April 2010

whosonline
ഇപ്പോള്‍ 33 പേര്‍ രിസാല സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു

പരിത്യക്തന്, തൊണ്ണൂറ്റിയഞ്ച്

ലേഖനം/ കല്പന ശര്മ/ കെ സി ശൈജല്

ഇരട്ട അര്‍ഥങ്ങളുള്ള ഒരു നാമപദമാണ് മഖ്ബൂല്‍ ഫിദ ഹുസൈന്‍ എന്നത്. രാജാരവി വര്‍മയുടെ വിസ്മയിപ്പിക്കുന്ന ഫോട്ടോഗ്രാഫിക് യഥാതഥ രചനാ രീതിയില്‍നിന്നും വിഭ്രമാത്മകമായ ധൈഷണിക വിഭാവനകളിലേക്ക് ഇന്ത്യന്‍ ചിത്രകലയെ നവീകരിച്ചെടുത്ത മഹാനായ പ്രതിഭ; ലോകത്ത് ഏറ്റവുമേറെ അറിയപ്പെടുന്ന ചിത്രകാരാരിലൊരാള്‍. ഇതാണ് ആ പേരിന്റെ ഒന്നാമത്തെ അര്‍ഥം.

സര്‍ഗാത്മകമല്ലാത്ത, സഹൃദയത്വമില്ലാത്ത, ഹൃദയങ്ങള്‍ ആസുരമായി മാറിയ ഇന്‍ഡ്യന്‍ ഫാഷിസത്തിന്റെ രഥചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് പിടഞ്ഞ ഒരാള്‍! ആവിഷ്കാരസ്വാതന്ത്യ്രം പോയിട്ട് പിറന്ന മണ്ണില്‍ ജീവിക്കാനുള്ള സ്വാതന്ത്യ്രം പോലും നിഷേധിക്കപ്പെട്ട തൊണ്ണൂറ്റിയഞ്ച് വയസ്സുകാരനായ വന്ദ്യ വയോധികന്‍; ഇര-ഇതാണ് ആ പേരിന്റെ രണ്ടാമത്തെ അര്‍ഥം.

ഒരു മഹാ സെലിബ്രിറ്റിയുടെ വര്‍ണവെളിച്ചത്തില്‍ വിരാജിക്കുമ്പോഴും നിസ്സഹായനായ അഭയാര്‍ഥിയുടെ, പരിത്യക്തന്റെ, ഇരയുടെ വ്യഥിത ജീവിതം നയിക്കുക എന്ന വൈരുധ്യപൂര്‍ണമായ വിധിയെയാണ് ഇന്ത്യയില്‍ പിറന്ന ഏറ്റവും മഹാാരായ കലാകാരാരിലൊരാളായ എം എഫ് ഹുസൈന്‍ തന്റെ ജീവിതത്തിന്റെ സാന്ധ്യവേളയില്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. വളരെ സര്‍ക്കാസ്റിക് ആയ ഒരു ചിരിയില്‍, ഒരു വരയില്‍ അദ്ദേഹം തന്റെ ക്ഷുദ്രപരിസരങ്ങളെ പ്രശ്നവത്കരിക്കുമ്പോള്‍ നമ്മുടെ മതേതര ജനാധിപത്യ ആഘോഷങ്ങളുടെ കൊടി അല്‍പം താഴ്ത്തിക്കെട്ടുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ല.

എം എഫ് ഹുസൈന്‍ ഒറ്റപ്പെട്ട അധ്യായമല്ല. അസഹിഷ്ണുതയുടെ എണ്ണിയാല്‍ തീരാത്ത അധ്യായങ്ങളില്‍ ഒന്നു മാത്രമാണത്. അതിലെ ഏറ്റവും പുതിയ മറ്റൊരധ്യായമാണ് 'മൈ നെയിം ഈസ് ഖാന്‍' എന്ന കരണ്‍ ജോഹര്‍/ഷാറൂഖ് ഖാന്‍ സിനിമയുടെ പശ്ചാത്തലത്തില്‍ ബോംബെയില്‍ അരങ്ങേറിയത്. (സത്യത്തില്‍ ആ സിനിമ കണ്ട രാത്രി എനിക്ക് ശരിക്കുറങ്ങാന്‍ സാധിച്ചിരുന്നില്ല. ദുഃസ്വപ്നങ്ങള്‍ എന്നെ വേട്ടയാടുകയായിരുന്നു. ഇസ്ലാമോഫോബിയ ഒരു മനുഷ്യനെ/സമൂഹത്തെ എത്രമേല്‍ നിഷ്ഠൂരമായി മനുഷ്യന്റെ ഭ്രമണപഥത്തില്‍നിന്ന് അപഭ്രംശം ചെയ്യിക്കുമെന്ന് വിളിച്ചു പറയുന്ന ഒരു രാഷ്ട്രീയ പ്രസ്താവനയാണ് കരണ്‍ ജോഹറിന്റെ ശക്തവും മനോഹരവുമായ ആ സിനിമ. എന്നാല്‍ തികച്ചും ചലച്ചിത്രബാഹ്യമായ കാരണങ്ങളുടെ പേരിലാണ് ബാല്‍ താക്കറെയും കുട്ടിക്കുരങ്ങാരും തെരുവിലിറങ്ങിയത്. ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ പാക്കിസ്താനി ക്രിക്കറ്റര്‍മാരെ ബഹിഷ്കരിച്ചത് ശരിയായില്ലെന്നു പോലും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നില്ല. മറിച്ച് വളരെ വിനയപൂര്‍വം, പാക്കിസ്താനി ക്രിക്കറ്റര്‍മാര്‍ക്കു കൂടി ഐപിഎല്ലില്‍ അവസരം നല്‍കാമെന്ന ഒരഭിപ്രായപ്രകടനം മാത്രമേ അദ്ദഹം നടത്തിയിരുന്നുള്ളൂ. ക്രിക്കറ്റ് വാതുവയ്പ്പിന്റെ കറുത്ത ഇടനാഴികകളില്‍ കോടികള്‍ മറിച്ചുകൊണ്ട് അക്ഷരാര്‍ഥത്തില്‍ ഒത്തു കളിച്ചവരാണ്, മാതൃരാജ്യങ്ങളെയും ലോകത്തെയും നഗ്നമായി വഞ്ചിച്ചവരാണ് ഇരു രാജ്യങ്ങളിലെയും ഏതാനും ചില ക്രിക്കറ്റര്‍മാര്‍ എന്ന വസ്തുത തല്‍ക്കാലം നമുക്ക് മറക്കാം. ഷാരൂഖ് ഖാന്‍ 'മൈ നെയിം ഈസ് ഖാന്‍' എന്ന സിനിമയിലെ നായകന്‍ മാത്രമല്ല, ഐപിഎല്ലിനെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയുവാന്‍ അവകാശമുള്ള പന്ത്രണ്ട് ടീം മുതലാളിമാരില്‍ ഒരാള്‍ കൂടിയാണ് (കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ്) എന്ന വസ്തുതയും മറക്കാം. ഒരു ജനാധിപത്യ രാഷ്ട്രീയ ക്രമത്തില്‍ സ്വന്തം അഭിപ്രായം പറയുവാനുള്ള മിനിമം സ്വാതന്ത്യ്രം പോലും ഷാറൂഖിന് നിഷേധിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ചലച്ചിത്രത്തിനെതിരെ ശിവസേന എന്ന രാഷ്ട്രീയ കക്ഷിയും (വര്‍ഷങ്ങളോളം മഹാരാഷ്ട്ര ഭരിച്ച, ഇന്ത്യാമഹാരാജ്യത്തിന്റെ സ്പീക്കര്‍ പദവി കൈയാളിയ പാര്‍ട്ടിയാണിതെന്നോര്‍ക്കണം) ബാല്‍താക്കറെയും രംഗത്തെത്തിയതെന്നത് കണ്ടില്ലെന്നു നടിച്ചുകൂടാ. (പല്ലുകൊഴിഞ്ഞ ആ പാണ്ടന്‍നായയുടെ ശൌര്യം പണ്ടെപ്പോലെ ഫലിക്കുന്നില്ല എന്നത് വേറെ കാര്യമാണ്)

അസ്തിത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ റിസ്വാന്‍ഖാന്‍ (മൈ നെയിം ഈസ് ഖാനിലെ കഥാപാത്രം) എന്ന ഓട്ടിസം ബാധിച്ച സാധാരണക്കാരനായ ഇന്ത്യന്‍ മുസ്ലിം യുവാവ് അന്തിമവിജയം കൈവരിച്ച അതേനാളുകളില്‍തന്നെ മഖ്ബൂല്‍ ഫിദാ ഹുസൈന്‍ എന്ന അസാധാരണ പ്രതിഭ ഇന്ത്യന്‍ ഫാഷിസത്തോടേറ്റു മുട്ടി പിറന്ന മണ്ണും ആകാശവും ഉപേക്ഷിച്ച് പലായനം ചെയ്യുന്നതിനും നാം വേദനയോടെ സാക്ഷ്യം വഹിക്കേണ്ടി വന്നു. 'ഞാന്‍ എം എഫ് ഹുസൈന്‍ എന്ന തൊണ്ണൂറ്റിയഞ്ചു വയസ്സുകാരനായ ഇന്ത്യന്‍ വംശജന്‍, പെയിന്റര്‍, ഖത്തര്‍ പൌരത്വത്താല്‍ ആദരിക്കപ്പെട്ടിരിക്കുന്നു' എന്നാണ് തന്റെ അന്തിമ വിധിയെക്കുറിച്ച് ഹുസൈന്‍ പ്രതികരിച്ചത്. അപൂര്‍വമായി മാത്രമേ ഖത്തര്‍ വിദേശികള്‍ക്ക് പൌരത്വം നല്‍കി ആദരിക്കാറുള്ളൂ. എന്നാല്‍ ആ ആദരം ഏറ്റുവാങ്ങിക്കൊണ്ട് തന്റെ രാഷ്ട്രീയ അനാഥത്വം അവസാനിപ്പിക്കുവാന്‍ ഹുസൈന്‍ തീരുമാനിച്ചതോടെ അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൌരത്വം (ഇരട്ടപൌരത്വം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല.)നഷ്ടമാകുകയാണുണ്ടായത്.

2006ല്‍ സംഘ്പരിവാര്‍ ആക്രമണം ശക്തമായതോടെ ദുബൈയിലും ലണ്ടനിലുമായി കഴിഞ്ഞുവരികയായിരുന്നു ഹുസൈന്‍. ലോകത്തെവിടെയും അദ്ദേഹത്തിന് ഇക്കാലമത്രയും സ്വതന്ത്രമായി സഞ്ചരിക്കാമായിരുന്നു-ജദേശത്തൊഴികെ. ഇവിടെ നിയമത്തിന്റെ സാങ്കേതികത്വങ്ങളും ആള്‍ക്കരുത്തും ഉപയോഗിച്ച് ഹിന്ദുത്വഫാഷിസ്റ് ശക്തികള്‍ ഹുസൈനെയും അദ്ദേഹത്തിന്റെ രചനകളെയും വേട്ടയാടുമ്പോള്‍ നിസ്സഹായതയോടെ നോക്കിനില്‍ക്കുകയായിരുന്നു നമ്മുടെ ഭരണകൂടങ്ങള്‍. സുപ്രിംകോടതി പോലും ഇടപെട്ടുവെങ്കിലും എം എഫ് ഹുസൈന്റെ സര്‍ഗാത്മകസ്വാതന്ത്യ്രവും മനഃസമാധാനവും സംരക്ഷിക്കുന്നതില്‍ നമ്മുടെ ബിജെപി, കോണ്‍ഗ്രസ്സ് ഗവണ്‍മെന്റുകള്‍ ഒരേ പോലെ പരാജയപ്പെടുകയാണുണ്ടായത്. (തൊണ്ണൂറ്റഞ്ച് വയസ്സിലും കൂറ്റന്‍ കാന്‍വാസുകളില്‍ സര്‍റിയലിസ്റിക് കവിത ചമയ്ക്കുന്ന ഹുസൈനെ സംബന്ധിച്ചിടത്തോളം മനഃസമാധാനം എത്രമാത്രം പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ.)

1970 കളില്‍ ഹുസൈന്‍ ചെയ്ത ഒരു പെയിന്റിംഗില്‍ ഹിന്ദുദേവതകളെ അപഹസിക്കുന്നുവെന്നാരോപിച്ച് ഒരു ഹിന്ദിമാസിക 1996ല്‍ ലേഖനം പ്രസിദ്ധീകരിച്ചതോടെയാണ് ഇന്ത്യന്‍ഫാഷിസം ഹുസൈന്‍വേട്ട ആരംഭിക്കുന്നത്. അന്ന് തുടങ്ങിയ മതനിന്ദാരോപണങ്ങള്‍ ഏറ്റവുമൊടുവില്‍ ബോംബെ ഭീകരാക്രമണത്തെക്കുറിച്ച് അദ്ദേഹമിപ്പോള്‍ വരച്ചുകൊണ്ടിരിക്കുന്ന പെയിന്റിംഗിന്നെതിരില്‍ വരെ എത്തിനില്‍ക്കുന്നു. വിവിധ ഹിന്ദുത്വസംഘടനകള്‍ എംഎഫ് ഹുസൈനെ എത്രമേല്‍ വരിഞ്ഞുമുറുക്കിയെന്നറിയാന്‍ ഈയൊരൊറ്റ കാര്യം ശ്രദ്ധിച്ചാല്‍ മതി. രാജ്യത്തിന്റെ വിവിധ കോണുകളിലായി 900 കേസുകളാണ് ലോകത്തേറ്റവുമേറെ അറിയപ്പെടുന്ന, ഒരൊറ്റ പെയിന്റിംഗിന് തന്നെ കോടികള്‍ വിലയുള്ള ഈ ചിത്രകാരനെതിരെ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ ചിത്രപ്രദര്‍ശനങ്ങള്‍ക്കും ആ മനുഷ്യനു നേരെ തന്നെയും നിരവധി തവണ ഫാഷിസ്റ് കൈയേറ്റങ്ങളുണ്ടായിട്ടുണ്ട്.

"ഇന്‍ഡോറില്‍ കോടതിയില്‍ ഹാജരാകാന്‍ ചെന്ന എം എഫ് ഹുസൈനെ ഞാന്‍ അനുഗമിച്ചിരുന്നു. കോടതി വരാന്തയില്‍ വച്ച് പോലും ഭ്രാന്തമായി ഇളകി വരുന്ന ഫാഷിസ്റ് ആള്‍ക്കൂട്ടം എത്രമാത്രം ഭീകരതയും അക്രമവുമാണ് ആ മനുഷ്യനുമേല്‍ ചൊരിഞ്ഞതെന്നതിന് ഞാന്‍ സാക്ഷിയാണ്. പ്രവാസജീവിതത്തിനിടയില്‍ ആദ്യമായി ഇന്ത്യയിലേക്ക് വന്നപ്പോള്‍ ബോംബെയില്‍ അദ്ദേഹത്തെ സ്വീകരിക്കുവാന്‍ ഞാനും ചെന്നിരുന്നു. സ്വന്തംനാട്ടില്‍ എത്രമാത്രം അരക്ഷിതത്വവും അനിശ്ചിതത്വവുമാണ് ഈ ക്രിയേറ്റീവ് ജീനിയസ് അഭിമുഖീകരിക്കുന്നതെന്ന് അന്നും ഞാന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്.'' ദി ഹിന്ദു പത്രാധിപര്‍ എന്‍ റാം അനുസ്മരിക്കുന്നു. ഖജൂരാഹോയിലേതു പോലെ തുറന്ന ലൈംഗിക ചിത്രങ്ങള്‍/ശില്‍പങ്ങള്‍ കൊണ്ട് മതപരത കലയെ പുല്‍കുന്ന ഒരു നാട്ടില്‍നിന്നു തന്നെയാണ് അതേ നാട്ടിലെ ഏറ്റവും പ്രമുഖനായ കലാകാരന്‍ അതേ കുറ്റത്തിന്റെ പേരില്‍ അടിച്ചോടിക്കപ്പെടുന്നതെന്നത് എത്രമാത്രം വൈരുധ്യപൂര്‍ണവും ഖേദകരവുമായ വസ്തുതയാണെന്ന് എന്‍ റാം ചോദിക്കുന്നു.

ഇന്‍ഡ്യന്‍ നാഗരികതയുടെ സങ്കീര്‍ണവും മതേതരവുമായ മൂല്യങ്ങളോട് അഗാധമായി പ്രതിബദ്ധത പുലര്‍ത്തുന്ന കലാകാരനാണ് എം എഫ് ഹുസൈന്‍. ആധുനികതയുടെ, നവോത്ഥാനത്തിന്റെ, സഹിഷ്ണുതയുടെ അന്തസ്സാരമാണ് അദ്ദേഹത്തിന്റെ പ്രാണവായു. ആ മഹാപ്രതിഭയ്ക്കെതിരെ വാളോങ്ങുന്നവരുടെ ബുദ്ധിമാനം എത്രമാത്രം ദയനീയമാം വിധം താഴ്ന്നതായിരിക്കും!

ഖത്തര്‍ പൌരത്വം എം എഫ് ഹുസൈനും അദ്ദേഹത്തിന്റെ രചനകള്‍ക്കും അദ്ദേഹത്തിന്റെ അപാരമായ കലാപ്രതിഭക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ നാഗരികതക്കും ഉള്ള ആദരവാണ്; തര്‍ക്കമില്ല. അപ്പോഴും അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവുമേറെ മുറിവേല്‍പിക്കുന്ന കാര്യങ്ങളിലൊന്നാണ്.

മൈ നെയിം ഈസ് ഇന്ത്യ

ചെറിയ ചില പേരുകള്‍ ഉണ്ടാക്കിയ വലിയ കോലാഹലങ്ങള്‍കൊണ്ട് മുഖരിതമായിരുന്നു 2010 ഫെബ്രുവരിയിലെ മുംബൈ അന്തരീക്ഷം. ബിടി,എസ്എസ്, എംഎന്‍എസ്, എസ്ആര്‍കെ, എംഎന്‍ഐകെ എന്നിങ്ങനെ പോകുന്നു ആ ചെറിയ പേരുകള്‍. ഈ ചുരുക്കെഴുത്തുകളുടെ മുഴുവന്‍ പേരുകളെന്തെന്നറിയുമ്പോള്‍ -യഥാക്രമം ബാല്‍ താക്കറെ, ശിവ സേന, മഹാരാഷ്ട്ര നവ്നിര്‍മാണ്‍ സേന, ഷാറൂഖ് ഖാന്‍, മൈ നെയിം ഈസ് ഖാന്‍- അവയുണ്ടാക്കിയ പെരിയ കോലാഹലങ്ങള്‍ എന്തെന്നു കൂടി നാമറിയും. ബോംബെയില്‍ നിന്ന് ആ പനി ഇന്ത്യ മുഴുവന്‍ പടര്‍ന്നു പിടിച്ചപ്പോള്‍ ഒരൊറ്റ ചോദ്യമായിരുന്നു അന്തരീക്ഷത്തില്‍ ഉയര്‍ന്നു കേട്ടത്. 'മൈ നെയിം ഈസ് ഖാന്‍' റിലീസ് തടയാന്‍ ബാല്‍താക്കറെക്ക് സാധിക്കുമോ ഇല്ലയോ?

തങ്ങള്‍ക്കിഷ്ടപ്പെടാത്ത എന്തോ ഒന്ന് ഷാറൂഖ്ഖാന്‍ പറഞ്ഞിരിക്കുന്നു. ആ ഒരൊറ്റക്കാരണം കൊണ്ട് അയാളുടെ പുതിയ സിനിമ - മൈ നെയിം ഈസ് ഖാന്‍ പൊതുജനത്തിന് ആസ്വദിക്കുവാന്‍ കൊള്ളില്ല. തങ്ങളതിന് അനുവദിക്കുകയുമില്ല. ഇതായിരുന്നു താക്കറെയുടെയും ശിവസേനയുടെയും തുടക്കം മുതലേയുള്ള നിലപാട്. അവരൊരു നിലപാടെടുത്താല്‍ അതു തന്നെയാണ് മുംബൈയുടെ അവസാന തീര്‍പ്പ്. ദശകങ്ങളായി നിലനിന്നു വരുന്ന നാട്ടുമര്യാദയാണത്. സ്വാഭാവികമായും എസ്സാര്‍കെയുടെ പടം പെട്ടിയില്‍ത്തന്നെ കിടക്കും - എല്ലാവരും കരുതി.

പക്ഷേ ഇത്തവണ കാര്യങ്ങള്‍ ആകെപ്പാടെ കീഴ്മേല്‍ മറിഞ്ഞു. ബാല്‍താക്കറെയുടെ ഭീകരതക്ക് ഷാറൂഖ്ഖാന്റെ താരശോഭക്കു മുമ്പില്‍ പോലീസ് കാവല്‍ കൂടി ഏര്‍പ്പെടുത്തിയതോടെ ജനം തിയേറ്ററുകളിലേക്ക് ആര്‍ത്തിരച്ചെത്തി. ഫലം ഷാറൂഖ് ഇന്‍ താക്കറെ ഔട്ട്!

തങ്ങള്‍ ജയിച്ചുവെന്ന് ശിവസേന പറയുന്നു, ഗവണ്‍മെന്റും പറയുന്നു, ഷാറൂഖ് ഫാന്‍സും പറയുന്നു. സത്യത്തില്‍ ഇവരാരുമല്ല ജയിച്ചത്.

'ശിവസേനയെ'പ്പോലുള്ള വിഷജീവികള്‍ മാളത്തില്‍നിന്ന് പുറത്തിറങ്ങുന്ന ഘട്ടങ്ങളിലെല്ലാം ബോംബെ നഗരവാസികള്‍ ഭയചകിതരായി വീട്ടിന്റെ അകത്തളങ്ങളില്‍ അഭയം തേടാറായിരുന്നു കാലങ്ങളായി പതിവ്. രാഷ്ട്രീയ മൈലേജും മീഡിയാ ശ്രദ്ധയും ആഗ്രഹിക്കുന്ന ഘട്ടങ്ങളിലെല്ലാം ശിവസേനയും നവനിര്‍മാണ സേനയും മറ്റുംചെന്ന് കുതിര കയറാറുള്ള ടാക്സി ഡ്രൈവര്‍മാരെയും തെരുവ് കച്ചവടക്കാരെയും പോലുള്ള നിരപരാധികളും നിസ്സഹായരുമായ മനുഷ്യരുടെ അവകാശങ്ങളെച്ചൊല്ലി പ്രകടനം നടത്തുന്ന പതിവാകട്ടെ മുംബൈക്കാര്‍ക്കൊട്ടില്ല താനും. അത്തരമൊരു പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു സിനിമയ്ക്ക് പോകുന്നതുപോലും സ്വാഗതാര്‍ഹമായ ഒരു ധിക്കാരമായിത്തന്നെ വേണം കണക്കാക്കുവാന്‍.

ഓരോ ഇന്ത്യക്കാരനും ആലോചിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ട ഒരു വിഷയമാണ് 'മൈ നെയിം ഈസ് ഖാന്‍' വിവാദം. നമ്മുടെ ജനാധിപത്യക്രമത്തോട് അതിന് ചിലതു പറയാനുണ്ട്.

സ്വന്തം ജനാധിപത്യ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഒരുപാട് അഭിമാനിക്കുവാനും സന്തോഷിക്കുവാനും ഇന്ത്യക്ക് വകയുണ്ടെന്നും അജ്മല്‍ കസബിനെപ്പോലുള്ള ഒരാള്‍ക്കുപോലും ഇവിടെ നീതി തേടാന്‍ അവസരം ലഭിക്കുന്നുണ്ടെന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും ഈയിടെ മുംബെയില്‍ ഒരു സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് പ്രമുഖ പാക്കിസ്താനീ എഴുത്തുകാരന്‍ മുഹമ്മദ് ഹനീഫ് ചൂണ്ടിക്കാട്ടുകയുണ്ടായി. ഭീകരതയെ ഭീകരത കൊണ്ട് തന്നെ നേരിടണം എന്ന് സദസ്സില്‍ നിന്ന് അഭിപ്രായമുയര്‍ന്നപ്പോള്‍ പ്രതികരിക്കുകയായിരുന്നു മുഹമ്മദ് ഹനീഫ്. ഇന്ത്യക്കാര്‍ ഇത്തരത്തില്‍ സംസാരിക്കുവാന്‍ തുടങ്ങുകയാണെങ്കില്‍ അവര്‍ താലിബാനില്‍നിന്ന് ഏറെയൊന്നും വിഭിന്നരായിരിക്കില്ലെന്ന് അദ്ദേഹം മുന്നിയിപ്പു നല്‍കുകയും ചെയ്തു.

നൂറു ശതമാനം ശരിയായ ഒരു കാഴ്ചപ്പാടായിരുന്നു മുഹമ്മദ് ഹനീഫ് ഈ വാക്കുകളിലൂടെ മുന്നോട്ടുവച്ചത്. എന്നിട്ടും 'മൈ നെയിം ഈസ് ഖാന്റെ' പേരില്‍ അരങ്ങേറിയ ഉദ്വേഗങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം നമ്മുടെ രാജ്യത്തും താലിബാന്‍ ദൃഢപ്രതിഷ്ഠിതമായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ്. ആളുകള്‍ എന്തു പറയണം, ഏത് ഭാഷ സംസാരിക്കണം, ഏതു സിനിമ കാണണം. ഏതു കല ആസ്വദിക്കണം, ഏതു പുസ്തകങ്ങള്‍ വായിക്കണം എന്നു തുടങ്ങി എന്തു വസ്ത്രം ധരിക്കണം എന്നു വരെ അവര്‍ കല്‍പിക്കുകയാണ്. ഇത് ഇന്ത്യയാണോ? ഇതൊരു ജനാധിപത്യ വ്യവസ്ഥിതിയാണോ? എന്തുകൊണ്ട് ആളുകള്‍ കൈയും കെട്ടിയിരുന്ന് ഇത്തരം ഉത്തരവുകള്‍ ശിരസാവഹിക്കുന്നു? 1994നു ശേഷം ഒരു സംസ്ഥാന തെരഞ്ഞെടുപ്പു പോലും വിജയിക്കുവാന്‍ സാധിച്ചിട്ടില്ലാത്ത ഒരു പാര്‍ട്ടി എന്തുകൊണ്ട്, എങ്ങനെ ബോംബെ പോലൊരു മഹാനഗരത്തിന്റെ സാംസ്കാരികജീവിതം നിര്‍ണയിക്കുന്നു? ഇല്ലാത്ത പ്രശ്നങ്ങളില്‍ നിന്ന് ഇല്ലാത്ത പ്രശ്നങ്ങളിലേക്കുള്ള ഒരു യാത്രയാണോ ഈ നാടിന്റെ ചരിത്രം? നാം ഉണര്‍ന്നു ചിന്തിച്ചേ മതിയാവൂ.

മീഡിയയുടെ നോട്ടം, ഇല്ലാത്ത പ്രശ്നങ്ങളില്‍ കേന്ദ്രീകരിച്ച് നില്‍ക്കുമ്പോള്‍ ബോംബെ പോലുള്ള മഹാനഗരങ്ങളില്‍ അധിവസിക്കുന്ന ലക്ഷോപലക്ഷം നിസ്വരായ മനുഷ്യരെ ബാധിക്കുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ ആരാലും അഭിമുഖീകരിക്കപ്പെടാതെ ഓരംതള്ളി മാറ്റപ്പെടുകയാണ് ചെയ്യുന്നത്. ഉദാഹരണമായി നഗരത്തിലെ മഹാഭൂരിഭാഗം ജനങ്ങളും വേനല്‍ക്കാലം ചൂടായിത്തുടങ്ങും മുമ്പേ തന്നെ ആരംഭിച്ച കുടിവെള്ള വിതരണനിയന്ത്രണത്തില്‍ പൊറുതിമുട്ടുകയും ചേരികളിലെ സ്ത്രീകളും കുട്ടികളും സദാ അഴുക്കുവെള്ളം കുടിക്കുകയും ചെയ്യുന്ന അതേ സന്ദര്‍ഭത്തില്‍ തന്നെയാണ് സ്വിമ്മിങ്പൂളുകളോടു കൂടിയ സ്വകാര്യ അപ്പാര്‍ട്ടുമെന്റുകളുടെ പരസ്യവുമായി വന്‍കിട നിര്‍മാണക്കമ്പനികള്‍ രംഗത്തുവരുന്നത്. ഒരു കാലത്ത് നഗരത്തിന്റെ അഭിമാനമായിരുന്ന നെയ്ത്ത് മില്ലുകളില്‍ ജോലി ചെയ്തിരുന്നവര്‍ തൊഴില്‍രഹിതരായി, ജോലിയന്വേഷിച്ചു കാത്തിരിക്കുന്ന അതേ സന്ദര്‍ഭത്തില്‍ തന്നെയാണ് പൂട്ടിക്കിടക്കുന്ന തുണിമില്ലുകളുടെ കോമ്പൌണ്ടുകളില്‍ റിയല്‍എസ്റേറ്റ് ലോബി മണിമാളികകള്‍ പണിയുന്നത്. നഗരത്തിന്റെ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന നിര്‍ധനരായ ആളുകള്‍ സര്‍ക്കാറാശുപത്രികളില്‍ തിക്കിത്തിരക്കി വിയര്‍ത്തുകുളിച്ച് പ്രാഥമിക ഔഷധങ്ങള്‍ക്കു വേണ്ടി പെടാപ്പാട് പെടുന്ന അതേ സന്ദര്‍ഭത്തില്‍ തന്നെയാണ് സമ്പന്നരോഗികള്‍ക്കുവേണ്ടി മൂന്ന് റൂം സ്യൂട്ടോടു കൂടിയ പഞ്ചനക്ഷത്ര ആശുപത്രികള്‍ നഗരത്തില്‍ പൊട്ടി മുളയ്ക്കുന്നത്. നമ്മെ അവബോധത്തില്‍നിന്ന് അവബോധത്തിലേക്ക് ഉണര്‍ത്തിയെടുക്കുവാന്‍, ഏത് ദിശയിലേക്കാണ് നഗരത്തിന്റെ/രാജ്യത്തിന്റെ വികസന രേഖ സഞ്ചരിക്കുന്നതെന്ന് ചിന്തിപ്പിക്കുവാന്‍, പക്ഷേ ഈ വൈരുധ്യങ്ങള്‍ക്ക് സാധിക്കുന്നില്ലെന്ന് മാത്രം.

ഈ യഥാര്‍ഥ പ്രശ്നങ്ങള്‍ മുംബൈക്കാരെ മാത്രമല്ല, എല്ലാ ഇന്ത്യക്കാരെയും പിടിച്ചുലയ്ക്കേണ്ടതാണ്. അസമത്വം ആഘോഷിക്കുന്ന പാരിസ്ഥിതിക അസന്തുലനത്തിന് വഴിവയ്ക്കുന്ന, ആശയക്കുഴപ്പങ്ങള്‍ കൊണ്ട് പുകമറ സൃഷ്ടിക്കുകയും സ്വാര്‍ത്ഥതാത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു നിഷേധാത്മക വികസന സമ്പ്രദായമാണ് നമ്മുടെ നഗരങ്ങളില്‍ നിലനില്‍ക്കുന്നത്. ഈ വികസന പരിപ്രേക്ഷ്യത്തോട് നൈതികവും സമരോുഖവുമായ ഒരു നയസമീപനം നാം സ്വീകരിച്ചേ മതിയാവൂ. അതിന്റെ അപര്യാപ്തതയില്‍ നിന്നാണ് ഈ യഥാര്‍ഥ പ്രശ്നങ്ങള്‍ ഉയിര്‍ക്കൊള്ളുന്നത്.

പക്ഷേ ഫാഷിസത്തിന് വളരണമെങ്കില്‍ അന്തരീക്ഷം പ്രശ്നകലുഷിതമായി നിലനിന്നേ മതിയാവൂ. അതുകൊണ്ടുതന്നെ അവര്‍ എപ്പോഴും യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടുകയും ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയുമാണ് ചെയ്യുക. ഓര്‍ക്കുക; ഇത് തിരിച്ചറിയാത്തിടത്തോളം കാലം നാം തോറ്റു പോയ്ക്കൊണ്ടേയിരിക്കും.