പെണ്രാഷ്ട്രീയ കോലാഹലങ്ങള്ക്കിടയില് വിളിച്ചു പറഞ്ഞത്
1947 ആഗസ്റ് 15ന് ശേഷം ഇന്ത്യാമഹാരാജ്യത്ത് ലോക്സഭയിലേക്ക് 15 പൊതുതെരഞ്ഞെടുപ്പുകള്‍ നടന്നു. ഈ തെരഞ്ഞെടുപ്പുകളിലൂടെ മൊത്തം 7906 പേരെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ലോക്സഭയിലേക്ക് പറഞ്ഞയച്ചു. ഇവരില്‍ മുസ്ലിം പേരുള്ളവര്‍ 470 ആയിരുന്നു. (5.9 ശതമാനം) ഇവരില്‍തന്നെ സ്ത്രീകളാവട്ടെ 14പേരും. ഇനി സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയാല്‍ ഈ നില മെച്ചപ്പെടുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ?
വനിതാ സംവരണ ബില്ലിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട് 14 വര്‍ഷമായെങ്കിലും 'പുത്തി' കൂടിയ ഇന്ത്യയിലെ മുസ്ലിം നേതൃത്വം ഇതുവരെ അതിന്റെ വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നിടത്തുനിന്ന് തുടങ്ങണം സംവരണത്തിനുള്ളിലെ സംവരണത്തിനു വേണ്ടിയുള്ള പുതിയ വാദകോലാഹലങ്ങളുടെ വിവിധ മാനങ്ങള്‍ വിശകലനം ചെയ്യാന്‍. വരുമ്പോള്‍ കാണാം എന്ന മഹാധൈര്യത്തിലിരിക്കുകയാണെന്ന് തോന്നുന്നു ഇതുവരെ. ഇത്തരമൊരു നിയമനിര്‍മാണത്തെ എതിര്‍ക്കേണ്ടതുണ്ടെന്ന് ആര്‍ക്കും ഇതുവരെ ബുദ്ധി ഓടാത്തതാവാം കാരണം. തങ്ങള്‍ ഇരിക്കുന്ന കൊമ്പാണ് സ്വന്തം കൈകൊണ്ട് മുറിക്കാന്‍ പോകുന്നതെന്ന് ആശങ്കയുള്ള നേതാക്കളാവട്ടെ എതിരുപറഞ്ഞാല്‍ പിന്തിരിപ്പനെന്ന് മുദ്രകുത്തിയേക്കുമോ എന്നു ഭയന്ന് ഒഴുക്കിനൊപ്പം നീങ്ങി. എന്നാല്‍ ഇവര്‍ക്ക് ബോധോദയം ഉണ്ടാക്കിയത് രാജ്യസഭയില്‍ അരങ്ങേറിയ 'രോമാഞ്ചകഞ്ചുകമണിയിക്കുന്ന' ചില രംഗങ്ങളായിരുന്നു. മാഡം സോണിയ ഇന്ത്യവാഴുന്ന, സ്ത്രീമുന്നേറ്റത്തിന്റെ സുവര്‍ണ കാലഘട്ടത്തിന് തിലകക്കുറി ചാര്‍ത്താന്‍ അടിയന്തിരമായി കൊണ്ടുവന്ന സ്ത്രീസംവരണ ബില്‍ പാസ്സാക്കുന്നത് ഇവിടത്തെ അധസ്ഥിത പിന്നാക്ക ദുര്‍ബല ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീജനത്തോടുള്ള ക്രൂരതയായിരിക്കും എന്നു പറഞ്ഞ് നാലു മുസ്ലിംകളും മൂന്ന് യാദവരും ചേര്‍ന്ന് ആക്രോശങ്ങള്‍ നടത്തിയപ്പോള്‍ പത്തിരുനൂറോളം വരുന്ന മാര്‍ഷലുകള്‍ അവരെ ഉടലോടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതു കണ്ടപ്പോഴാണ് ഈ ബില്ലിനടിയില്‍ അപകടം പതിയിരിക്കുന്നുണ്ടെന്ന് ഇവര്‍ക്ക് എവിടെനിന്നോ ഗ്രാഹ്യമുണ്ടായത്. എതിര്‍ക്കുന്നവരെ പുറത്ത് വലിച്ചെറിഞ്ഞിട്ടായാലും ശരി ബില്‍ പാസാക്കണമെന്ന് ചിലര്‍ക്ക് വാശിയുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ വലിയൊരു അജണ്ട ഇല്ലാതിരിക്കില്ലെന്ന് ചിലരെങ്കിലും മനസ്സിലാക്കി. അതോടെ അരങ്ങുതകര്‍ക്കാന്‍ തുടങ്ങിയ പ്രതിഷേധവും സമരാഹ്വാനങ്ങളുമെല്ലാം അറുപതു വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്ന് മുസ്ലിംനേതൃത്വം ഒരു ചുക്കും പഠിച്ചിട്ടില്ല എന്ന കാര്യം വിളിച്ചുപറയുന്നുണ്ട്. എന്നാല്‍ ആ വിളിച്ചുപറയലുകള്‍ക്കിടയില്‍ ചിതറി വീഴുന്ന അനിഷേധ്യ സത്യങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥിതിയുടെ ജ•ദൌര്‍ബല്യങ്ങളും ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ യഥാര്‍ഥ മുഖവും ലോകത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ ഉപകരിക്കുന്നു എന്ന് നിഷ്പക്ഷമതികള്‍ക്ക് സമാധാനിക്കാം.
ബറാക് ഒബാമയുടെയും ഹിലാരിക്ളിന്റന്റെയും ബ്രൌണിന്റെയും മുതുമുത്തച്ഛ•ാര്‍ ഗുഹാവാസികളായി നഖവും മുടിയും നീട്ടിവളര്‍ത്തി കാട്ടാള•ാരായി കഴിഞ്ഞിരുന്ന 13ാം നൂറ്റാണ്ടില്‍ റസിയ സുല്‍ത്താന എന്ന പെണ്ണ് ഖുത്തബ് മിനാറിന്റെ ചാരത്തുനിന്ന് ദല്‍ഹി ഭരിച്ച നാടാണിത്. ഇന്ദിരാഗാന്ധി എന്ന മങ്ക ഒന്നര പതിറ്റാണ്ട് ഉരുക്കുമുഷ്ടിയോടെ 100 കോടിയിലേറെ മനുഷ്യരെ ഭരിച്ചപ്പോള്‍ മാര്‍ഗരറ്റ് താച്ചര്‍ രാഷ്ട്രീയത്തിന്റെ ഒന്നാം ക്ളാസിലായിരുന്നു. ഇറ്റലിയില്‍ നിന്ന് വന്നുകയറിയ ഒരു മങ്കയെ പിടിച്ച് ഭരിക്കുന്ന കക്ഷിയുടെ അമരത്തിരുത്താന്‍ മാത്രം ഇവിടത്തെ രാഷ്ട്രീയത്തിന് ഹൃദയവിശാലതയുണ്ട്. അവരുടെ പ്രാപ്തിയോ പരിചയമോ ഒരു പ്രശ്നമായിരുന്നില്ല. പ്രഥമപൌര ഒരു പ്രതിഭയാണിവിടെ. കേന്ദ്ര ഹജ്ജ്കമ്മിറ്റിയുടെ തലപ്പത്ത് സ്ത്രീകളെ പ്രതിഷ്ഠിക്കാന്‍ ഏത് ജനതക്കാണ് ധൈര്യം വരിക? ഇവിടത്തെ പ്രശ്നം ലിംഗഭേദമല്ലെന്ന് ഏത് കണ്ണുപൊട്ടനും സ്വാതന്ത്യ്രത്തിന്റെ ആറ് പതിറ്റാണ്ടിലൂടെ തപ്പിനോക്കിയാല്‍ ബോധ്യപ്പെടുന്നതേയുള്ളൂ. പരമോന്നത നീതിപീഠത്തിലും നയതന്ത്രരംഗത്തും ഭരണനിര്‍വഹണ മേഖലയുടെ നിഖില ശാഖകളിലും പെണ്‍പ്രാതിനിധ്യത്തിന് യാതൊരു കുറവുമില്ല. ഇന്ത്യയുടെ പ്രശ്നം സ്ത്രീജനത്തിന് അര്‍ഹതപ്പെട്ട പ്രാതിനിധ്യം നല്‍കാത്തതാണെന്ന് ആരും ഇതുവരെ കുറ്റപ്പെടുത്തിയതായി കേട്ടിട്ടുമില്ല. പ്രായോഗിക രാഷ്ട്രീയത്തില്‍ ജയലളിതയും മായാവതിയും മമതാ ബാനര്‍ജിയും ധാര്‍ഷ്ട്യത്തിന്റെയും ഹുങ്കിന്റെയും ശൈലി പുറത്തെടുക്കുമ്പോള്‍ ഈ 'പെണ്ണുങ്ങ•ാരെ'കൊണ്ടു തോറ്റു എന്ന് പറയിപ്പിച്ച ഘട്ടങ്ങള്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട് താനും. ഇന്ത്യയോ അയല്‍രാജ്യമോ ഇന്ന് അഭിമുഖീകരിക്കുന്ന ഏതെങ്കിലും പ്രശ്നത്തിന്റെ വേര് സ്ത്രീ പങ്കാളിത്തവുമായി ബന്ധപ്പെട്ടതാണെന്ന് വിവരമുള്ള രാഷ്ട്രീയ നിരീക്ഷകരോ രാഷ്ട്രമീമാംസകരോ ചൂണ്ടിക്കാട്ടിയതായി ആര്‍ക്കും പറയാനാവില്ല. എന്നല്ല, ശ്രീലങ്കയിലെ സിരിമാവോ ബണ്ഡാരനായകെയും നമ്മുടെ ഇന്ദിരാഗാന്ധിയും പാക്കിസ്താനിലെ ബേനസീര്‍ ഭൂട്ടോയും ബംഗ്ളാദേശിലെ ശൈഖ് ഹസീനയും ഖാലിദ സിയയുമൊക്കെ ദക്ഷിണേന്ത്യയുടെ സ്ത്രീശാക്തീകരണത്തിന്റെ അത്യപൂര്‍വ ദൃഷ്ടാന്തങ്ങളായി ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കപ്പെടാറുള്ളതുമാണ്.
ലിബറല്‍ ഡെമോക്രസി വിഭാവനം ചെയ്യുന്ന തുല്യപൌരത്വം ഇന്ത്യന്‍ ചുറ്റുപാടില്‍ അതിന്റെ എല്ലാ ക്രിയാത്മകമുഖങ്ങളും ഇതിനകം അനാവൃതമാക്കിയിട്ടുണ്ടെന്നിരിക്കെ അതിന്റെ ദൂഷ്യവശങ്ങള്‍ കണ്ടെത്തി നിവാരണമാര്‍ഗങ്ങള്‍ ആരായുകയാണ് രാജ്യസ്നേഹികള്‍ അടിയന്തിരമായി ചെയ്യേണ്ടിയിരുന്നത്. അഴിമതിയും കുടുംബവാഴ്ചയും വരേണ്യവര്‍ഗഅതിപ്രസരവും ദുര്‍ബല വിഭാഗങ്ങളുടെ പ്രാന്തവത്കരണവുമെല്ലാമാണ് നമ്മുടെ രാജ്യത്തെ സദാ വേട്ടയാടുന്ന വെല്ലുവിളികള്‍. സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിക്കുന്നതോടെ പരിഹരിക്കപ്പെടുന്നതല്ല ഈ പ്രശ്നങ്ങള്‍. കോര്‍പ്പറേറ്റ് താത്പര്യങ്ങളുടെ കാവല്‍പട്ടികളായി നമ്മുടെ രാഷ്ട്രീയ നേതൃത്വം അധഃപതിച്ചതിന്റെ പ്രത്യാഘാതങ്ങളാണ് വലിയൊരു വിഭാഗം മനുഷ്യരെ ഇന്നും ദാരിദ്യ്രത്തിന്റെ പടുകുഴിയില്‍നിന്ന് കരകയറാന്‍ അനുവദിക്കാത്തത്. നിരക്ഷരതയും പട്ടിണിയും ഇന്നും നമ്മുടെ ജനായത്തക്രമത്തെ പരിഹാസ്യമാക്കുന്നുണ്ട്. ആരാണ് പ്രധാനമന്ത്രി എന്നറിയാത്ത മുപ്പത്കോടി മനുഷ്യര്‍ അധിവസിക്കുന്ന ഒരു രാജ്യത്തിന്റെ ശിരോലിഖിതം മാറ്റിയെഴുതാന്‍ 33 ശതമാനം സ്ത്രീകള്‍ പാര്‍ലമെന്റില്‍ എത്തിയതു കൊണ്ടാവില്ല. ആദ്യം വേണ്ടത് പൌര•ാരുടെ മുഴവന്‍ പട്ടിണി മാറ്റുകയാണ്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇന്ദിര മുഴക്കിയ 'ഗരീബീ ഹഠാവോ' എന്ന മുദ്രാവാക്യത്തിന് ഇന്നും പ്രസക്തിയുണ്ടെങ്കിലും സുനില്‍-അനില്‍ അംബാനിമാരെ ലോക ബില്യനെയറുകളുടെ കൂട്ടത്തിലേക്ക് തള്ളിക്കയറ്റി ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ജനകോടികളെ നാം മനഃപൂര്‍വം മറക്കുകയാണ്. ഇങ്ങനെ കുറെ അടിസ്ഥാന പ്രശ്നങ്ങളുടെ മേല്‍ മണ്ണിടണമെങ്കില്‍ സാധാരണക്കാരനുമായി പുലബന്ധമില്ലാത്ത ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണം. നാം ചാണിനു ചാണായി പിന്‍പറ്റുന്ന അമേരിക്ക അടക്കമുള്ള വന്‍ശക്തി ജനാധിപത്യങ്ങളിലൊന്നും സ്ത്രീകള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടില്ല. പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് വന്‍ പ്രാതിനിധ്യമുണ്ടാവുന്നതോടെ പ്രശ്നങ്ങള്‍ക്ക് അറുതിയായി എന്ന് സമാധാനിക്കാന്‍ റുവാണ്ടയിലെയോ പാക്കിസ്താനിലെയോ അനുഭവം നമ്മെ പ്രേരിപ്പിക്കുന്നുമില്ല.
എന്തായിരിക്കണം അപ്പോള്‍ സ്ത്രീ സംവരണത്തിന്റെ പിന്നിലെ അജണ്ട? ഇപ്പോള്‍ തന്നെ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന പാര്‍ലമെന്റിനെ കൂടുതല്‍ നിശ്ചേതനമാക്കുക എന്ന ജനാധിപത്യവിരുദ്ധ ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ടെന്ന് ബലമായും സംശയിക്കണം. സാമ്രാജ്യത്വ ശക്തികള്‍ എന്നും ഭയക്കുന്നത് ജനശബ്ദത്തെയാണ്. പുരുഷ ശബ്ദത്തെ വിലക്കെടുക്കാന്‍ ഫണ്ടിംഗ് ഏജന്‍സികളിലൂടെ ഒട്ടനവധി ഗൂഢതന്ത്രങ്ങള്‍ മെനയുന്ന ആഗോള കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ഇന്ത്യ പോലൊരു ബൃഹത്തായ ജനാധിപത്യത്തെ നിര്‍വീര്യമാക്കാനും പാര്‍ലമെന്റിനെ വെറും നോക്കുകുത്തിയാക്കാനും നഗരത്തിന്റെ പൊലിമയില്‍ കണ്ണ്മഞ്ഞളിച്ച കൊച്ചമ്മമാരെ ക്കൊണ്ട് സഭകള്‍നിറച്ചാല്‍ മതിയാവും. ചമ്പല്‍റാണി ഫൂലന്‍ദേവിയെ ആര്‍ഭാടജീവിതത്തിന്റെ കന്‍മഷമായ വഴികളിലൂടെ നടത്തിച്ച് അവരുടെ ഉണ്‍മയെ ചോര്‍ത്തിയെടുത്ത ശക്തികള്‍ക്ക് ഏതു മങ്കയെയാണ് വിലക്കെടുക്കാന്‍ കഴിയാത്തത്? സുഷമ സ്വരാജും വൃന്ദകാരാട്ടും പ്രതിനിധാനം ചെയ്യുന്നത് ഏതു വിഭാഗത്തില്‍പെട്ട ഇന്ത്യന്‍മഹിളകളെയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? ദുര്‍ബലര്‍ക്കും ഗ്രാമീണര്‍ക്കും അധ്വാനത്തിന്റെ വിലയറിയുന്നവര്‍ക്കും അപ്രാപ്യമായ ദന്തഗോപുരമായി ഇതിനകം കോടീശ്വര•ാരെക്കൊണ്ട് മലീമസമായ പാര്‍ലമെന്റിലേക്ക് കുറെ കൊച്ചമ്മമാര്‍ കൂടി കയറിച്ചെല്ലുന്നതോടെ നിശ്ശബ്ദമാക്കപ്പെടുന്നത് ഒരു രാജ്യത്തിന്റെ ആത്മാവാണ്. അധസ്ഥിതരുടെയും ന്യൂനപക്ഷത്തിന്റെയും പ്രതിനിധികള്‍ക്കു മുന്നില്‍ കൊട്ടിയടക്കപ്പെടുന്ന കവാടത്തില്‍ ഈ ജനവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികള്‍ ദുര്‍ബലമാകും എന്നതുകൊണ്ടു തന്നെയാണ് യാദവ•ാര്‍ ഇത്ര ഉച്ചത്തില്‍ മുറവിളി കൂട്ടുന്നത്. മുസ്ലിംകളുടെ കാര്യംപറയാന്‍ മുലായം സിംഗും ലാലുപ്രസാദ് യാദവും തന്നെ ഒടുവില്‍ വേണ്ടിവന്നു. ഈ വിഷയത്തില്‍ ആദ്യം തൊട്ടേ ഉറച്ച തീരുമാനമെടുത്ത് കാമ്പയിന്‍ നടത്തിയത് ഹൈദരാബാദിലെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് ബാരിസ്റര്‍ അസദുദ്ദീന്‍ ഉവൈസി മാത്രമാണ്. മുസ്ലിംലീഗ് നേതൃത്വം പതിവുപോലെ നപുംസകനയം സ്വീകരിച്ചു. കോണ്‍ഗ്രസമ്മ പറയുംപോലെ എന്ന മട്ടില്‍ മൌനം ദീക്ഷിച്ചു.
പതിനാറു ശതമാനം വരുന്ന മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വിഷയം വളരെ ഗൌരവപ്പെട്ടതാണ്. പാര്‍ലമെന്റിലെയും നിയമസഭകളിലെയും അവരുടെ പരിമിതമായ പ്രാതിനിധ്യം പോലും നഷ്ടപ്പെടാനാവും സ്ത്രീസംവരണ നിയമം വഴിവയ്ക്കുക. ലോക്സഭയിലേക്കുള്ള 543 സീറ്റില്‍ 84 എണ്ണം പട്ടികജാതിക്കും 47 എണ്ണം പട്ടിക വിഭാഗത്തിനും സ്വാതന്ത്യ്രലബ്ധി തൊട്ട് സംവരണം ചെയ്തിട്ടുണ്ട്. അതിനര്‍ഥം 412 സീറ്റിലാണ് മുസ്ലിംകള്‍ക്ക് ഇതുവരെ മത്സരിക്കാന്‍ അവസരമുണ്ടായിരുന്നത്. ഇതില്‍നിന്ന് 33 ശതമാനം സ്ത്രീകള്‍ക്ക് മാറ്റിവയ്ക്കുന്നതോടെ അവസരം വീണ്ടും വെട്ടിചുരുങ്ങുന്നു. എന്തുകൊണ്ട് മുസ്ലിം സ്ത്രീകള്‍ക്ക് മത്സരിച്ചു ജയിച്ചുകൂടാ എന്ന ചോദ്യം ഉന്നയിക്കാം. സ്വാതന്ത്യ്ര ലബ്ധിക്കു ശേഷമുള്ള അനുഭവം വച്ചുനോക്കിയാല്‍ ഇവിടത്തെ പ്രബല സമൂഹങ്ങളോട് മത്സരിച്ചു ജയിക്കാന്‍ മാത്രം രാഷ്ട്രീയ പിന്‍ബലമോ പാരമ്പര്യമോ വിദ്യാഭ്യാസ നിലവാരമോ സാമ്പത്തിക ഭദ്രതയോ ഈ വിഭാഗത്തിന് ഇല്ല എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. അതുകൊണ്ടാണല്ലോ 7906 എം പിമാരില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയില്‍ 14 പേര്‍മാത്രം ഉണ്ടായത്. എന്തുകൊണ്ട് മുസ്ലിം സ്ത്രീകള്‍ തഴയപ്പെടുന്നു? മുഖ്യധാരാ പാര്‍ട്ടികളൊന്നും ഇതുവരെയായി ഒരു മുസ്ലിം നേതാവിനെയും വളരാന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല. പിന്നീടല്ലേ സ്ത്രീകളുടെ കാര്യം? രാഹുല്‍ഗാന്ധിയോട് ഒരഭിമുഖത്തില്‍ വിദ്യാര്‍ഥികള്‍ ചോദിച്ചു; 'എന്തുകൊണ്ട് ഒരു മുസ്ലിം പ്രധാനമന്ത്രി ഉണ്ടാവുന്നില്ല.' മറുപടി 'അതിനു പ്രാപ്തനായ ഒരാളെ ചൂണ്ടിക്കാണിച്ചു താ' എന്നാണ്. മന്‍മോഹന്‍ സിംഗ് എന്ന പഴയ ലോകബാങ്ക് ഉദ്യോഗസ്ഥനെ പ്രധാനമന്ത്രി പദത്തിലെത്തിച്ച കോണ്‍ഗ്രസ് എന്തുകൊണ്ട് ഗുലാം നബി ആസാദിനെയോ എ ആര്‍ ആന്തുലയെയോ പി എം സഈദിനെയോ ഗനി ഖാന്‍ ചൌധരിയെയോ മുഹ്സിന കിദ്വായിയെയോ പ്രധാനമന്ത്രിസ്ഥാനത്തേക്ക് വളര്‍ത്തിക്കൊണ്ടുവന്നില്ല? രാഹുലിന്റെ മുത്തശ്ശിയോടൊപ്പം രാഷ്ട്രീയം പയറ്റിയ മുഹ്സിനയെ എല്ലാറ്റിനുമൊടുവില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തലപ്പത്തല്ലേ ഇരുത്തിയത്? നേതാക്കള്‍ ഉണ്ടാവാഞ്ഞിട്ടല്ല, അവരെ ഉയര്‍ത്തിക്കൊണ്ടുവരാനോ ഉത്തരവാദിത്വം ഏല്‍പിക്കാനോ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇച്ഛാശക്തി കാണിക്കാറില്ല എന്നതാണ് വാസ്തവം. നിലവിലെ ലോക്സഭയില്‍ മൂന്ന് മുസ്ലിം സ്ത്രീകളുണ്ട്. അവര്‍ മൂന്നുപേരും ജയിച്ചു കയറിയത് അവരുടെ ശേഷിയോ പ്രാഗല്‍ഭ്യമോ കൊണ്ടല്ല. മാല്‍ഡയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൌസം ബേനസീര്‍നൂര്‍ മുന്‍കേന്ദ്രമന്ത്രി ഗനിഖാന്‍ ചൌധരിയുടെ മരുമകളാണ്. ഖൈറാനിയില്‍ നിന്ന് ജയിച്ചുകയറിയ തബസ്സുംബീഗം ബിഎസ്പി എംപിയായിരുന്ന മുനവ്വിര്‍റാണയുടെ വിധവയാണ്. സീതാപൂരില്‍ നിന്നുള്ള ഖൈസര്‍ ജഹാന്‍ ബിഎസ്പി എംഎല്‍എ എ ജെ അന്‍സാരിയുടെ ഭാര്യയാണ്. ഇങ്ങനെ മുസ്ലിംകള്‍ തിങ്ങിത്താമസിക്കുന്ന ഏതെങ്കിലും കുടുംബമണ്ഡലത്തില്‍നിന്ന് മാത്രമേ ഇവര്‍ക്ക് എന്നല്ല, മുസ്ലിം പുരുഷ•ാര്‍ക്കും രക്ഷപ്പെടാനാവൂ. കോണ്‍ഗ്രസ്നേതാവ് എം ഐ ഷാനവാസിന്റെ കഥ തന്നെ ഒന്നെടുത്തുനോക്ക്. എറണാകുളത്ത് എവിടെ മത്സരിച്ചാലും തോറ്റുപോകുന്ന ഈ സെക്കുലര്‍ നേതാവിന് മലബാറിലേക്ക് ചേക്കേറേണ്ടി വന്നില്ലേ ലോകസഭയിലെത്താന്‍?
സച്ചാര്‍ കമ്മീഷന്‍ യു പിയിലെയും ബീഹാറിലെയും പശ്ചിമബംഗാളിലെയും സംവരണ സീറ്റുകളെക്കുറിച്ച് പഠിച്ച ശേഷം ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ പുറത്തുവിടുകയുണ്ടായി. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ സംവരണ സീറ്റായി മാറ്റിവച്ച് മുസ്ലിംകള്‍ക്ക് മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്ന ഭരണകൂടത്തിന്റെ ചതിപ്രയോഗത്തെക്കുറിച്ചാണ് റിപ്പോര്‍ട്ട് വാചാലമായത്. ഉദാഹരണത്തിന് ബംഗാളിലെ സഗര്‍ഗദി മണ്ഡലത്തില്‍ 62 ശതമാനം മുസ്ലിംകളുണ്ട്; പട്ടികവര്‍ഗം 18 ശതമാനവും. എന്നും ഈ മണ്ഡലം പട്ടികജാതി സംവരണമാക്കി വച്ചിരിക്കുകയാണ്. അതേസമയം 67ശതമാനം പട്ടിക ജാതിക്കാര്‍ അധിവസിക്കുന്ന സീതായി അസംബ്ളി മണ്ഡലം പൊതുമണ്ഡലമാണ്. ഏത് ഹിന്ദുവിനും അവിടെ എളുപ്പത്തില്‍ ജയിക്കാമല്ലോ. യു പിയിലെ ജന്‍സത്ത് നിയമസഭാ മണ്ഡലത്തില്‍ 16 ശതമാനം പട്ടികവിഭാഗവും 37 ശതമാനം മുസ്ലിംകളുമുണ്ട്. അതും സംവരണം ചെയ്തിരിക്കയാണ്. അതേസമയം 49 ശതമാനം പട്ടികജാതിക്കാരുള്ള മരിഹാന്‍ പൊതുമണ്ഡലമാണ്. ഈ കള്ളക്കളിയാണ് പാര്‍ലമെന്റിലും നിയമസഭകളിലും മുസ്ലിംകളുടെ പ്രാതിനിധ്യം തട്ടിത്തെറിപ്പിക്കുന്നത്. അസദുദ്ദീന്‍ ഉവൈസി ചൂണ്ടിക്കാട്ടിയ ഒരു യാഥാര്‍ഥ്യമുണ്ട്: കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ മൊത്തം 148 എം പിമാരില്‍ ഒരേയൊരു മുസ്ലിം താനാണ്. മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ ബാനറിലാണു മത്സരിച്ചു ജയിച്ചത്. ഹൈദരാബാദില്‍ അസദുദ്ദീനെതിരെ മത്സരിച്ചത് സിയാസത്ത് ഉറുദു പത്രത്തിന്റെ എഡിറ്റര്‍ സാഹിദ് അലി ഖാനായിരുന്നു. കഴിഞ്ഞാഴ്ച അരലക്ഷത്തോളം പേര്‍ പങ്കെടുത്ത സംവരണ വിരുദ്ധ പ്രക്ഷോഭ സമ്മേളനത്തെക്കുറിച്ച് എല്ലാ പത്രങ്ങളും ഒന്നാംപേജില്‍ വന്‍പ്രാധാന്യത്തോടെ വാര്‍ത്ത കൊടുത്തപ്പോള്‍ പഴയ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സിയാസത്ത് സംഭവം കണ്ടതായിഭാവിച്ചില്ല. മുസ്ലിം രാഷ്ട്രീയം ഇന്ത്യയില്‍ ഇപ്പരുവത്തിലെത്തിയതിന്റെ ചരിത്രത്തോടൊപ്പം ഇതും എഴുതിച്ചേര്‍ക്കേണ്ടതുണ്ട



