില്‍ കാണാത്തതു കൊണ്ടല്ല, തെരഞ്ഞെടുക്കപ്പെടാത്തതു കൊണ്ടുമാത്രമാണ് അത് സംഭവിക്കാതിരുന്നത്.

ഓഹരികളുടെ എണ്ണവും വോട്ടവകാശവും തെരഞ്ഞെടുപ്പുമൊന്നും ബാധകമല്ലാത്ത എഡിറ്റോറിയല്‍ സ്റാഫിലെ മുസ്ലിം പ്രാതിനിധ്യം പരിശോധിച്ചാലും തീണ്ടായ്മ തന്നെയാണ്  കാണുക. സഹപത്രാധിപരായുണ്ടായിരുന്ന കക്കട്ടിലുകാരന്‍ കുഞ്ഞബ്ദുല്ല മാഷെക്കൂടാതെ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്നു സംശയമാണ്. പി എ എം ഹാരിസിനെപ്പോലെ സമര്‍ത്ഥനായ ഒരാളെ സ്ഥിരനിയമനം  നല്‍കാതെ പുറന്തള്ളുകയാണു ചെയ്തത്. പ്രൂഫില്‍ ഒരു പി ബി അഹ്മദ് കോയ. അങ്ങിനെ ഇതപര്യന്തമുള്ള ആയിരക്കണക്കായ ജീവനക്കാരില്‍ വിരലിലെണ്ണാവുന്ന അത്രയും മുസ്ലിംകള്‍ മാത്രം. അപ്രഖ്യാപിതവും അതീവ രഹസ്യവുമായ ഒരു വിലക്ക് മാതൃഭൂമിയില്‍  മുസ്ലിംകള്‍ക്കെതിരായി നിലനില്‍ക്കുന്നുവെന്ന് കരുതാനാണ് ന്യായം.

വാര്‍ത്തകളുടെ കാര്യത്തിലുണ്ടായിരുന്നു ഒരു പക്ഷപാതിത്വം. മലബാറിലേക്കുള്ള മനോരമയുടെ വരവാണ് ചെറിയൊരു വിട്ടുവീഴ്ചക്ക് മാതൃഭൂമിയെ പ്രേരിപ്പിച്ചത്. അങ്ങനെ കാര്യമായി പരിഗണന ലഭിച്ച ആദ്യ വാര്‍ത്ത ബാഫഖി തങ്ങളുടെ മരണവുമായി ബന്ധപ്പെട്ടതാണ്. അന്ന് ആദ്യമായി ഒന്നാം പേജില്‍ നാലഞ്ച് ഫോട്ടോകളും മറ്റുമായി വിശദമായ വാര്‍ത്ത വരികയുണ്ടായി.

മലയാളിയുടെ മനോഭാവങ്ങളെ പരുവപ്പെടുത്തുന്നതില്‍ മാതൃഭൂമി വരാന്തപ്പതിപ്പും ആഴ്ചപ്പതിപ്പും വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. എന്നാല്‍ മുസ്ലിംകളെ കുറിച്ച് ഈ സാംസ്കാരിക പ്രസിദ്ധീകരണങ്ങള്‍ മലയാളീ ബോധത്തില്‍ സൃഷ്ടിച്ചിട്ടുള്ള ചിത്രങ്ങള്‍ എത്രമാത്രം ഇരുണ്ടതാണെന്ന് വ്യക്തമാകുന്നത്, വളരെയെളുപ്പത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനു വിധേയമാകുന്ന മലയാളീ മനസ്സിന്റെ പ്രതികരണങ്ങളില്‍ നിന്നാണ്. ആര്‍എസ്സിനോ കേസരിക്കോ സ്വപ്നം കാണാന്‍ പോലും കഴിയാത്ത വിധം മുസ്ലിം വിരോധം മലയാളിയുടെ ബോധത്തില്‍ പകര്‍ന്നത് മാതൃഭൂമിയാണ്. മുസ്ലിം പൊതുമനസ്സിനെതിരായി എന്തെങ്കിലും എഴുതുന്ന ഏത് ഒറ്റിക്കൊടുപ്പുകാരനും മാതൃഭൂമി വിപുലമായ കവറേജാണ് നല്‍കിയിരുന്നത്. അത്തരക്കാരായ 'ബുദ്ധിജീവി'കളുടെ ഒരു സംഘത്തെ തന്നെ ആ പത്രം സൃഷ്ടിച്ച് പരിപാലിച്ചു പോന്നിരുന്നു. അതോടൊപ്പം എതിര്‍വാദങ്ങളെ പ്രകാശിപ്പിക്കാനുള്ള അവസരം ക്രൂരമായി നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടെ ദൈനംദിനവാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന മുസ്ലിംവിരുദ്ധ വികാരം കൂടിയായപ്പോഴാണ് ബഹുസ്വര കേരളത്തിലെ വെറുക്കപ്പെടുന്ന ഏകാന്ത തുരുത്തായി മുസ്ലിം സമുദായം മാറിയത്.

ഇതിന്നെതിരായ വികാരപ്രകടനങ്ങള്‍ മാതൃഭൂമിക്കകത്തു തന്നെ നടന്നിരുന്നുവെന്നും കാണാം. മഞ്ചേരിക്കാരനായ ബാപ്പുസാഹിബ്, താനൂര്‍ക്കാരനായ ടി അസ്സനാര്‍കുട്ടി സാഹിബ് തുടങ്ങിയവരൊക്കെ ഇതിനെതിരെ ഓഹരിയുടമകളുടെ യോഗത്തിലും മറ്റും പ്രതിഷേധിച്ചിരുന്നതായി പറയപ്പെടുന്നു. പരാതി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബാപ്പുസാഹിബ് മലപ്പുറത്തും അസ്സനാര്‍ കുട്ടിസാഹിബ് താനൂരിലുമൊക്കെ മാതൃഭൂമി ലേഖകാരായി മാറുന്നത്.

അതേസമയം, യൂണിവേഴ്സിറ്റി വാര്‍ത്തകള്‍ സ്ഥിരമായി,  ഒരു പ്രതിഫലവും പറ്റാതെ എത്തിച്ചു കൊടുത്തിരുന്ന ഡോ എസ് എം മുഹമ്മദ് കോയയെ പോലെയുള്ളവരുടെ സേവനം മുസ്ലിം പക്ഷത്തുനിന്ന് മാതൃഭൂമിക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ചുരുക്കത്തില്‍ സാമൂതിരിമാരും  കോഴിക്കോട്ടെ മുസ്ലിംകളും ചേര്‍ന്ന് ലോകത്തിന് സമ്മാനിച്ച ഉജ്ജ്വലമായ മതേതര പാരമ്പര്യത്തില്‍ നിന്ന് മുസ്ലിം പാതിയെ ചീന്തിമാറ്റുകയാണ് മാതൃഭൂമി ചെയ്ത ക്രൂരമായ സാംസ്കാരിക ധര്‍മം. ഇതെല്ലാം മറച്ചുവച്ച്  മുസ്ലിംകളില്‍ വരുന്ന മാറ്റങ്ങളെ സസൂക്ഷ്മം ശ്രദ്ധിക്കുകയും കഴിയുന്നത്ര വേഗത്തില്‍ അതൊക്കെയും പണമാക്കി മാറ്റാന്‍ തത്രപ്പെടുകയുമാണ് മാതൃഭൂമിയിപ്പോള്‍. മാപ്പിളമാരുടെ  'വാങ്ങല്‍ ശേഷി' വര്‍ദ്ധിച്ചത് അവര്‍ നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ ഗള്‍ഫില്‍ നിന്നു തന്നെ എഡിഷന്‍ തുടങ്ങാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. ഉദ്ഘാടന സപ്ളിമെന്റില്‍ ഇടംപിടിക്കാനിടയുള്ള തേനൊലിക്കും മൊഴികളില്‍ മതിമറന്ന് മുങ്ങാംകുഴിയിട്ടാഹ്ളാദിക്കുമ്പോള്‍ മാതൃഭൂമി ഉണ്ടാക്കിയ സാംസ്കാരികപ്പരിക്കുകളില്‍ പരിഹാര ചികിത്സ നടത്താന്‍ നിര്‍ബന്ധിക്കേണ്ടതുണ്ട് നാം മലയാളികള്‍.