കൂട്ടുസ്വത്തിന്റെ സകാത്ത്
നബി(സ) മുസ്ലിംകള്‍ക്കു നിര്‍ബന്ധമാക്കിയ സകാത്ത് വിശദീകരിച്ചുകൊണ്ട്, ഒന്നാം ഖലീഫ അബൂബക്കര്‍(റ), അനസ്(റ)വിനെ ബഹറൈനിലേക്ക് സകാത് ഉദ്യോഗസ്ഥനായി നിയമിച്ചയക്കുമ്പോള്‍ എഴുതിക്കൊടുത്ത രേഖയില്‍ ഇപ്രകാരമുണ്ട്: 'സകാതിനെ ഭയന്ന്, വിട്ടുപിരിഞ്ഞുനില്‍ക്കുന്നവയെ ഒരുമിച്ചുകൂട്ടുവാനോ, ഒരുമിച്ചുകൂട്ടിയതിനെ വിട്ടുപിരിക്കുവാനോ പാടില്ല. രണ്ടുകൂട്ടുകാരുണ്ടെങ്കില്‍ അവര്‍ പരസ്പരം വീതം സ്വീകരിക്കണം.' (ബുഖാരി 1450-1451)
ഹുമൈദില്‍ നിന്ന് നിവേദനം. ഹസന്‍ (റ) എന്നവര്‍ മക്കയില്‍വന്നു. തദവസരം രണ്ടുപേര്‍ക്ക് പങ്കാളിത്തമുള്ള നാല്‍പതാടുകളെ സംബന്ധിച്ച്, അദ്ദേഹത്തോട് അവര്‍ ചോദിച്ചു. "അതില്‍ ഒരാട് സകാതുണ്ട്'' എന്നദ്ദേഹം പറഞ്ഞു (ബൈഹഖി 7335)
ജുറൈജ് പ്രസ്താവിച്ചു: അത്വാഅ് എന്നവരോട്, നാല്‍പതാടുകളില്‍ പങ്കാളിത്തമുള്ള ഒരു സംഘത്തെക്കുറിച്ച് ഞാന്‍ ചോദിച്ചു. ഒരാട് സകാതായി അവര്‍ക്കു നിര്‍ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ക്കു 39ഉം അപരന് ഒരാടുമാണെങ്കിലോ എന്നു ഞാന്‍ വീണ്ടും ചോദിച്ചു. അവര്‍ക്കിരുവര്‍ക്കുംകൂടി ഒരാട് നര്‍ബന്ധമാണെന്ന് അദ്ദേഹം പ്രതിവചിച്ചു. ( ബൈഹഖി 7336)
കൂട്ടുസ്വത്തിന് സകാതുണ്ട്. സകാത് ബാധകമായ ഏതു സ്വത്തിലെയും കൂട്ടായ്മ, ഇവിടെ പ്രത്യേകം പരിഗണനീയമാണ്. അപ്പോള്‍ ഒന്നിലധികം പേര്‍ക്ക് പങ്കാളിത്തമുള്ള മൃഗം, കൃഷിയുത്പന്നം, പഴം, നാണയം, കച്ചവടച്ചരക്കുകള്‍ എന്നിവയിലെല്ലാം ഒരാളുടേതെന്നപോലെ സകാത് നിര്‍ബന്ധമാകും. പക്ഷേ കച്ചവടച്ചരക്കുകളല്ലാത്തവയെല്ലാം ഒരേയിനത്തില്‍ പെട്ടവയാകണം. അപ്പോള്‍ രണ്ടുപേര്‍ക്കുംകൂടി നാല്‍പത് ആടുണ്ടെങ്കില്‍ ഒരാട് സകാത് കൊടുക്കണം. സ്വന്തമായി ഓരോരുത്തര്‍ക്കും ഇരുപത് വീതമേയുള്ളുവെങ്കില്‍ ഇരുപതിന് സകാതില്ല. പക്ഷേ കൂട്ടായ്മയുണ്ടായതു കൊണ്ട് രണ്ടുസ്വത്തുംകൂടി ഒന്നായാണ് കാണുന്നത്. ഒന്നിച്ച് നാല്‍പതുണ്ടല്ലോ. നാല്‍പതാടിന് ഒരാടാണല്ലോ സകാത്. ഇവിടെ സകാതില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി, ഇരുവരുടേയും കൂട്ടുസ്വത്ത് വേര്‍പിരിക്കാന്‍ പാടില്ല. രണ്ടുപേര്‍ക്കു വെവ്വേറെയായി ഇരുപതുവീതമുള്ള ആടുകളെ സകാതു ചുമത്താന്‍ വേണ്ടി സകാതുദ്യോഗസ്ഥര്‍ ഒന്നിപ്പിക്കുവാനും പാടില്ല. അപ്രകാരംതന്നെ മൂന്നുപേര്‍ക്ക് വെവ്വേറെയായി നാല്പതുവീതം ആടുകളുണ്ടെന്ന് വിചാരിക്കുക. ഓരോരുത്തരും ഒരാടുവീതം സകാത് കൊടുക്കണം. മൊത്തം മുന്നാട്. ഒന്നിച്ചായിരുന്നെങ്കില്‍ നൂറ്റിരുപതു ആടിനുംകൂടി ഒരാട് സകാത്തായി കൊടുത്താല്‍ മതിയായിരുന്നു. ഇവിടെ സകാത് ലഘൂകരിക്കാന്‍വേണ്ടി മൂവര്‍ക്കും കൂടി തങ്ങളുടെ മൃഗങ്ങളെ ഒന്നിപ്പിക്കാമോ? അതുപാടില്ല. മൂവര്‍ക്കുംകൂടി കൂട്ടുസ്വത്തുള്ള നൂറ്റിരുപത് ആടുകളെ നാല്പത് വീതം വേര്‍പെടുത്തി മൂന്ന് ആടുകളെ സകാതായി വാങ്ങുവാന്‍, സകാത് ഉദ്യോഗസ്ഥനൊരുങ്ങിയാലോ? അതുംപാടില്ല. ഒന്നാമത്തേത് സകാത് അവകാശികളോടും രണ്ടാമത്തേത് ധനോടമകളോടും ചെയ്യുന്ന അനീതിയാണ്. അതുകൊണ്ടാണ് സകാത്ത് ഭയം കാരണം (അഥവാ സകാത് ബാധിക്കുമെന്നോ അത് വര്‍ദ്ധിക്കുമെന്നോ ഭയന്ന് ധനോടമകളും, സകാത് നഷ്ടപ്പെടുമെന്നോ, അത് കുറയുമെന്നോ ഭയന്ന് സകാതുദ്യോഗസ്ഥരും) വിട്ടുപിരിഞ്ഞുനില്‍ക്കുന്നവയെ ഒരുമിച്ചുകൂട്ടുവാനോ ഒന്നായി നില്‍ക്കുന്നതിനെ വിട്ടുപിരിക്കുവാനോ പാടില്ല എന്ന് ഒന്നാംനമ്പറിലെ തിരുവചനത്തില്‍ പറഞ്ഞിട്ടുള്ളത്. ഈ ഹദീസാണ് ഇമാം ശാഫിഈ(റ) കൂട്ടുസ്വത്തെല്ലാം ഒരാളുടേതുപോലെ പരിഗണിച്ച് സകാത് കൊടുക്കണമെന്നതിനുള്ള ആധാരമാക്കിയിട്ടുള്ളത്. മൃഗങ്ങള്‍ മാത്രമല്ല, സകാത് ബാധകമായ എല്ലാ സ്വത്തുക്കളും ഈ ഹദീസിന്റെ അര്‍ത്ഥവ്യാപ്തിയില്‍ പെടുന്നുണ്ട്. ( മാവര്‍ദീ: അല്‍ഹാവില്‍ കബീര്‍ 3/136-142)
സകാത് നിര്‍ബന്ധമാകുന്ന കൂട്ടുസ്വത്ത് രണ്ടുവിധമുണ്ട്. ഒന്ന് വ്യാപന പങ്കാളിത്തമുള്ളത്, മറ്റൊന്ന് സഹവാസ പങ്കാളിത്തമുള്ളത്. ഒരാളുടെ വിഹിതം മറ്റുകൂട്ടുകാരുടേതില്‍നിന്ന് വേര്‍തിരിയാത്തവിധം എല്ലാവര്‍ക്കും, കൂട്ടുസ്വത്തിലാസകലം വ്യാപകമായ പങ്കാളിത്തമുള്ളതാണ് വ്യാപനപങ്കാളിത്തം. 40 ആടോ 200 ദിര്‍ഹമോ രണ്ടാളുകള്‍ ഒന്നിച്ചു വിലകൊടുത്തു വാങ്ങുകയോ അനന്തരാവകാശമായി ഒന്നിച്ചുനേടുകയോ ചെയ്തെന്നിരിക്കട്ടെ, എന്നാല്‍ ഓരോ ആടിലും ഓരോ ദിര്‍ഹമിലും അവരിരുവര്‍ക്കും പങ്കാളിത്തമുണ്ട്. ഇതാണ് വ്യാപന പങ്കാളിത്തത്തിന്റെ സ്വഭാവം. എന്നാല്‍ ഒരാളുടേത് മറ്റൊരാളുടേതില്‍നിന്ന് വേര്‍തിരിഞ്ഞുനില്‍ക്കുകയും സൌകര്യാര്‍ത്ഥം തമ്മില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുള്ളതാണ് സഹവാസപങ്കാളിത്തമുള്ളത്. 20ആടുകള്‍ വീതമുള്ള രണ്ടാളുകള്‍ അവരിരുവരുടെയും 40 ആടുകളെ മേയ്ക്കുന്നതിന് കൂട്ടിച്ചേര്‍ത്ത് ഒരിടയനെ എല്‍പ്പിച്ചു. ഇവിടെ ഒരാളുടെ ഉടമാവകാശത്തിലുള്ള 20 ആടില്‍ അപരനുയാതൊരവകാശവുമില്ല. സഹവാസ പങ്കാളിത്തം മാത്രമാണുള്ളത്.
രണ്ടുവിധത്തിലുള്ള പങ്കാളിത്തത്തിനും സകാതില്‍ സ്വാധീനമുണ്ട്. സകാത് ചിലപ്പോള്‍ നിര്‍ബന്ധമാകുന്നതിനും മറ്റു ചിലപ്പോള്‍ അളവു വര്‍ദ്ധിക്കുന്നതിനും പങ്കാളിത്തം കാരണമാകും. മുകളില്‍ പറഞ്ഞ ഉദാഹരണത്തില്‍ രണ്ടുപേരുടെയും 20 വീതമുള്ള ആടുകള്‍ വേറിട്ടു നില്‍ക്കുമ്പോള്‍ രണ്ടുപേര്‍ക്കും സകാതില്ല. പങ്കുചേരുമ്പോള്‍ നാല്പത് ആടിന് ഒരാട് നിര്‍ബന്ധമാകുന്നു. അപ്പോള്‍ അര ആടാണ് ഓരോരുത്തരുടെയും സകാത് വിഹിതം. 101 വീതം ആടുകളുള്ള രണ്ടുപേര്‍ ഒറ്റക്കൊറ്റക്കാണെങ്കില്‍ ഓരോ ആട്വീതം സകാത് കൊടുത്താല്‍മതി. രണ്ടുപേരുംകൂടി 202 ആടില്‍ പങ്കാളിത്തം വഹിക്കുന്നവരാണെങ്കില്‍ മൂന്ന് ആടാണ് സകാതായി നല്‍കേണ്ടത്. അപ്പോള്‍ ഒന്നരയാടു വീതമാണ് ഓരോരുത്തര്‍ക്കും നിര്‍ബന്ധമാകുന്നത്. കൂട്ടായ്മ നിമിത്തം ഇവിടെ സകാതിന്റെ അളവ് വര്‍ദ്ധിച്ചു. ഇനി 40 ആടുകളുള്ള ഒരാള്‍ മറ്റൊരാളുടെ 40 ആടുകളുമായി തന്റെ ആടുകളെ കൂട്ടിച്ചേര്‍ത്തെന്നിരിക്കട്ടെ, എന്നാല്‍ 80 ആടിനുംകൂടി ഒരാടുമാത്രമേ സകാത് വരുന്നുള്ളൂ. വെവ്വേറെയായിരുന്നുവെങ്കില്‍ ഓരോ നാല്‍പതിനും ഓരോ ആടുവീതം സകാത് കൊടുക്കേണ്ടി വരുമായിരുന്നു. കൂട്ടായ്മ നിമിത്തം സകാത് പരിമാണം ഇവിടെ കുറയുന്നു. (റൌള: ഇമാംനവവി.പേജ് 252-253)
രണ്ടുവിധത്തിലുള്ള കൂട്ടായ്മക്കും സകാത് നിര്‍ബന്ധമാകുന്നതിന്, ചില ഉപാധികളുണ്ട്. രണ്ടിനും ബാധകമായ ചില പൊതു ഉപാധികളും സഹവാസപങ്കാളിത്തത്തിന് പ്രത്യേകമായ ഏതാനും ഉപാധികളും. പൊതുവായ ഉപാധികള്‍ മൂന്നെണ്ണമാണ്. ഒന്ന്, കൂട്ടുസ്വത്തിന്റെ തുക പരിമാണം തികഞ്ഞിരിക്കണം, അല്ലെങ്കില്‍ കൂട്ടുകാരിലൊരാളുടെ കൈവശമെങ്കിലും നിസ്വാബ് തികയുന്ന സംഖ്യ ഉണ്ടായിരിക്കണം. ദിര്‍ഹമിന്റെ നിസ്വാബ് 200 ആണല്ലോ. രണ്ടുപേര്‍ക്കുംകൂടി കൂട്ടുധനമായി 200 ദിര്‍ഹം ഉണ്ടെന്നിരിക്കട്ടെ. ഇവിടെ ഓരോരുത്തര്‍ക്കും നിസ്വാബ് തികയാത്ത വിഹിതം 100 ദിര്‍ഹം മാത്രമാണ് അതിലുള്ളതെങ്കിലും തുക 200 ദിര്‍ഹമുള്ളതു കൊണ്ട് സകാത് നിര്‍ബന്ധമാകുന്നു. 300 ദിര്‍ഹം കൈവശമുള്ള ഒരാള്‍ നൂറുദിര്‍ഹമെടുത്ത് അമ്പത് ദിര്‍ഹം മാത്രമുള്ള ഒരാളുമായി കൂട്ടുചേര്‍ന്നു. മിശ്രധനം ഇവിടെ 150 ദിര്‍ഹം മാത്രമേയുള്ളു. അത് നിസ്വാബ് തികയില്ല. പക്ഷേ കൂട്ടുകാരിലൊരാളുടെ വശം സ്വന്തമായി നിസ്വാബ്സംഖ്യ 200 ദിര്‍ഹം ഉണ്ടല്ലോ. അതുകൊണ്ട് 350 ദിര്‍ഹമിനും സകാത് കൊടുക്കണം. കൊടുക്കുന്ന സകാത് സംഖ്യയുടെ 1/7 ഭാഗം മാത്രമേ അമ്പത് ദിര്‍ഹമുകാരന്‍ കൊടുക്കേണ്ടതുള്ളൂ. ശിഷ്ടം 6/7 ഭാഗം ഒന്നാമനാണ് കൊടുക്കേണ്ടത്. മിശ്രധനം നിസ്വാബ് തികയാത്ത സാഹചര്യത്തില്‍ കൂട്ടുകാരില്‍ വല്ലവരുടെയും വശം നിസ്വാബുണ്ടായാല്‍ മതി. എന്നാല്‍ കൂട്ടുസ്വത്തിനുംകൂടി സകാത് നിര്‍ബന്ധമാകുമെന്നാണല്ലോ പറഞ്ഞത്. ഇവിടെ അയാളുടെ വിഹിതവും കൂടി ചേര്‍ത്തുനോക്കുമ്പോള്‍ മാത്രം നിസ്വാബ് തികഞ്ഞാലുംമതി. ഉദാഹരണത്തിന് 200ദിര്‍ഹം കൈവശമുള്ള ഒരാള്‍ 50 ദിര്‍ഹമെടുത്തു 100 ദിര്‍ഹം മാത്രമുള്ള ഒരാളുമായി പങ്കുചേര്‍ന്നു. അപ്പോള്‍ കൂട്ടുധനം 150ദിര്‍ഹമേയുള്ളു. അത് നിസ്വാബ് തികയില്ല. ഒന്നാമന്റെ സ്വന്തമായ കൈവശസംഖ്യയും നിസ്വാബില്ല. 150 മാത്രമേയുള്ളു. പക്ഷേ അവന്റെ വിഹിതവും കൈവശമുള്ള മിച്ചസംഖ്യയുംകൂടി ചേര്‍ത്താല്‍ 200 ദിര്‍ഹം തികയുന്നു. അതുകൊണ്ട് മൊത്തംസംഖ്യക്ക്; 250ന് സകാത് നിര്‍ബന്ധമാകുന്നു. ഇതില്‍ 1/5 ഭാഗം മാത്രമാണ് രണ്ടാമന്‍ വഹിക്കേണ്ടത്; ശിഷ്ടം 4/5 ഒന്നാമനാണ് വഹിക്കേണ്ടത്. (തുഹ്ഫ, ശര്‍വാനി 3/228-229 നോക്കുക)
കൂട്ടുസ്വത്തില്‍ പങ്കാളികളുടെ ധനങ്ങള്‍ ഒരേയിനത്തില്‍ പെട്ടതായിരിക്കണം. ഇതാണ് രണ്ടാമത്തെ ഉപാധി. ദിര്‍ഹം ദീനാറിനോടോ ആടുകളെ പശുക്കളോടോ ഈന്തപ്പനകള്‍ മുന്തിരിച്ചെടികളോടോ ചേര്‍ത്ത് കൂട്ടായ്മയുണ്ടാക്കിയാല്‍ മിശ്രിത സകാത്തിന്റെ നിയമം അതിനു ബാധകമല്ല. ഓരോന്നും വെവ്വേറെയായിത്തന്നെ കണക്കാക്കിയാണ് സകാത്തുകൊടുക്കുക. മൂന്നാമത്തെ ഉപാധി, വാര്‍ഷിക പ്രധാനമായ മൃഗം, നാണയം എന്നിവയില്‍ കൂട്ടായ്മ വര്‍ഷം മുഴുവന്‍ നിലനില്‍ക്കണമെന്നതാണ്. അപ്പോള്‍ രണ്ടുപേര്‍ 40വീതം ആടുകളെ വിലക്കുവാങ്ങി. ആറു മാസത്തിനു ശേഷം തമ്മില്‍ ചേര്‍ത്ത് കൂട്ടായ്മയുണ്ടാക്കിയെന്നിരിക്കട്ടെ; ഇവിടെ ഒന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഓരോരുത്തരും തന്റെ 40ആടിന് ഒരാടുവീതം സകാത് കൊടുക്കണം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 80നുംകൂടി ഒരാടു മാത്രം കൊടുത്താല്‍ മതി. ഒന്നാംവര്‍ഷം പൂര്‍ണ്ണമായി കൂട്ടായ്മ ഉണ്ടായിട്ടില്ലെന്നതും രണ്ടാംവര്‍ഷം അതുണ്ടായിട്ടുണ്ടെന്നുള്ളതുമാണ് കാരണം. അപ്രകാരംതന്നെ ഇരുവരുംകൂടി ഒന്നിച്ചുവാങ്ങിയ എണ്‍പത് ആടുകളുടെ കൂട്ടായ്മ ആറു മാസത്തിനുശേഷം പിരിഞ്ഞാല്‍ പിരിഞ്ഞ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഓരോരുത്തരും തന്റെ നാല്‍പതിന് ഒരാടുവീതം സകാത് കൊടുക്കണം. രണ്ടുപേര്‍ക്കുംകൂടി 40ആടുകള്‍ മാത്രമേ ഉള്ളുവെങ്കിലോ? വേര്‍പിരിഞ്ഞാല്‍ രണ്ടുപേര്‍ക്കും സകാത് നിര്‍ബന്ധമില്ല; നിസ്വാബ് സംഖ്യയായ നാല്‍പത് ഓരോരുത്തര്‍ക്കുമില്ലെന്നതുതന്നെ കാരണം. (നിഹായ, മുഗ്നി, ശര്‍വാനി 3/229)
രണ്ടുപേര്‍ കൂട്ടായി കച്ചവടം തുടങ്ങി. വര്‍ഷാവസാനം, 200 ദിര്‍ഹമിന്റെ മൂല്യംവന്നു. എന്നാല്‍ രണ്ടര ശതമാനം സകാതുകൊടുക്കണം. ഇരുവരും വേറിട്ടായിരുന്നെങ്കില്‍ മൂല്യം 100ദിര്‍ഹം മാത്രമേ ഉണ്ടാകുമായിരുന്നുള്ളു. അപ്പോള്‍ സകാത് നിര്‍ബന്ധമാകുമായിരുന്നില്ല. സ്വന്തമായി തുടങ്ങി, ഇടക്ക് കൂട്ടായ്മ സൃഷ്ടിച്ചാല്‍ മിശ്രിതധനത്തിന്റെ വിധി രണ്ടാംവര്‍ഷത്തിനു മാത്രമേ ബാധകമാവൂ. ഒന്നാംവര്‍ഷം ഓരോരുത്തരും സ്വന്തംനിലക്ക് നിസ്വാബ് തികയുമെങ്കില്‍ സകാത്ത് കൊടുക്കണം. അപ്രകാരംതന്നെ കച്ചവടം തുടങ്ങി, ഇടക്ക് കൂട്ടായ്മ പിരിഞ്ഞാലും സ്വന്തംനിലക്ക് വര്‍ഷാവസാനം നിസ്വാബ് തികയുമെങ്കിലേ സകാത് കൊടുക്കേണ്ടതുള്ളൂ. വര്‍ഷം മുഴുവന്‍ ഇപ്രകാരം കൂട്ടായ്മ നിലനില്‍ക്കണമെന്നു പറഞ്ഞത് വാര്‍ഷികപ്രധാനമായവയിലാണ്. മറ്റുള്ളവയില്‍ വ്യാപനപങ്കാളിത്തമാണെങ്കില്‍ സകാത്ത് നിര്‍ബന്ധമാകുന്ന സമയംവരെയും കൂട്ടായ്മ നിലനിന്നാല്‍മതി. ഈത്തപ്പഴത്തിലും മുന്തിരിയിലും സകാത് നിര്‍ബന്ധമാകുന്ന സമയം അവയ്ക്കു മൂപ്പെത്തുമ്പോഴും ധാന്യങ്ങളില്‍ അവ പാലുറയ്ക്കുമ്പോഴുമാണ്. (തുഹ്ഫ 3/254) സഹവാസ പങ്കാളിത്തമാണെങ്കില്‍ ഈ ഉപാധികള്‍ക്കു പുറമെ മൃഗങ്ങളില്‍ ജലപാനസ്ഥലം, മേച്ചില്‍സ്ഥലം, നിശാസങ്കേതം, കറവുസ്ഥലം, ഇടയന്‍ ആദിയായവയും നാണയങ്ങളില്‍ സൂക്ഷിക്കുന്ന പെട്ടി, സൂക്ഷിപ്പുകാരന്‍ മുതലായവയും കച്ചവടത്തില്‍ പീടിക, അളവു തൂക്കുഉപകരണങ്ങള്‍, തൊഴിലാളികള്‍ എന്നിവയും സസ്യങ്ങളില്‍ കാവല്‍ക്കാരന്‍, ജലാശയം, മെതിക്കളം, തുടങ്ങിയവയും ഒന്നാകണം. എങ്കിലേ പങ്കാളിത്തരൂപത്തിലുള്ള സകാത് ബാധകമാവുകയുള്ളു. (ഖുലാസ 2/80) ഒന്നാവുകയെന്നത് കൊണ്ടുള്ള ഉദ്ദേശ്യം, ഓരോന്നിനും വേറെ വേറെയാവാതിരിക്കുകയാണ്. ഒന്നിലധികം ഉണ്ടാകുന്നതിനു വിരോധമില്ല.
പലരുടെയും കയ്യില്‍ നിസ്വാബ് തികയാത്ത കൊച്ചുകൊച്ചു സംഖ്യകളുണ്ട്. അവര്‍ ആ സംഖ്യകള്‍ ഒരു വിശ്വസ്തനായ ആളുടെ വശം സൂക്ഷിക്കാന്‍ കൊടുത്തു. ഈ ഡെപ്പോസിറ്റുകളെല്ലാംകൂടി അയാള്‍ ഒരുപെട്ടിയില്‍ സൂക്ഷിച്ചു. അവയുടെ തുകയാകട്ടെ നിസ്വാബു തികയുകയോ അതിലേറുകയോ ചെയ്തു. എന്നാല്‍ കൂട്ടുസ്വത്തിന്റെ പങ്കാളിത്തനിയമപ്രകാരം ഈ സംഖ്യക്ക് സകാത് നിര്‍ബന്ധമാകുമോ? പങ്കാളിത്തവ്യവസ്ഥയില്‍ സകാത് നിര്‍ബന്ധമാകുന്നതിന് പ്രത്യേക ഉദ്ദേശ്യം (നിയ്യത്ത്) വേണമെന്നില്ല. എന്നിരുന്നാലും ധനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് ഉടമസ്ഥ•ാരുടെയോ അവര്‍ മൈനര്‍മാരെങ്കില്‍ അവരുടെ രക്ഷാധികാരികളുടെയോ പ്രവര്‍ത്തനം മൂലമോ അനുവാദം മുഖേനയോ ആകണം. അല്ലെങ്കില്‍ ഇല്ല. അപ്പോള്‍ 200പേര്‍ 500രൂപ വീതം ഒരുവിശ്വസ്തന്റെ വശം സൂക്ഷിക്കാന്‍ കൊടുത്തെന്നു സങ്കല്‍പ്പിക്കുക. അയാള്‍ ആ സംഖ്യകള്‍ ഒന്നിച്ച് ഒരുപെട്ടിയില്‍ സൂക്ഷിച്ചു. ഇവിടെ 500രൂപയ്ക്കു സകാതില്ലെങ്കിലും മൊത്തം സൂക്ഷിപ്പുസംഖ്യ ഒരു ലക്ഷം വരുന്നു. അതാകട്ടെ സകാത്ത് ബാധകമാകുന്ന സംഖ്യയുമാണ്. അതിനു സകാത്ത് നിര്‍ബന്ധമാകണമെങ്കില്‍ നിക്ഷേപങ്ങളുടെ സങ്കലനം, അല്ലെങ്കില്‍ സഞ്ചയിക്കല്‍ നിക്ഷേപകരുടെ അനുവാദത്തോടുകൂടിയാകണം. അങ്ങനെയാണെങ്കില്‍ സങ്കലനം നടന്നതു മുതല്‍ ഒരുവര്‍ഷം പൂര്‍ത്തിയായാല്‍ അതിന്റെ രണ്ടര ശതമാനം സകാത്ത് കൊടുക്കണം. ഓരോരുത്തര്‍ക്കും പന്ത്രണ്ടരരൂപ സകാത് ബാധ്യതവരും. (ശര്‍വാനി 3/230-231 നോക്കുക)



