April 2010

whosonline
ഇപ്പോള്‍ 5 പേര്‍ രിസാല സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു

ചരിത്രത്തിലെ നക്ഷത്രത്തിളക്കം

ചരിത്രം/ കെ സി ശൈജല്ഹസന് ബസ്വ്രി (റ)

ഈ ലോകത്തോട് വിടപറയുന്നതിന്ന് ഏതാനും ദിവസങ്ങള്‍ മുമ്പ് മഹാനായ പ്രവാചകന്‍ മുഹമ്മദ് നബിതിരുമേനി മാനവകുലത്തോട് ഇങ്ങനെ മൊഴിയുകയുണ്ടായി : "നിങ്ങളുടെ ദരിദ്രാവസ്ഥയല്ല, മറിച്ച് ലോകം നിങ്ങള്‍ക്കുമേല്‍ ചൊരിഞ്ഞേക്കാവുന്ന ധനാഢ്യതയും ആഡംബരങ്ങളുമാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. നിങ്ങളുടെ മുന്‍തലമുറകള്‍ക്കെന്ന പോലെ നിങ്ങളുടെ മുമ്പിലും സ്വാര്‍ത്ഥ മാത്സര്യങ്ങളുടെയും ആത്യന്തികമായി സമ്പൂര്‍ണ നാശത്തിന്റെയും വഴിതുറന്നിടുവാന്‍ അതിന് സാധിക്കും.''

മുതലാളിത്ത ലോകക്രമം എന്ന വാക്കു പോലും ഉദ്ഭവിക്കുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുമേനി നടത്തിയ ഈ നിരീക്ഷണം എത്രമേല്‍ കൃത്യമായിരുന്നുവെന്ന് വര്‍ത്തമാനകാല ലോകത്തോട് വിശദീകരിക്കേണ്ടതില്ലല്ലോ. ക്രാന്തദര്‍ശിത്വമേറിയ ഈ വാക്കുകളുടെ ഉള്‍ക്കനം ഉള്‍കൊണ്ട് പില്ക്കാലത്ത് മാനവരാശിക്ക് മാര്‍ഗദര്‍ശനം നല്‍കിയ മഹത്തുക്കളില്‍ പ്രമുഖ സ്ഥാനമലങ്കരിക്കുന്ന വ്യക്തിത്വങ്ങളിലൊരാളാണ് ഹസന്‍ അല്‍ ബസ്വ്രി (റ). മൂല്യബോധത്തിന്റെ രാജകീയത കൊണ്ടും വൈജ്ഞാനിക ശോഭകൊണ്ടും ധാര്‍മിക ചരിത്രത്തില്‍ ഇടം നേടിയ മഹാനാണദ്ദേഹം.

ഇസ്ലാമിക നവോത്ഥാനത്തിന്റെ രാജശില്പികളിലൊരാളാണ് ഹസനുല്‍ ബസ്വ്രി. സമൂഹം അധാര്‍മികതയിലേക്ക് കൂപ്പുകുത്തുകയും വിശ്വാസ മൂല്യങ്ങള്‍ക്കുമേല്‍ കൂരിരുള്‍ വന്ന് മൂടുകയും ചെയ്ത് തുടങ്ങിയ ഒരു കാലഘട്ടത്തില്‍ നയുടെ പക്ഷത്ത് നിന്നുള്ള ധാര്‍മിക പ്രതിരോധത്തിന് അദ്ദേഹം നേതൃത്വം നല്‍കി. പരിശുദ്ധഖുര്‍ആനിലുള്ള അഗാധമായ ജ്ഞാനവും തിരുമേനിയുടെ അനുചരാരോട് ബന്ധം സ്ഥാപിക്കുവാന്‍ കിട്ടിയ സൌഭാഗ്യവും ഉജ്ജ്വലമായ പ്രഭാഷണ പാടവവും ആയിരുന്നു ആ മഹാത്മാവിന്റെ ബലം. അദ്ദേഹത്തിന്റെ പ്രഭാഷണവേദികളിലേക്ക് ഒഴുകിയെത്തുന്ന  ജനപഥം, ആ വാക്കുകളുടെ പൊള്ളലേല്‍ക്കുമ്പോള്‍ കണ്ണീര്‍ പൊഴിക്കാറുണ്ടായിരുന്നു. ഹജ്ജാജ് ഇബ്നു യൂസുഫ്, ഹസനുല്‍ ബസ്വ്രി (റ) എന്നിവരാണ് താന്‍ കണ്ട ഏറ്റവും പ്രഗത്ഭരായ പ്രഭാഷകരെന്നും ഇവരില്‍ തന്നെ ഹസനുല്‍ ബസ്വ്രി ഒരു പടിമേലെ നില്‍ക്കുമെന്നും പ്രസിദ്ധ വൈയാകരണ വിദഗ്ധന്‍ അബു അംറ് ഇബ്ന്‍ അല്‍ അഅ്ലാ ചൂണ്ടിക്കാട്ടുന്നു.  നീണ്ട പത്തുവര്‍ഷക്കാലം ഹസനുല്‍ ബസ്വ്രിയുടെ കൂടെ ചെലവഴിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിരുന്നുവെന്നും അതില്‍ ഏതാണ്ട് എല്ലാ ദിവസവും തനിക്ക് പുതിയ പുതിയ അറിവുകള്‍ ആ ഗുരുമുഖത്ത് നിന്ന് ലഭിച്ചിരുന്നുവെന്നും റാബി ഉബ്നു അനസും സാക്ഷ്യപ്പെടുത്തുന്നു.

ജ്ഞാന സമ്പാദനത്തിലും അധ്യാപനത്തിലും വൈകാരിക വിശുദ്ധിയിലും നക്ഷത്രത്തിളക്കം നിലനിര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു ഹസനുല്‍ ബസ്വ്രി. വ്യത്യസ്ത വൈജ്ഞാനിക ശാഖകളില്‍ സംശയങ്ങളുന്നയിച്ചു കൊണ്ട് ശിഷ്യന്‍മാര്‍ എപ്പോഴും അദ്ദേഹത്തെ പൊതിഞ്ഞു നില്‍പുണ്ടാവും. അദ്ദേഹമാവട്ടെ ഒരു കൂട്ടര്‍ക്ക് ഹദീസും (തിരുവചനങ്ങള്‍) മറ്റൊരു വിഭാഗത്തിന് തഫ്സ്വീറും (പരിശുദ്ധഖുര്‍ആന്‍ വ്യാഖ്യാനം) വേറൊരു കൂട്ടര്‍ക്ക് ഫിഖ്ഹും (കര്‍മശാസ്ത്ര നിയമങ്ങള്‍) പകര്‍ന്നു കൊടുക്കുകയാവും. അതിനിടയ്ക്ക് തന്നെ മറ്റ് ചിലര്‍ക്ക് നിയമോപദേശങ്ങള്‍ / വിധികള്‍ വിശദീകരിച്ചു നല്‍കുന്നുമുണ്ടാവും. സമുദ്രം പോലെ പരന്നു കിടക്കുകയാവും അദ്ദേഹത്തിന്റെ വിജ്ഞാന സമ്പത്ത്. തനിക്കു ചുറ്റുമുള്ള എല്ലാ ആത്മാക്കളെയും പ്രോജ്വലിപ്പിക്കുവാന്‍ മാത്രം ദീപ്തമായിരുന്നു അദ്ദേഹത്തിന്റെ സര്‍ഗാത്മകത. വഴിയാത്രക്കാരനെന്നോ ഭരണാധിപനെന്നോ ഭേദമില്ലാതെ ആര്‍ക്കുമുമ്പിലും എവിടെയും നേരിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ മാത്രം കരുത്തുറ്റതായിരുന്നു അദ്ദേഹത്തിന്റെ നീതിബോധം.'' താബിത് ഇബ്ന്‍ ഖുര്‍റയെ (ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ പ്രമുഖനായൊരു അമുസ്ലിം ദാര്‍ശനികന്‍) ഉദ്ധരിച്ചുകൊണ്ട് അബു ഹയ്യാന്‍ അത്തൌഹീദി എഴുതുന്നു.

ലബ്ധ പ്രതിഷ്ഠനായ പ്രഭാഷകന്‍ ആയത്കൊണ്ടു മാത്രമല്ല, മറിച്ച് സംസ്കൃതമായ ഒരാത്മാവിന്റെ ഉടമയായിരുന്നത് കൊണ്ടുകൂടിയാണ് ആളുകള്‍ ഹസനുല്‍ ബസ്രിയുടെ വാക്കുകള്‍ക്ക് ഏറെ വിലയേകിയത്. പ്രവാചകാധ്യാപനങ്ങളോട് പൂര്‍ണമായും പ്രതിബദ്ധത പുലര്‍ത്തുകയും ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് ഉത്ഭൂതമാവുകയും ചെയ്യുന്ന ആ വാക്കുകള്‍ സ്വാഭാവികമായും ശ്രോതാക്കളുടെ ഹൃദയങ്ങളെതന്നെ സ്പര്‍ശിച്ചു കൊണ്ടിരുന്നു. മഹാനായ സൂഫിവര്യന്‍ അല്‍ഗസ്സാലി തന്റെ വിശ്രുതമായ 'ഇഹ്യാ ഉലൂമിദ്ദീ'നില്‍ (വാള്യം 1, പേജ് 68) ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്.

ഉന്നതമായ നീതിബോധവും ധാര്‍മികധീരതയും നിലനിര്‍ത്തിയിരുന്ന ഹസനുല്‍ബസ്വ്രി(റ), ഭരണാധികാരികളോട് പോലും മുഖം നോക്കാതെ  വിയോജിക്കാറുണ്ടായിരുന്നു. ഇറാഖ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ഭരണാധികാരിയായിരുന്ന ഹജ്ജാജ് ഇബ്നു യൂസുഫിന്റെ സ്വേഛാധിപത്യത്തെയും ദുര്‍ഭരണത്തെയും കൊടും ക്രൂരതകളെയും അദ്ദേഹം നിശിതമായി വിമര്‍ശിക്കാറുണ്ടായിരുന്നത് ഇതിനുദാഹരണമാണ്. (തന്റെ ഭരണകാലത്ത് ഇറാഖില്‍ ഒന്നരലക്ഷം ആളുകളെ രാഷ്ട്രീയ ലഹളകളില്‍ കൊന്നൊടുക്കുകയും അരലക്ഷം പേരെ തടവിലിടുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഹജ്ജാജെന്നോര്‍ക്കണം).

കപടവിശ്വാസത്തോട് യാതൊരു കനിവും കാട്ടിയിരുന്നില്ല ഹസനുല്‍ ബസ്വ്രി(റ). ഭൌതികതാല്‍പര്യങ്ങള്‍കൊണ്ട് ഇസ്ലാമിനോട് അനുഭാവം കാണിക്കുന്നതായി നടിച്ചവരും പൂര്‍വകാല അജ്ഞാനയുഗത്തിന്റെ തമസ്സ് മനസ്സിലും വിശ്വാസാചാരങ്ങളിലും സൂക്ഷിക്കുന്നവരും അധികാരപ്രമത്തതയില്‍ ധാര്‍മിക പ്രതിബദ്ധത മറന്നവരുമെല്ലാം ഉള്‍പ്പെടുന്ന കപടവിശ്വാസികളുടെ നിര പുറമെ കാണുന്നതിലുമപ്പുറം നീണ്ടുപരന്നുകിടക്കുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. "കപടവിശ്വാസികളെല്ലാം ബാഗ്ദാദ് വിടുകയാണെങ്കില്‍ ഈ നഗരം ഏറെക്കുറെ വിജനമായിത്തീരും'' എന്നുവരെ ഒരിക്കല്‍ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഭരണതലത്തെയും ഉദ്യോഗസ്ഥ സൈനിക മേഖലയെയും വ്യാപാര രംഗത്തെയുമെന്നു വേണ്ട സമൂഹത്തെ ഒന്നടങ്കം കാര്‍ന്നുതിന്നുന്ന കൊടുംവ്യാധിയായാണ് ഹസനുല്‍ ബസ്വ്രി കപടവിശ്വാസത്തെ വിലയിരുത്തുന്നത്. പണത്തോടും അധികാരത്തോടുമുള്ള ആര്‍ത്തി, അന്ത്യനാളിനെക്കുറിച്ചുള്ള ബോധം അവരില്‍ നിന്ന് അടര്‍ത്തിമാറ്റുന്നുവെന്നും ഒരു തിരിച്ചുപോക്ക് അനിവാര്യമാണെന്നും ഹസനുല്‍ ബസ്വ്രി കപടവിശ്വാസികളെ ഉദ്ബോധിപ്പിച്ചു. നീണ്ട അറുപത് വര്‍ഷക്കാലം അദ്ദേഹം നടത്തിയ നിരന്തരമായ നവോത്ഥാന പരിശ്രമങ്ങളിലൂടെ പതിനായിരങ്ങളാണ് നേര്‍മാര്‍ഗത്തിലേക്ക് മടങ്ങിയെത്തിയത്.

പില്‍ക്കാല പണ്ഡിതനും സൂഫിവര്യനുമായ ശാഹ് വലിയുല്ലാഹ് കപടവിശ്വാസത്തെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ സാന്ദര്‍ഭികമായി അനുസ്മരിക്കാവുന്നതാണ്. ദേശകാലങ്ങള്‍ക്കതീതമായി നിലനില്‍ക്കുന്ന പ്രതിലോമപരമായ ഒരു പ്രതിഭാസമായാണ് അദ്ദേഹം കപടവിശ്വാസത്തെ വിലയിരുത്തിയത്. "കപടവിശ്വാസം രണ്ടുതരമാണ്. വിശ്വാസത്തിലുള്ള കാപട്യവും ധാര്‍മിക വ്യാവഹാരിക തലങ്ങളിലുള്ള കാപട്യവും. വിശ്വാസ പ്രമാണങ്ങളെക്കുറിച്ച് ഇരുകൂട്ടരും വാതോരാതെ സംസാരിക്കുമെങ്കിലും അതിന്റെ അന്തസ്സത്ത കാറ്റില്‍ പറത്തുന്ന ജീവിതസമീപനങ്ങളാവും കപടവിശ്വാസികള്‍ കൈക്കൊള്ളുക.'' ശാ വലിയുല്ലാഹി അഭിപ്രായപ്പെടുന്നു.

സത്യസന്ധവും ഭക്തിസാന്ദ്രവുമായ, വൈജ്ഞാനിക സമൃദ്ധമായ, ആത്മീയ ചാരുതയേറിയ ജീവിതം കൊണ്ട് അബാലവൃദ്ധം ബസ്വറക്കാരുടെയും മനംകവരുവാന്‍ ഹസനുല്‍ ബസ്വരി(റ)യ്ക്ക് സാധിച്ചു. ഇതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു അദ്ദേഹത്തിന് ലഭിച്ച വമ്പിച്ച അന്ത്യോപചാരം. ഹിജ്റ 110ല്‍ ഒരു വെള്ളിയാഴ്ച ദിവസമാണ് ഹസനുല്‍ ബസ്വരി(റ) വിടപറഞ്ഞത്. ബസ്വ്റയില്‍ അധിവസിക്കുന്ന ജനതി ഒന്നടങ്കം ഹസനുല്‍ ബസ്വ്റിയുടെ അന്ത്യചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ അന്ന് ഹസനുല്‍ ബസ്വരി(റ)വിന്റെ വസതിയിലേക്ക് ഒഴുകിയെത്തി. അതിനാല്‍ ചരിത്രത്തിലാദ്യമായി ബസ്വ്റ നഗരത്തിലെ മുഖ്യമസ്ജിദില്‍ അസര്‍ നമസ്കാരത്തിന് ആളില്ലാതെ വരികയുണ്ടായി. തന്റെ വിഖ്യാതമായ ഗ്രന്ഥങ്ങളുടെയും അധ്യാപനങ്ങളുടെയും കെടാവിളക്കിന്റെ ശോഭയില്‍ ഇന്നും അദ്ദേഹം ജനമനസ്സുകളില്‍ ജീവിക്കുന്നു.