ജോണ്‍ എബ്രഹാമിലെ കലാകാരനെ എന്തുചെയ്തു? -- സേതു/ ലുഖ്മാന്‍ കരുവാരക്കുണ്ട്
എഴുപതുകളില്‍ മലയാള സാഹിത്യത്തില്‍ ആധുനികത നിറഞ്ഞു നിന്ന കാലത്താണ് താങ്കളുടെ മിക്ക രചനകളും പുറത്തു വന്നത്. കാക്കനാടനും മുകുന്ദനുമൊക്കെ കൊണ്ടുവന്ന ആധുനികത പടിഞ്ഞാറന്‍ ചിന്തകളുടെ അനുകരണമായിരുന്നില്ലേ?
ആധുനികതയുടെ ഒരുപാട് അപഭ്രംശങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ആ കാലഘട്ടത്തില്‍ എഴുതിയിരുന്നുവെങ്കിലും നിരാശാബോധം, അസ്തിത്വവാദം തുടങ്ങിയ പടിഞ്ഞാറന്‍ ചിന്തകളുടെ കൂടെ പോയിട്ടില്ല. എനിക്കെന്നും ഒരു ഭാരതീയന്റെ, മലയാളിയുടെ മനസ്സായിരുന്നു.
മലയാള സാഹിത്യത്തില്‍ ടെക്നോളജിയുടെ സാധ്യതയെ ഏറ്റവുമധികം ഉപയോഗിപ്പെടുത്തിയ എഴുത്തുകാരനാണ് താങ്കള്‍. 'ഒരു ഡോട്കോം സന്ധ്യയില്‍' എന്ന കഥാസമാഹാരത്തില്‍ അത് കാണാവുന്നതാണ്.
ഞാന്‍ ടെക്നോളജിയെ പോസിറ്റീവായി എടുക്കുന്ന വ്യക്തിയാണ്. എന്റെ തലമുറയിലെ പല എഴുത്തുകാര്‍ക്കും കംപ്യൂട്ടര്‍ കൈകാര്യം ചെയ്യാനറിയില്ല, ഇമെയില്‍ അയക്കാനറിയില്ല. എനിക്ക് സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ട്-www.sethu.org . ഞാന്‍ തന്നെയാണതു നടത്തുന്നത്.
അടുത്ത കാലത്ത് വിവരസാങ്കേതിക വിദ്യയുടെ വലിയൊരു മുന്നേറ്റം നടന്നിട്ടുണ്ട്. അതോടെ മനുഷ്യര്‍ തമ്മില്‍ സംവാദത്തിനുള്ള ഇടങ്ങള്‍ കൂടുതല്‍ ലഭ്യമായിട്ടുണ്ട്. ഇപ്പോള്‍ സ്വന്തമായ ആശയം എഴുതാന്‍ പത്രാധിപരുടെ ദാക്ഷിണ്യം കാത്തിരിക്കേണ്ട ആവശ്യമില്ല. ബ്ളോഗുകളിലൊക്കെ മികച്ച രചനകള്‍ വരുന്നുണ്ട്. ഞാന്‍ ചിലതൊക്കെ ശ്രദ്ധിക്കാറുമുണ്ട്; പ്രത്യേകിച്ചും ഗള്‍ഫ് നാടുകളില്‍ തൊഴിലെടുക്കുന്ന ചെറുപ്പക്കാര്‍ ടെക്നോളജിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.
താങ്കള്‍ കണ്ട മുസ്ലിം ജീവിതങ്ങള്‍ എങ്ങനെ?
എനിക്കടുപ്പമുള്ള പല സുഹൃത്തുക്കളും മുസ്ലിംകളാണ്. വളരെ നല്ലവരാണവര്‍. പക്ഷേ, എന്റെ രചനകളില്‍ മുസ്ലിം കഥാപാത്രങ്ങള്‍ കൂടുതല്‍ വന്നിട്ടില്ല. കാരണം, ഞങ്ങളുടെ പ്രദേശത്ത് മുസ്ലിംകള്‍ കുറവാണ്. ഇനി, ഉള്ളവരുമായി വിശാലമായ സൌഹൃദം ഉണ്ടായിരുന്നെങ്കിലും എഴുത്തില്‍ ചിത്രീകരിക്കാന്‍ മാത്രം അനുഭവം എനിക്ക് കിട്ടിയിട്ടില്ല. 'മറുപിറവി'യില്‍ ആസാദ് എന്നൊരു കഥാപാത്രമുണ്ട്. അതെനിക്ക് പരിചയമുള്ള ഒരു മുസ്ലിം സുഹൃത്തിന്റെ ജീവിതമാണ്. അതു പോലെ 'കൈമുദ്രകള്‍' എന്ന നോവലില്‍ സലീം എന്നൊരു കഥാപാത്രമുണ്ട്. എം.ടിയുടെയും ഉറൂബിന്റെയുമൊക്കെ രചനകളില്‍ മുസ്ലിംകഥാപാത്രങ്ങള്‍ നിറഞ്ഞു നില്‍ക്കാന്‍ കാരണം അവര്‍ പൊന്നാനിയിലും പരിസരത്തുമൊക്കെ ജീവിച്ചു വളര്‍ന്നതു കൊണ്ടാണ്.
ദളിതെഴുത്ത്, പെണ്ണെഴുത്ത് തുടങ്ങിയ സംജ്ഞകളിലേക്ക് എഴുത്തിനെ വര്‍ഗീകരിക്കുന്നതിനോട് താങ്കള്‍ക്ക് യോജിപ്പുണ്ടോ?
ദളിതെഴുത്ത്, പെണ്ണെഴുത്ത് തുടങ്ങിയ പേരുകളില്‍ എഴുത്തിനെ വര്‍ഗീകരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാന്‍ സ്ത്രീകഥാപാത്രങ്ങളെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. പെണ്ണെഴുത്തുകാരികളെക്കാള്‍ പെണ്ണിനെ ഞാന്‍ ആവിഷ്കരിച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു ഉമ്മാച്ചു. അതെഴുതിയത് ഉറൂബ് ആണ്. പല പെണ്ണെഴുത്തുകാരികളും അത്ര ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയൊന്നും സൃഷ്ടിച്ചിട്ടില്ല.
ദളിതെഴുത്തിന് വേറൊരു തലത്തില്‍ പ്രസക്തിയുണ്ട്. നമ്മള്‍ അറിയാതെ പോകുന്ന ലോകത്തിന്റെ പ്രശ്നങ്ങള്‍, അതനുഭവിച്ചവര്‍ തന്നെ അവതരിപ്പിക്കുമ്പോള്‍ അവരുടെ വേവും നോവുമൊക്കെ നമ്മെ അലട്ടുന്നു. ഉദാഹരണത്തിന് ശരത്കുമാര്‍ ലിംബാളയുടെയൊക്കെ കഥകള്‍. മാത്രമല്ല, മുഖ്യധാരയില്‍ നിന്ന് പല കാരണങ്ങളാലും പുറന്തള്ളപ്പെട്ട ഇവര്‍ക്ക് കരുത്തു നേടാനും സാധിക്കും. എന്നാലും, അത് ദളിതെഴുത്ത് എന്ന ലേബലില്‍ പ്രചരിപ്പിക്കുന്നല്ലോ. അവരുടെ അനുഭവങ്ങള്‍ അവര്‍ തന്നെ ആവിഷ്കരിക്കണം അതിനെന്തിനാണൊരു വര്‍ഗീകരണം?
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് 'പച്ചക്കുതിര'യില്‍ ഒരു ആശങ്ക ഉന്നയിച്ചിരുന്നു. മുസ്ലിം കഥാപാത്രങ്ങളെ തനിമയോടെ ആവിഷ്കരിക്കുകയും ഹൈന്ദവ രാഷ്ട്രീയത്തെ തീവ്രമായി എതിര്‍ക്കുകയും ചെയ്യുന്നതു കൊണ്ട് മുഖ്യധാരയില്‍ നിന്ന് പറിച്ചു മാറ്റപ്പെടുമോ എന്ന ഭീതി?
അങ്ങനെയൊരു സാഹചര്യമുണ്ടോ? എഴുത്തുകാരന് സ്വന്തമായ നിലപാടുകളുണ്ടാവണം. നിലപാടുകളെക്കാള്‍ കൂടുതല്‍ താല്‍പര്യം എഴുത്തുകാരനെ ഭരിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. തുറന്നു പറയാനുള്ള ചങ്കൂറ്റം ഉണ്ടെങ്കില്‍ അതു ചെയ്യണം. അല്ലെങ്കില്‍ മിണ്ടാതിരിക്കണം.
മലയാള നോവലിനും ചെറുകഥക്കും, സവിശേഷമായ പ്രമേയങ്ങള്‍ കൊണ്ട് നവഭാവുകത്വം നല്‍കിയ കോവിലന്‍ ഒരു വര്‍ഷം മുമ്പാണ് അന്തരിച്ചത്. അരാജകത്വം ആഘോഷമാക്കി മാറ്റിയ അയ്യപ്പനും ഏതാണ്ടതേ കാലത്താണ് വിടപറഞ്ഞത്. പക്ഷേ, കോവിലന് കിട്ടാതെ പോയ മാധ്യമ ശ്രദ്ധ അയ്യപ്പന് ലഭിച്ചത് എന്തു കൊണ്ടാണ്. ജോണ്‍ എബ്രഹാമിന്റെ ലഹരിയില്‍ നിവര്‍ന്നു നില്‍ക്കുന്ന ഒരു ഫോട്ടോ പോലും പ്രസിദ്ധീകരിക്കാതെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്നു പുറത്തിറങ്ങാറില്ല. എന്തു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?
അരാജകത്വത്തെ മാധ്യമങ്ങള്‍ ആഘോഷിക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല. ജോണ്‍ എബ്രഹാം എന്റെ വലിയൊരു സുഹൃത്തായിരുന്നു. വലിയ കലാകാരനായിരുന്നു അദ്ദേഹം. ഋത്വിക്ഘട്ടിന്റെ അരുമ ശിഷ്യന്‍. പക്ഷേ, അദ്ദേഹത്തിനുള്ളിലെ കലാകാരനെ കാണാതെ അരാജകത്വത്തെ പ്രൊജക്ട് ചെയ്യുകയായിരുന്നു മാധ്യമങ്ങള്‍. അത് ജോണിനു തന്നെ വിനയായി. അയ്യപ്പന്‍ പ്രതിഭാശാലിയായ കവിയായിരുന്നു. എന്നാല്‍ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ അദ്ദേഹവും അരാജകത്വവാദിയായി. മാധ്യമങ്ങള്‍ അതാഘോഷിച്ചു. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അവരുടേതായ താത്പര്യങ്ങള്‍ കാണും. അതല്ലാതെ, പുതിയ തലമുറക്ക് ഒരു റോള്‍ മോഡല്‍ ആയി പറഞ്ഞു കൊടുക്കാന്‍ പറ്റിയ ആളുകളൊന്നുമല്ല ഇവര്‍.
അരാജകത്വം പോലെ തന്നെ മലയാളത്തില്‍ ആഘോഷിക്കപ്പെടുന്ന ഒന്നാണ് അശ്ളീലതയും. മലയാളത്തില്‍ വിവര്‍ത്തനങ്ങള്‍ അനേകം പുറത്തു വരുന്നുണ്ട്. പക്ഷേ, അധിക പുസ്തകങ്ങളുടെയും പ്രമേയം പോര്‍ണോഗ്രഫിയാണ്.
അലസമായ ആസ്വാദനത്തിന്റെ ഭാഗമാണത.് അത് മലയാളത്തില്‍ മാത്രമല്ല, ലോകത്തെ എല്ലാ ഭാഷകളിലുമുണ്ട്. അതിനെ നാം സീരിയസ്സ് ആയി കാണേണ്ടതില്ല. കാരണം, ഈ പോര്‍ണോഗ്രഫി എന്നൊക്കെ പറയുന്നത് ഒരു കാലത്ത് മാത്രമേ വായിക്കപ്പെടൂ. കുറച്ചു കഴിയുമ്പോള്‍ എല്ലാവര്‍ക്കും അത് മടുക്കും. അതിന് നില നില്‍പ്പില്ല.
ഇപ്പോള്‍ നമ്മുടെ കോളേജ് കാമ്പസുകളിലൊക്കെ മൊബൈല്‍ വഴിയാണ് സെക്സ് പ്രചരിപ്പിക്കുന്നത്. ടെക്നോളജിയുടെ ഏറ്റവും വലിയ അപകടമാണത്. അതിന് തടയിടാന്‍ സൈബര്‍ സെല്ലിനൊന്നും സാധ്യമാകും എന്ന് ഞാന്‍ കരുതുന്നില്ല. ആദ്യം നമ്മുടെ ഗൃഹാന്തരീക്ഷം നന്നാവണം. മാതാപിതാക്കള്‍ ചെറുപ്പം മുതലേ കുട്ടികള്‍ക്ക് നല്ല ശീലങ്ങള്‍ പകര്‍ന്നു കൊടുക്കണം.
ഇപ്പോള്‍ എനിക്കോര്‍മ്മ വരുന്നത് 1998ല്‍ നോബല്‍ സമ്മാനം നേടിയ പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ ജോസ് സരമാഗോയുടെ വാക്കുകളാണ്. 'ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ബുദ്ധിജീവി എന്റെ മുത്തച്ചന്‍ തന്നെയാണ്. കാരണം, അസാധാരണവും ഭ്രമാത്മകവുമായ കഥകള്‍ പറഞ്ഞ് അദ്ദേഹമാണ് എന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയത്' എന്ന്. നമ്മുടെ കുട്ടികള്‍ക്കു നിറമുള്ള ബാല്യകാലം നഷ്ടപ്പെടുകയല്ലേ ഇന്ന്?
കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് മാറിയപ്പോള്‍ കുടുംബ വ്യവസ്ഥയില്‍ സംഭവിച്ച പ്രശ്നമാണിത്. മാതാവും പിതാവും ജോലിക്ക് പോവുകയും കുഞ്ഞുങ്ങള്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ സ്നേഹം കിട്ടാതെ പോവുകയും ചെയ്യുന്ന അവസ്ഥ.
ഒരു മനുഷ്യന്റെ വളര്‍ച്ചയിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണ് കൌമാരകാലം. ആ കാലഘട്ടത്തിലാണ് കുട്ടികള്‍ക്ക് സ്നേഹം കൊടുക്കേണ്ടതും നന്നായി പരിപാലിക്കേണ്ടതും.
അവരുടെ സൃഷ്ടിപരമായ കഴിവുകള്‍ മാതാപിതാക്കള്‍ കണ്ടെത്തണം. അതിനെ പ്രോത്സാഹിപ്പിക്കണം. ഇന്നിപ്പോള്‍ കുട്ടികളെ ഡോക്ടറും എഞ്ചിനീയറും ആക്കാനുള്ള തിരക്കില്‍, അവര്‍ ചിത്രം വരക്കുമോ, പാട്ട് പാടുമോ എന്നൊന്നും ആരും ശ്രദ്ധിക്കുന്നില്ല. ബാല്യം ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നമ്മുടെ കുട്ടികള്‍ക്ക്.
പണ്ടൊക്കെ കൂട്ടുകുടുംബങ്ങളാണ്. അവിടെ മുത്തഛനും മുത്തശ്ശിയുമുണ്ടാകും. മുത്തഛന്റെ മടിത്തട്ടില്‍ നിന്ന് കുട്ടികള്‍ക്ക് കിട്ടുന്നത്, ധാര്‍മ്മിക ചിന്തകള്‍ ഉണര്‍ത്തുന്ന ഭാവനാത്മകമായ നാടോടിക്കഥകളും പുരാണകഥകളുമാണ്. ഇന്ന് കുട്ടികള്‍ ഭക്ഷണം കഴിക്കണമെങ്കില്‍ ടി വിയിലെ കാര്‍ട്ടൂണ്‍ കാണിച്ച് കൊടുക്കേണ്ട അവസ്ഥയാണ്.
സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചീഫ് കണ്‍ട്രോളര്‍ ആയിരുന്നല്ലോ താങ്കള്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഇക്കാലത്ത് ഇസ്ലാമിക് ബാങ്കിംഗ് തുടങ്ങാനുള്ള ആലോചനയിലാണ് നമ്മുടെ ഗവണ്‍മെന്റുകള്‍. താങ്കളുടെ അഭിപ്രായം?
അത് ഗള്‍ഫിലൊക്കെ വിജയകരമായി നടന്ന് വരുന്ന സംവിധാനമാണല്ലോ. നമ്മുടെ ഗവണ്‍മെന്റും അതേക്കുറിച്ച് ആലോചിക്കുന്നു എന്നത് ശുഭകരമാണ്. റിസര്‍വ്വ് ബാങ്കിന്റെയും ഗവണ്‍മെന്റിന്റെയുമൊക്കെ ഒരുപാടു നിയമങ്ങള്‍ക്കിടയില്‍ ഇസ്ലാമിക് ബാങ്കിംഗ് എങ്ങനെ നടപ്പിലാകും എന്നെനിക്കറിയില്ല. പലിശ നിരക്കൊക്കെ വല്ലാതെ കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് തീര്‍ച്ചയായും അത് ആരംഭിക്കുന്നത് നല്ലതാണ്.
ദൈവവിശ്വാസിയാണോ?
ഞാന്‍ മതവിശ്വാസിയാണ്. എന്നാല്‍ അമ്പലങ്ങളിലൊന്നും പോകാറില്ല. ലോകത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ 'പരമകാരുണികനായ അല്ലാഹു' എന്നൊക്കെ പറയുന്നത് പോലെ ഏതോ ഒരു സാന്നിദ്ധ്യം. പ്രത്യേകിച്ചും, എന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഏതോ വെളിച്ചം വന്ന് വീഴുന്നത് തോന്നിയിട്ടുണ്ട്. പിന്നെ ഈ പ്രാര്‍ത്ഥനയും ധ്യാനവുമൊക്കെ മനസ്സിനെയും ശരീരത്തെയും ശുദ്ധിയാക്കുന്നു.
അനുബന്ധങ്ങള്‍
